പ്രണയബന്ധങ്ങളിലോ ദാമ്പത്യത്തിലോ പരസ്പര വിശ്വാസവും സുരക്ഷിതത്വബോധവും എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ചിലരെ പങ്കാളിയുമായി എത്ര നല്ല ബന്ധമുണ്ടെങ്കിലും മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ എപ്പോഴും പ്രണയം നഷ്ടപ്പെടുമോ എന്ന ഭയം വേട്ടയാടിക്കൊണ്ടേയിരിക്കും. പങ്കാളിയിൽ നിന്നുള്ള ഒരു സന്ദേശം അല്പം വൈകിയാൽ, അല്ലെങ്കിൽ സംസാരത്തിലെ ശബ്ദവ്യതിയാനത്തിൽ ചെറിയൊരു മാറ്റം വന്നാൽ പോലും വലിയ രീതിയിൽ ആശങ്കാകുലരാകുന്ന സ്വഭാവം ചിലരിലുണ്ട്. ഇതിനെ 'ആങ്ഷ്യസ് അറ്റാച്ച്മെന്റ് ' (Anxious Attachment) എന്നാണ് വിളിക്കുന്നത്.
സ്‌നേഹിക്കപ്പെടാൻ താൻ അർഹനല്ലെന്നോ അല്ലെങ്കിൽ പങ്കാളി എപ്പോൾ വേണമെങ്കിലും തന്നെ ഉപേക്ഷിച്ചു പോയേക്കാമെന്നോ ഉള്ള ഭയമാണ് ഈ സ്വഭാവരീതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത് വ്യക്തിപരമായ ഒരു പോരായ്മയോ സ്‌നേഹകൂടുതൽ കൊണ്ടുള്ള കുറ്റമോ അല്ല; മറിച്ച് വൈകാരികമായ അനിശ്ചിതത്വങ്ങളോട് മനസ്സു കാണിക്കുന്ന ഒരു പ്രതികരണമാണ്.'അറ്റാച്ച്‌മെന്റ് ശൈലികൾ കുട്ടിക്കാലത്ത് തന്നെ വികസിക്കുന്നു.ഇത് ടോക്‌സിക്കായ ബന്ധങ്ങൾക്കും അനാരോഗ്യകരമായ പെരുമാറ്റങ്ങൾക്കും കാരണമാകുവെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ട്രേസി കിംഗ് പറയുന്നു. നിങ്ങളുടെ പെരുമാറ്റത്തിലും ബന്ധങ്ങളിലും ഇത്തരം ഉത്കണ്ഠകൾ പ്രകടമാകുന്നുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
പെരുമാറ്റത്തിലെ കൊച്ചു മാറ്റങ്ങൾ പോലും വലിയ വിഷമമുണ്ടാക്കുന്നു
സാധാരണയായി ഉച്ചഭക്ഷണ സമയത്ത് സന്ദേശമയക്കുന്ന പങ്കാളി ഒരു ദിവസം അത് ചെയ്തില്ലെങ്കിലോ, അല്ലെങ്കിൽ സംഭാഷണത്തിനിടയിൽ പതിവ് സ്‌നേഹ പ്രകടനങ്ങളോ ഇമോജികളോ ഉപയോഗിച്ചില്ലെങ്കിലോ ആങ്ഷ്യസ് അറ്റാച്ച്മെന്റുള്ള വ്യക്തികൾക്ക് അത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു. പങ്കാളിക്ക് തിരക്കായിരിക്കും എന്ന ലളിതമായ ചിന്തയ്ക്ക് പകരം, തങ്ങളോട് അവർക്ക് താല്പര്യം കുറഞ്ഞോ അല്ലെങ്കിൽ തങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടാണോ അവർ ഇങ്ങനെ പെരുമാറുന്നത് എന്ന രീതിയിലേക്ക് ഇവരുടെ ചിന്തകൾ പെട്ടെന്ന് വഴിമാറുന്നു. പെരുമാറ്റത്തിലെ ചെറിയ അനിശ്ചിതത്വങ്ങളെപ്പോലും ഒരു വലിയ പ്രശ്‌നമായി മനസ്സ് തെറ്റായി ചിത്രീകരിക്കുന്നതാണ് ഇവിടെ പ്രധാന വില്ലനാകുന്നത്.
നിരന്തരമായ ഉറപ്പുവരുത്തലുകൾ ആവശ്യപ്പെടുക
പങ്കാളിക്ക് തങ്ങളോട് സ്‌നേഹമുണ്ടെന്ന് യുക്തിപരമായി അറിയാമെങ്കിലും, അത് വീണ്ടും വീണ്ടും കേൾക്കാൻ ഇത്തരക്കാർ ആഗ്രഹിക്കുന്നു. 'നമ്മൾ തമ്മിൽ കുഴപ്പമൊന്നുമില്ലല്ലോ?', 'നിനക്ക് എന്നെ ഇപ്പോഴും അത്രയും ഇഷ്ടമാണോ?', 'എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?' എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരം ചോദിച്ചുകൊണ്ട് മനസ്സിന്റെ ഭയത്തെ ശമിപ്പിക്കാൻ ഇവർ ശ്രമിക്കുന്നു. പങ്കാളി നൽകുന്ന ഉറപ്പുകൾ താത്കാലിക ആശ്വാസം നൽകുമെങ്കിലും, കുറച്ചു സമയത്തിനുശേഷം വീണ്ടും ഉത്കണ്ഠ മനസ്സിനെ കീഴടക്കുകയും പഴയ ചോദ്യങ്ങൾ ആവർത്തിക്കാൻ ഇവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തത്ഫലമായി, ബന്ധത്തിൽ ശാശ്വതമായ ഒരു സുരക്ഷിതത്വബോധം അനുഭവിക്കാൻ ഇവർക്ക് സാധിക്കാതെ വരുന്നു.
അമിതമായി വിശകലനം ചെയ്യൽ
പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന മൗനമോ മറുപടിയുടെ കാലതാമസമോ വലിയ രീതിയിലുള്ള ചിന്താക്കുഴപ്പങ്ങൾക്ക് വഴിതുറക്കുന്നു. ഒരു മെസ്സേജിന് കൃത്യസമയത്ത് മറുപടി ലഭിച്ചില്ലെങ്കിൽ ഇവർ പങ്കാളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ വിവരങ്ങൾ പരിശോധിക്കാനും മുൻപ് അയച്ച സന്ദേശങ്ങൾ വീണ്ടും വീണ്ടും വായിച്ചുനോക്കാനും തുടങ്ങുന്നു. താൻ അയച്ച സന്ദേശത്തിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് സ്വയം കുറ്റപ്പെടുത്തുന്ന രീതിയും കാണാറുണ്ട്. പങ്കാളിയിൽ നിന്നുള്ള മൗനത്തിന്റെ കാരണം അറിയാത്ത അവസ്ഥ ഇവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായതിനാൽ, സാധാരണമായ ഒരു ഇടവേളയെപ്പോലും ഇവർ സ്‌നേഹനിഷേധമായി തെറ്റിദ്ധരിക്കുന്നു.
മറ്റൊരാൾ പകരം വരുമെന്നോ ഉപേക്ഷിക്കപ്പെടുമെന്നോ ഉള്ള ഭയം
ബന്ധത്തിൽ പ്രത്യക്ഷത്തിൽ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെങ്കിൽ പോലും, പങ്കാളി എന്ന് വേണമെങ്കിലും തന്നെ ഉപേക്ഷിച്ചു പോകാം എന്ന ചിന്ത ഇത്തരക്കാരുടെ മനസ്സിൽ എപ്പോഴുമുണ്ടാകും. പങ്കാളിയുടെ സുഹൃത്തുക്കളോടോ, സഹപ്രവർത്തകരോടോ, പൂർവ്വ കാമുകീ കാമുകന്മാരോടോ തങ്ങളെ സ്വയം താരതമ്യം ചെയ്യുക എന്നത് ഇവരുടെ രീതിയാണ്. മറ്റൊരാൾക്ക് തങ്ങളേക്കാൾ മികച്ച രീതിയിൽ പങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയുമെന്നും, വൈകാതെ പങ്കാളി അത് തിരിച്ചറിഞ്ഞ് ഇറങ്ങിപ്പോകുമെന്നും ഇവർ ഭയപ്പെടുന്നു. യഥാർത്ഥത്തിൽ ബന്ധത്തിന്റെ പ്രശ്‌നങ്ങൾ കൊണ്ടല്ല, മറിച്ച് മനസ്സിനുള്ളിലെ ഭയത്തിന്റെ വ്യാപ്തി വലുതായതുകൊണ്ടാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നത്.
സമയവും ഇടവും നൽകാനുള്ള ബുദ്ധിമുട്ട്
പ്രിയപ്പെട്ടവരിൽ നിന്നുള്ള അകലം ഇവർക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. പങ്കാളിക്ക് സ്വന്തമായി കുറച്ചു സമയം വേണമെന്ന് ആവശ്യപ്പെടുമ്പോൾ, അവർ തങ്ങളിൽ നിന്ന് അകലുകയാണെന്ന് ഇവർ പെട്ടെന്ന് ചിന്തിക്കുന്നു. ബന്ധത്തിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടാകുമ്പോൾ അത് ആ നിമിഷം തന്നെ പരിഹരിക്കണമെന്ന് ഇവർ ശാഠ്യം പിടിക്കുന്നു. പങ്കാളി ശാന്തനാകുന്നതുവരെയോ സംഭാഷണത്തിലേക്ക് തിരിച്ചെത്തുന്നതുവരെയോ കാത്തിരിക്കുക എന്നത് ഇവർക്ക് അസാധ്യമായി തോന്നും. ഇവിടെ നിരന്തരമായ ശ്രദ്ധയേക്കാൾ ഉപരി, തങ്ങളുടെ ബന്ധം സുരക്ഷിതമാണെന്ന ഉറപ്പാണ് ഇവർ യഥാർഥത്തിൽ ആഗ്രഹിക്കുന്നത്.
ആങ്ഷ്യസ് അറ്റാച്ച്മെന്റ് എന്നത് മാറ്റിയെടുക്കാൻ കഴിയാത്ത ഒരു വ്യക്തിത്വ വൈകല്യമല്ല. സ്വന്തം ഉത്കണ്ഠകളെ തിരിച്ചറിയുകയും, പങ്കാളിയോട് തുറന്നു സംസാരിക്കുകയും ചെയ്യുന്നതിലൂടെ ബന്ധങ്ങളിൽ കൂടുതൽ സുരക്ഷിതത്വവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ കഴിയും. പങ്കാളിയുമായുള്ള തുറന്ന ആശയവിനിമയവും സ്വയം സ്‌നേഹിക്കാൻ പഠിക്കുന്നതും ഇത്തരം ആശങ്കകളെ അതിജീവിക്കാൻ ഏറെ സഹായിക്കും.
Content Highlights: Explains what anxious attachment means in romantic relationships., Highlights 5 key behavioral signs of relationship insecurity., Offers insights from clinical psychologists on overcoming abandonment fears.
Published: 26 Sept 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented