ഒരുപിടി നല്ല ഓര്‍മ്മകളുമായി മടങ്ങാനാണ് ലണ്ടനില്‍ നിന്നുള്ള ജാമി മീക് ഇന്ത്യയിലെത്തിയത്. യോഗ ഏറെ ഇഷ്ടമുള്ള ജാമിക്ക് ഇന്ത്യ സമ്മാനിച്ചത് മനോഹരമായ അനുഭവങ്ങളാണ്. അതെല്ലാം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വിശേഷങ്ങള്‍ നാട്ടിലുള്ളവരോട് പങ്കുവെക്കാനുള്ള ആവേശത്തോടെയാണ് ജാമി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള വിമാനം കയറിയത്. എന്നാല്‍ അത് തന്റെ അവസാനയാത്രയായിരുന്നുവെന്ന് ജാമി അറിഞ്ഞിരുന്നില്ല. 

To advertise here,

ജീവിതപങ്കാളിയായ ഫിയോഞ്ജല്‍ ഗ്രീന്‍ലോ മീക്കും ജാമിക്കൊപ്പമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചാണ് ഇന്ത്യന്‍ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്നത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയോട് യാത്ര പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 'ഗുഡ് ബൈ ഇന്ത്യാ' എന്നാണ് അതില്‍ അദ്ദേഹം പറഞ്ഞത്. 

'ഇതാണ് ഇന്ത്യയിലെ നമ്മുടെ അവസാനത്തെ രാത്രി' എന്ന് മറ്റൊരു വീഡിയോയില്‍ ഫിയോഞ്ജല്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് കിട്ടിയത് മാന്ത്രികമായൊരു അനുഭവമാണെന്നും അത് മനസിന് കുളിര്‍മയേകുന്നതാണെന്നും അവര്‍ പറയുന്നുണ്ട്. അതെല്ലാം ഉള്‍പ്പെടുത്തി വ്‌ളോഗ് ഉണ്ടാക്കണമെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ആ ആഗ്രഹം സാധിക്കാന്‍ വിധി അവരെ അനുവദിച്ചില്ല. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

സീറ്റ് നമ്പര്‍ 11 എ-യിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണെന്ന് ഗുജറാത്ത് പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക് പറഞ്ഞു. മുപ്പത്തെട്ടുകാരനായ രമേഷ് അപകടത്തിന് പിന്നാലെ എമര്‍ജന്‍സി എക്‌സിറ്റിലൂടെയാണ് പുറത്തുകടന്നത്. ശേഷം, രമേഷ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നതിനാല്‍ ഒട്ടേറെ യുവ ഡോക്ടര്‍മാര്‍ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഇവരില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.