റവിയാണ് ഒന്നാമത്തെ മരണം. എല്ലാം മറന്ന ഒരാൾ എന്നേ മരിച്ചു കഴിഞ്ഞു. ഓർമ്മകളില്ലാത്ത, എന്നാൽ ജീവൻ ശേഷിക്കുന്ന ശരീരത്തെ ജീവിതമെന്ന് വിളിക്കാൻ കഴിയുമോ? ഉറങ്ങുന്ന ശരീരവും എല്ലാം മറക്കുന്ന ശരീരവും തമ്മിലുള്ള വ്യത്യാസം ഉറങ്ങുന്നയാൾക്ക് സ്വപ്നങ്ങളുണ്ട് എന്നതാണ്. സ്വപ്നങ്ങൾ ഓർമ്മകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങളാണ്.

To advertise here,

ഉർദു കവി ബഷീർ ബദ്ർ മേയ് ഇരുപത്തിയെട്ടാം തീയതി അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ലോകത്തെ അറിയിച്ചു, 'ബാപ്പ മരിച്ചു. ബാപ്പ നേരത്തേ മരിച്ചു. ബാപ്പ ഇന്ന് പിന്നെയും മരിച്ചു.'

തൊണ്ണൂറ്റിയൊന്നാം വയസ്സിൽ ബഷീർ ബദ്ർ മരിച്ചു. പത്തുകൊല്ലങ്ങളായി പൂർണ്ണമറവി എന്ന മഹാരോഗത്തിനടിമയായിരുന്നു അദ്ദേഹം. പണ്ടൊരിക്കൽ വായിച്ചതോർക്കുന്നു, പി. ഭാസ്‌കരൻ എഴുതിയ ഗാനം കവിയുടെ തൊട്ടുമുന്നിലിരുന്ന് എസ്. ജാനകി പാടിയപ്പോൾ കവി ചോദിച്ചത്രേ, 'ഇതാരെഴുതിയതാണെന്ന്'. ഉർദു കവി ബഷീർ ബദ്‌റിന്റെ മരണവാർത്തകളിലൂടെ പോയപ്പോൾ അവസാനകാലങ്ങളിൽ ഭാസ്‌കരൻ മാഷെ ബാധിച്ച മറവി ഓർമ്മയിലേക്ക് വന്നു.

എന്നാൽ, ബഷീർ ബദ്‌റിന്റെ ഓർമ്മകൾ ഭാസ്‌കരൻ മാഷിന്റെ ഓർമ്മകളായിരുന്നില്ല. രണ്ടുപേരും ജീവിച്ച ജീവിതങ്ങൾ രണ്ടായിരുന്നു, അതിനാൽ അവരുടെ മറവികളും രണ്ടാണല്ലോ. ശരീരത്തെ ഉപേക്ഷിച്ച ഓർമ്മകളാണ് മറവികൾ. മറവികൾ ഏത് മേഘത്തിലാണ് പുരാശേഖരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളത്

സിനിമകളിലും രാഷ്ട്രീയത്തിലും സാധാരണവ്യക്തികൾ ജീവിതസന്ദർഭങ്ങളിൽ കൈമാറുന്ന സന്ദേശങ്ങളിലും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട വരികൾ വടക്കേയിന്ത്യയിൽ ഒരുപക്ഷേ ബഷീർ ബദ്ർ എന്ന കവി എഴുതിയ ഈരടികളായിരിക്കണം. ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ച് പറയുമ്പോൾ ഹിന്ദി സിനിമയിൽ ദിലീപ് കുമാർ നർഗീസിനോട് ബദ്ർ പറഞ്ഞതു പറഞ്ഞു, പ്രണയത്തിന്റെ പൊള്ളലിനെക്കുറിച്ച് പറയുമ്പോൾ മാധുരി ദീക്ഷിത് ഷാറൂഖ് ഖാനോട് ബദ്ർ പറഞ്ഞതു പറഞ്ഞു, ഇന്ത്യ-പാകിസ്താൻ കരാർ ഒപ്പിടുമ്പോൾ ഷിംലയിൽ വെച്ച് പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോ ബദ്ർ പറഞ്ഞതു പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലും ബദ്ർ പറഞ്ഞതു പറഞ്ഞു. ആയിരക്കണക്കിന് മനുഷ്യർ അവരവരുടെ ജീവിതങ്ങളിലെ സങ്കീർണതകളെ പ്രകാശിപ്പിക്കുവാൻ സ്വന്തം ഭാഷയ്ക്ക് കെല്പില്ലാതെ വന്നപ്പോഴെല്ലാം ബദ്ർ എഴുതിയ ഈരടികൾ ചൊല്ലി. പ്രണയാഭ്യർത്ഥന അനുകമ്പാപൂർവം നിരസിക്കുവാൻ ഹിന്ദിമേഖലയിൽ ലിംഗഭേദമില്ലാതെ പറഞ്ഞുപോരുന്ന വരികളാണ്

അബ് തും മിലേംഗേ തോ കോയി ലോഗ് ബിച്ചഡ് ജായേംഗേ

ഇന്തസ്സാർ ഔർ കരോ മേരാ അഗ്ലെ ജനം കാ

'നമ്മൾ ഇപ്പോൾ ഒന്നിച്ചാൽ എത്രയോ ബന്ധങ്ങൾ തകരും

അതിനാൽ കാത്തിരിക്കൂ എന്റെ അടുത്ത ജന്മം വരെ'.

ബഷീർ ബദ്ർ ജനിച്ചത് 1935 ൽ അയോധ്യയിലായിരുന്നു. അന്ന് അയോധ്യയുടെ ഭൂപ്രദേശങ്ങൾ ബ്രിട്ടീഷ് അധീനതയിലുള്ള അവധ് പ്രവിശ്യയിലായിരുന്നു. അലിഗർ മുസ്ലിം സർവകലാശാലയിൽ നിന്നും ബിരുദവും ഡോക്ടറേറ്റും നേടി അദ്ദേഹം മീററ്റ് കോളജിൽ അധ്യാപകനായി. 1950കളിൽ തന്നെ ഉർദു കവിയെന്ന പേരിൽ ബഷീർ ബദ്ർ അറിയപ്പെട്ടുകഴിഞിരുന്നു. ബദ്ർ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്, അർത്ഥം പൂർണ്ണചന്ദ്രൻ.

ഉർദു കവിതകളും ഗസലുകളുമാണ് ബദ്‌റിനെ ഭാഷാപ്രണയികൾക്കും ജീവിതപ്രണയികൾക്കും പ്രിയങ്കരനാക്കിയത്. ജാതി-മത ഭേദമില്ലാതെ ജനസാമാന്യം അദ്ദേഹത്തിന്റെ വരികളെ സ്വന്തം ജീവിതങ്ങളെ നിർണയിക്കുവാനും നിർവചിക്കുവാനും വിനിമയം ചെയ്യാനും സ്വീകരിച്ചു. എന്നാൽ, 1987 എന്ന വർഷം ബഷീർ ബദ്‌റിനെ പിടിച്ചുലച്ചുകളഞ്ഞു. ഒരു തീപിടിത്തത്തിൽ അദ്ദേഹം അതുവരെ എഴുതിയതെല്ലാം, അദ്ദേഹത്തിന്റെ വലിയ പുസ്തകശേഖരത്തോടൊപ്പം ചാമ്പലായി. 350 പേരാണ് 1987ലെ മീററ്റ് കലാപത്തിൽ കൊല്ലപ്പെട്ടത്. ഹിന്ദുക്കൾ മുസ്ലിങ്ങളേയും മുസ്ലീങ്ങൾ ഹിന്ദുക്കളേയും കൊന്നു. പരസ്പരം വീടുകൾ കത്തിച്ചു. കലാപമുണ്ടാകാനുള്ള കാരണം അയോധ്യയിലെ അടഞ്ഞുകിടന്നിരുന്ന ബാബ്റി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തതായിരുന്നു. സ്വന്തം ഗ്രന്ഥാലയവും വീടും കവിതകളും കത്തിനശിച്ചപ്പോൾ ബഷീർ ബദ്ർ എഴുതിയ പ്രശസ്തമായ കവിതയിലെ ഏറ്റവും പ്രശസ്തമായ വരികളാണ്;

"ലോഗ് ടൂട് ജാത്തേ ഹേ
ഏക് ഘർ ബനാനെ മേ
തൂ തരസ് നഹീ ഖാത്തേ
ബസ്തിയാം ജലാനേ മേ"

'ഒരു വീടുപണിയുമ്പോൾ തന്നെ ആളുകൾ തകർന്നുപോകുന്നു

ജനപദങ്ങൾക്കു തീകൊളുത്തുമ്പോൾ നിങ്ങൾക്ക് ഒരു ദയയുമില്ലല്ലോ'

ഉത്തർ പ്രദേശിൽ ഹിന്ദുവും മുസ്ലീമും ഒരുമിച്ചു ജീവിച്ചുണ്ടാക്കിയ സംസ്‌കൃതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എത്ര പാണന്മാർ പാടിനടന്നതാണാ സ്‌നേഹഗാഥകൾ. മുസ്ലിം നെയ്ത വസ്ത്രമുടുക്കുന്നവരാണ് ഉത്തർ പ്രദേശിലെ എല്ലാ മന്ദിരങ്ങളിലേയും ഹിന്ദുദേവതകൾ. ഹിന്ദുവും മുസൽമാനും ഒരുമിച്ചപ്പോഴാണ് നെയ്ത്തുകാരനിൽ നിന്ന് വിശുദ്ധനായ കവി കബീർ ഉളവായത്.

'ഹരി ജീവിക്കുന്നു ഹിന്ദുവിൽ

റഹിം ജീവിക്കുന്നു മുസൽമാനിൽ

അറിയുന്നവനറിയാം രണ്ടും ഒരിടത്താണ് എന്ന്'.

വടക്കേയിന്ത്യയിലെ ഹിന്ദി മേഖലയിൽ കബീർ എന്ന വിത്ത് ആദ്യത്തെ മഴയിൽ ഇലപൊട്ടുന്ന അതിജീവനസംസ്‌കാരത്തിന്റെ ചിരഞ്ജീവിതമാണ്. ഏത് തീവ്രമതപക്ഷ രാഷ്ട്രീയപ്രേരണകളേയും അതിജീവിക്കുന്ന ബന്ധമാണ് ഹിന്ദുവും മുസൽമാനും തമ്മിൽ വടക്കേയിന്ത്യയിലുള്ളത് എന്നതിന്റെ ഗസൽ -സുഗമ ഗാന തെളിവാണ് ബഷീർ ബദ്ർ എന്ന കവിയുടെ ഈരടികളുടെ കാലാതീതമായ ജനകീയത.

1972 ജൂലായ് മാസത്തിലാണ് പാകിസ്താൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോ ഷിംലയിൽ എത്തിയത്. ഇന്ദിരാഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ബംഗ്ലാദേശ് വിമോചനത്തിൽ കലാശിച്ച ഇന്ത്യാ-പാക് യുദ്ധത്തിലെ പാകിസ്ഥാൻ തോൽവിയ്ക്കു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. രണ്ടു രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പിട്ടുകഴിഞ്ഞപ്പോൾ സുൾഫിക്കർ അലി ഭൂട്ടോ ചൊല്ലിയ രണ്ടു വരി കവിത ബദ്ർ എഴുതിയതായിരുന്നു:

ദുഷ്മനി ജം കർ കരോ ലേകിൻ യേ ഗുൻജായിശ് രഹേ

ജബ് കഭി ഹം ദോസ്ത് ഹോ ജായേ തോ ശർമിന്ദാ ന ഹോ

'ശത്രുവായി തുടരുമ്പോഴും (നമുക്കിടയിൽ) കുറച്ചിടം ബാക്കിവെച്ചേക്കണം

കാരണം എന്നെങ്കിലും നമ്മൾ ചങ്ങാതിമാരായാൽ ലജ്ജിക്കാനിടവരരുത്'

ആരോടെങ്കിലും പിണങ്ങി നിൽക്കുന്നവർ ഈ ലേഖനം വായിക്കുന്നുണ്ടെങ്കിൽ മുകളിൽ കൊടുത്ത ഈ വരികൾ ഒന്നുകൂടി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജീവിതത്തിൽ വിശ്വാസവഞ്ചന അനുഭവിച്ചവർക്കായി ബദ്ർ എഴുതിയ രണ്ടുവരികളുണ്ട്. ചതിച്ചയാളിന്റെ പക്ഷത്തുനിന്നു കൂടി ആലോചിക്കണമെന്ന് അവ നമ്മോടു പറയുന്നു:

‘‘കുച്ഛ് തോ മജ്ബൂരിയാ രഹി ഹോഗി

യൂ കോയി ബെവ്ഫാ നഹി ഹോതാ’’

'എന്തെങ്കിലും കാര്യമായത് സംഭവിച്ചിരിക്കും

അല്ലെങ്കിൽ ആർക്കും ഇങ്ങനെ അവിശ്വസ്തനാകാൻ കഴിയില്ല'

നമുക്കറിയാവുന്ന കാര്യങ്ങളാണ് ബഷീർ ബദ്ർ കവിതകളിലൂടെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ അങ്ങനെ പറയാനുള്ള ശേഷിയോ ധൈര്യമോ നമുക്കോ നമ്മുടെ ഭാഷയ്‌ക്കോ ഇല്ലാതെപോയി. അല്ലങ്കിൽ തന്നെ നമുക്കറിയാവുന്ന കാര്യങ്ങളാണല്ലോ നമുക്കപ്രാപ്യമായചിന്തയിലും ഭാഷയിലും കവികൾ പറയാറുള്ളത്.

‘‘മുസാഫിർ ഹേ ഹം ഭി മുസാഫിർ ഹോ തും ഭി

കിസി മോഡ് പർ ഫിർ മുലാകാത് ഹോഗി’’

ഇതിൽ കൂടുതൽ നന്നായി എങ്ങനെ ഒരാളെ നമുക്ക് യാത്രയയയ്ക്കാൻ സാധിയ്ക്കും?

‘‘ഞാനും യാത്രികൻ, നിങ്ങളും യാത്രികൻ

ഏതെങ്കിലും വഴിത്തിരിവിൽ വീണ്ടും കണ്ടുമുട്ടാതെ വരില്ല’’

ഡൽഹി നഗരത്തിൽ പുതിയ സുഹൃത്തുക്കൾ ഉണ്ടാകുമ്പോൾ ഞാൻ എപ്പോഴും ഓർക്കുന്ന ഒരീരടി ബദ്ർ പണ്ടെഴുതിയിട്ടുണ്ട്,

ആരെയെങ്കിലും കൂടുതൽ ഗാഢമായി ആലിംഗനം ചെയ്താൽ

അവർക്ക് നിങ്ങളെ ഹസ്തദാനം ചെയ്യാൻ കഴിയില്ലല്ലോ...

അതിനാൽ ഈ നഗരത്തിൽ ആളുകളെ ഒരകലത്തിൽ നിർത്തുക

1990 കളായപ്പോഴേക്കും ഗസലുകളുടെ സ്വഭാവത്തിൽ വ്യത്യാസം വന്നതോടെ ബഷീർ ബദ്‌റുടെ ഗസലുകൾ കുറഞ്ഞു എന്ന് ചില ചാരമോപചാരങ്ങളിൽ വായിച്ചു.

1935 മുതൽ 2026 വരെ നീണ്ട ബഷീർ ബദ്ർ എന്ന ജീവിതത്തിന്റെ അവസാനകാലം പൂർണമറവിയുടേതായിരുന്നു എന്നത് ഒരുപക്ഷേ ആ കവിജീവിതത്തിന്റെ ചരിത്രഭാഗം പോലെ തോന്നുന്നു. ബദ്‌റിനെ സൃഷ്ടിച്ച ഉത്തർ പ്രദേശ് മാറിപ്പോയെങ്കിൽ പിന്നെ ബദ്ർ എന്തിന് ഉണർന്നിരിക്കണം? എന്നാൽ, ഇന്നും ഹതാശയായ ഒരു കാമുകി രാത്രിയിൽ സുഹൃത്തിന് ബദ്‌റിന്റെ ഒരീരടി സന്ദേശമായി അയക്കുന്നുണ്ട് എങ്കിൽ, ഇനിയൊരിക്കലും കണ്ടുമുട്ടില്ല എന്നുറപ്പുണ്ടെങ്കിലും 'നാം യാത്രികരല്ലേ, ഏതെങ്കിലും ജീവിതത്തിരിവിൽ കണ്ടുമുട്ടും' എന്ന ശുഭാപ്തിയിൽ പിരിയുന്നുണ്ടെങ്കിൽ പൂർണചന്ദ്രനെപ്പോലെ ബഷീർ ബദ്ർ കാലയളവുകളിൽ നമ്മിൽ ഉദിച്ചുകൊണ്ടേയിരിക്കും. ജീവിതം അദ്ദേഹത്തോട് കരുണ കാണിച്ചില്ല എന്നാണദ്ദേഹം പറഞ്ഞത്, ലോകം കരുണ കാണിച്ചില്ല എന്നു പറഞ്ഞില്ല. ഈ വരികൾ നോക്കൂ:

‘‘ജീവിതമേ ഒരു കബറിനകത്തുള്ള സ്ഥലം പോലും നീയെനിക്ക് അനുവദിച്ചില്ല. കാലൊന്നു നിവർത്താൻ ശ്രമിച്ചപ്പോഴൊക്കെ എന്റെ തല ചുമരിൽ ഇടിയ്ക്കുന്നുണ്ടായിരുന്നു’’