അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ നടുക്കത്തില്‍നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല.  270-ലേറെ പേര്‍ മരിച്ചതായാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേർക്ക് ജീവൻ നഷ്ടമായി. വിമാനയാത്രികരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്, ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍. 

To advertise here,

Related News: 'ഗുഡ് ബൈ, ഇത് ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രി'; വിമാനദുരന്തത്തിൽ മരിച്ച വിദേശിയുടെ അവസാന പോസ്റ്റ്

അടിയന്തരവാതിലിന് (എമര്‍ജന്‍സി എക്‌സിറ്റ്) തൊട്ടടുത്തുള്ള 11 എ എന്ന സീറ്റിലായതിനാലാണ് താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതെന്നാണ് വിശ്വാസ് പറയുന്നത്. 27 കൊല്ലം മുൻപ് തായ്ലൻഡിൽ നടന്നൊരു വിമാനാപകടത്തിലും 11 എ സീറ്റിലെ യാത്രക്കാരൻ രക്ഷപ്പെട്ടിരുന്നു. തായ് നടനും ഗായകനുമായ റുവാങ്‌സാക് ലോയ്ചുസാക് ആയിരുന്നു ആ യാത്രികൻ. 

1998-ലാണ് റുവാങ്‌സാക് ലോയ്ചുസാക് മരണത്തെ കബളിപ്പിച്ചുകൊണ്ട് വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. തായ് എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റ് ടിജി261 എന്ന വിമാനം അപകടത്തില്‍ പെട്ടപ്പോഴാണ് വിശ്വാസ് രക്ഷപ്പെട്ടപോലെ റുവാങ്‌സാകും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അന്ന് ആ വിമാനത്തില്‍ താന്‍ ഇരുന്നത് 11 എ സീറ്റിലാണെന്ന് 47-കാരനായ റുവാങ്‌സാക് ഓര്‍ത്തെടുക്കുകയും ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് അവിശ്വസിനീയമായ സാമ്യത ലോകമറിഞ്ഞത്. 

Related News: 'ബോയിങ് വിമാനങ്ങൾ അപകടമുണ്ടാക്കും'; ദുരൂഹമായി കൊല്ലപ്പെടും മുമ്പ് മുൻ ജീവനക്കാരന്‍ വെളിപ്പെടുത്തിയത്

അന്ന് തന്റെ ബോര്‍ഡിങ് പാസ് നഷ്ടപ്പെട്ടെങ്കിലും പത്രവാര്‍ത്തകളില്‍ നിന്നാണ് സീറ്റ് നമ്പര്‍ അറിഞ്ഞതെന്ന് റുവാങ്‌സാക് പറയുന്നു. ഇത് തന്റെ രണ്ടാം ജന്മം എന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടശേഷം അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദുരന്തം റുവാങ്‌സാകിന്റെ മനസിന് ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നു. ആ സംഭവത്തിനുശേഷം പത്ത് വര്‍ഷത്തോളം അദ്ദേഹം വിമാനയാത്ര ചെയ്തിട്ടില്ല. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ അതിജീവിച്ചതിന്റെ 'കുറ്റബോധ'വും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. വര്‍ഷങ്ങളെടുത്താണ് റുവാങ്‌സാക് ഈ ട്രോമയില്‍ നിന്നെല്ലാം പുറത്തുവന്നത്. 

ടിജി261 ദുരന്തം

1998 ഡിസംബര്‍ 11. തായ് എയര്‍വെയ്‌സിന്റെ ടിജി261 എന്ന വിമാനം ബാങ്കോക്കിലെ ഡോണ്‍ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദക്ഷിണ തായ്ലൻഡിലെ സൂറത്ത് താനിയിലേക്ക് പോകുകയായിരുന്നു. എച്ച്എസ്-ടിഐഎ എന്ന രജിസ്‌ട്രേഷനിലുള്ള, എയര്‍ബസിന്റെ എ310-204 വിമാനമായിരുന്നു ഇത്. ലക്ഷ്യസ്ഥാനത്തിന് തൊട്ടരികിലെത്തിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. വിമാനത്താവളത്തിന് സമീപമുള്ള ചതുപ്പിലാണ് വിമാനം തകര്‍ന്നുവീണത്. 

Don't Miss: അവർ കുക്കിയും മെയ്തിയുമാണ്, വിമാനത്തിൽ ഒന്നിച്ച് ജീവിതം, ഒടുവിൽ മരണത്തിലും

അഹമ്മദാബാദ് അപകടത്തില്‍നിന്ന് വ്യത്യസ്തമായി സൂറത്ത് താനി വിമാനത്താവളത്തില്‍ പറന്നിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ലാന്‍ഡിങ്ങിന് ശ്രമിക്കവെ അഹമ്മദാബാദിലേതിന് സമാനമായി 'സ്റ്റാള്‍' ആയി. വിമാനത്തെ അന്തരീക്ഷത്തില്‍ ഉയര്‍ത്തിനിര്‍ത്തുന്ന ലിഫ്റ്റ് ബലം ഇല്ലാതാകുന്ന അവസ്ഥയാണ് സ്റ്റാളാകുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്റ്റാള്‍ ആയ തായ് വിമാനം ഉടന്‍ തകര്‍ന്നുവീഴുകയും 101 പേര്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ ആകാശദുരന്തമാണ് അഹമ്മദാബാദിലുണ്ടായത് എന്നതുപോലെ തായ്‌ലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനാപകടമായിരുന്നു ഇത്. ഹോങ്കോങ്ങില്‍ നിന്ന് ബാങ്കോക്കിലേക്ക് ഓസ്ട്രിയയിലെ വിയന്ന വഴി പോകുകയായിരുന്ന ലൗദ എയര്‍ ഫ്‌ളൈറ്റ് 004 ദുരന്തമാണ് തായ്‌ലാന്‍ഡ് കണ്ട ഏറ്റവും വലിയ ആകാശദുരന്തം. 1991 മേയ് 26-നുണ്ടായ ഈ അപകടത്തിൽ 213 യാത്രക്കാരും പത്ത് ജീവനക്കാരും ഉള്‍പ്പെടെ 223 പേരാണ് മരിച്ചത്. 

placeholder
TG-261
Photo: Facebook 

അപകടത്തെ കുറിച്ച് തായ്‌ലാന്‍ഡിന്റെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റി അന്വേഷണം നടത്തി. കമ്മിറ്റിയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. സൂറത്ത് താനി വിമാനത്താവളത്തില്‍ അന്ന് കനത്ത മഴയായിരുന്നു. ദൃശ്യതയും കുറവ്. ഈ സാഹചര്യത്തില്‍ വിമാനമിറക്കാനായി ടിജി261-ന്റെ പൈലറ്റുമാര്‍ മൂന്നുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പൈലറ്റുമാര്‍ പരിഭ്രാന്തിയിലായി. 

Also Read: തുടര്‍ച്ചയായ ആകാശദുരന്തങ്ങൾ; അഹമ്മദാബാദിലും പ്രതിക്കൂട്ടില്‍ ബോയിങ്, ഓഹരിവിപണിയിലും കനത്ത തിരിച്ചടി

പൈലറ്റുമാര്‍ പരിഭ്രാന്തരായതോടെ ഇവരെടുത്ത തീരുമാനങ്ങളിലും പിഴവുകളുണ്ടായി. രണ്ട് തവണ ലാന്‍ഡിങ് പരാജയപ്പെട്ടാല്‍ മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിഞ്ഞുപോകണമെന്നാണ് ചട്ടം. എന്നാല്‍ ടിജി 261-ന്റെ പൈലറ്റുമാര്‍ അത് ചെയ്തില്ല. 

വ്യോമയാനരംഗത്ത് സ്പാഷ്യല്‍ ഡിസോറിയന്റേഷന്‍ എന്നാണ് ഇവിടെ പൈലറ്റുമാര്‍ക്ക് സംഭവിച്ചതിനെ സാങ്കേതികമായി പറയുക. സ്പാഷ്യല്‍ ഡിസോറിയന്റേഷനുണ്ടായാല്‍ വിമാനം എങ്ങനെയാണ് ആകാശത്തുകൂടെ പോകുന്നതെന്നത് സംബന്ധിച്ച് പൈലറ്റിന് ഒരുധാരണയുമുണ്ടാകില്ല. ഇതോടെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ പൈലറ്റിന് സാധിക്കാതെ വരും.