
ഫ്ലോറിഡ: ടെക്സസിലെ ആസ്റ്റിനിൽനിന്ന് ബഹാമാസിലേക്ക് ഒമ്പത് യാത്രക്കാരുമായി പറന്ന ലിയർജെറ്റ് 60 സ്വകാര്യവിമാനം ഞായറാഴ്ചയാണ് പാം ബീച്ച് കൗണ്ടിയിലെ ക്രസ്റ്റ്ഹേവൻ നെബർഹുഡിന് സമീപം തകർന്നുവീണത്. അപകടത്തിൽ ഒൻപത് പേരും കൊല്ലപ്പെട്ടു. സംഭവത്തിൽ, അപകടത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും നിഗമനങ്ങളും ചർച്ചയാകുകയാണ്.
തിരക്കേറിയ റോഡിനും വീടുകൾക്കും തൊട്ടടുത്തായാണ് വിമാനം തകർന്നുവീണത്. ഇതിനെത്തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. അപകടസ്ഥലത്തുനിന്ന് കനത്ത പുക ഉയർന്നു. റോഡരികിൽ കത്തിയമർന്ന അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. എന്നാൽ, വിമാനയാത്രക്കാർക്കല്ലാതെ മറ്റാർക്കും അപകടം പറ്റിയിട്ടില്ലെന്ന് ഫ്ലോറിഡ ഗവർണർ സ്ഥിരീകരിച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിസോർട്ടായ മാർ-എ-ലാഗോയിൽനിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് 35,000 അടി ഉയരത്തിൽ സഞ്ചരിക്കവേ, അന്തരീക്ഷത്തിൽ മർദത്തിൽ ചെറിയ വ്യതിയാനങ്ങളും നേരിയ തോതിൽ മഞ്ഞ് കട്ടപിടിക്കലും നേരിടുന്നതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. വിമാനത്തിന് പുറത്തെ താപനില മൈനസ് 47 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്നും സുരക്ഷിതമായ പാത തേടി 37,000 അടിയിലേക്ക് ഉയരാൻ അനുവാദം വേണമെന്നും ക്രൂ അഭ്യർഥിച്ചിരുന്നു.
മേഖലയിലുണ്ടായ തീവ്രമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റാണ് വിമാനത്തിന് പെട്ടെന്ന് ഭീഷണിയായതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രാഥമിക വിലയിരുത്തൽ. അപകട സമയത്ത് 20 മിനിറ്റിനുള്ളിൽ മേഘങ്ങളുടെ ഉയരം 33,000 അടിയിൽനിന്ന് 48,300 അടിയോളം പെട്ടെന്ന് ഉയർന്നിരുന്നു. ഇത്തരത്തിലുള്ള അന്തരീക്ഷ വ്യതിയാനങ്ങൾ തണുത്ത ജലകണങ്ങളെ ഉയർന്ന തലങ്ങളിലേക്ക് തള്ളുകയും അത് വിമാനത്തിന്റെ ചിറകുകളിൽ ഉറഞ്ഞുകൂടുകയും ചെയ്യുന്നത് വിമാനത്തിന്റെ എയറോഡൈനാമിക് ശേഷിയെയും നിയന്ത്രണ സംവിധാനങ്ങളെയും തകരാറിലാക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
അപകട നിമിഷങ്ങളിലെ എടിസി റേഡിയോ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. 41,000 അടി ഉയരത്തിൽ എത്തിയ ശേഷമാണ് വിമാനം പെട്ടെന്ന് കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയത്. ‘മെയ്ഡേ, മെയ്ഡേ... ഞങ്ങൾ മിനിറ്റിൽ 10,000 അടി വേഗതയിൽ താഴേക്ക് പതിക്കുകയാണ്’ എന്ന് പൈലറ്റ് റേഡിയോയിലൂടെ അറിയിച്ചു. തുടർന്ന് വിമാനത്തിന്റെ വേഗപരിധി അനിയന്ത്രിതമാകുകയും താഴേക്ക് പതിക്കുന്ന വേഗത മിനിറ്റിൽ 20,000 അടി മുതൽ 32,000 അടിക്കും മുകളിലേക്ക് ഉയരുകയും ചെയ്തു. കോക്ക്പിറ്റിൽനിന്ന് ‘ഞങ്ങൾക്ക് ഇനി സമയമില്ല’ എന്ന പൈലറ്റിൻ്റെ വാക്കുകൾക്ക് പിന്നാലെ വിമാനം 60 ഡിഗ്രി ചരിഞ്ഞ് കുത്തനെ നിലത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തിന് പിന്നിൽ മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയുമാണോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണോ എന്നതിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും എഫ്‌എഎയും അന്വേഷണം നടത്തിവരികയാണ്. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ, മെയിന്റനൻസ് രേഖകൾ, വെതർ റഡാർ എന്നിവ സമഗ്രമായി പരിശോധിച്ചശേഷമേ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Content Highlights: A Learjet 60 private plane carrying nine passengers crashed en route from Texas to the Bahamas., Pilots reported severe turbulence, ice accumulation, and requested altitude changes before the crash., Meteorologists note sudden thunderstorm activity and supercooled water droplets as potential factors., ATC audio reveals a rapid descent of up to 32,000 feet per minute before the tragedy., NTSB and FAA are thoroughly investigating flight data, maintenance logs, and weather radar.
Published: 02 Nov 2026, 02:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented