മുഖത്തെ ചുളിവുകൾ മാറ്റാനും ചർമത്തിന്റെ യൗവനം നിലനിർത്താനും ബോട്ടോക്സ് ഇൻജക്ഷനുകൾ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ, മുഖത്തിന് നൽകിയിരുന്ന ഈ ബോട്ടോക്സ് ചികിത്സ ഇപ്പോൾ കാലുകളിലേക്ക് എത്തിയിരിക്കുകയാണ്. 'ഫൂട്ട് ബോട്ടോക്സ്എന്ന പേരിൽ അറിയപ്പെടുന്ന ഈ സൗന്ദര്യാചികിത്സാരീതിക്ക് വൻ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.എന്തുകൊണ്ടാണ് ആളുകൾ കാലുകളിൽ ബോട്ടോക്സ് ഇൻജക്ട് ചെയ്യുന്നത്, ഇതിന്റെ ആരോഗ്യപരമായ വശങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കോസ്മെറ്റോളജിസ്റ്റ് ഡോ.ഹുമ ഷെയ്ഖ് പറയുന്നതിങ്ങനെയാണ്.

To advertise here,

എന്താണ് 'ഫൂട്ട് ബോട്ടോക്സ് ?

കാലുകളുടെ അടിഭാഗത്തും ഉപ്പൂറ്റിയിലും വിരലുകൾക്കിടയിലും ബോട്ടോക്സ് ഇൻജക്ഷൻ നൽകുന്ന രീതിയാണിത്. പ്രധാനമായും രണ്ട് ഉദ്ദേശ്യങ്ങളോടെയാണ് ആളുകൾ ഈ ചികിത്സ തേടുന്നത്.

ഹൈപ്പർഹൈഡ്രോസിസ് അഥവാ കാലുകളിൽ അമിതമായി വിയർപ്പ് ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയുള്ളവർക്ക് ബോട്ടോക്സ് ഒരു മികച്ച പരിഹാരമാണ്. ബോട്ടോക്സ് വിയർപ്പ് ഗ്രന്ഥികളിലേക്കുള്ള നാഡീസന്ദേശങ്ങളെ താൽക്കാലികമായി തടയുകയും, അതുവഴി വിയർപ്പും ദുർഗന്ധവും വലിയളവിൽ കുറയ്ക്കുകയും ചെയ്യും. ഹൈ ഹീൽസ് ധരിക്കുമ്പോഴുള്ള വേദന കുറയ്ക്കാനും ഗുണം ചെയ്യും. മണിക്കൂറുകളോളം ഉയർന്ന ഹീൽസുള്ള ചെരുപ്പുകൾ ധരിക്കേണ്ടിവരുന്ന സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കാൽപാദങ്ങളിലെ കടുത്ത വേദന. പാദങ്ങളിലെ സമ്മർദ്ദം അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ബോട്ടോക്സ് ഇൻജക്ട് ചെയ്യുന്നതിലൂടെ നാഡികളുടെ വേദന അറിയിക്കാനുള്ള ശേഷി താൽക്കാലികമായി കുറയുകയും വേദന അനുഭവപ്പെടാതിരിക്കുകയും ചെയ്യും.

അമിതമായ വിയർപ്പ് തടയാൻ ഫൂട്ട് ബോട്ടോക്സ് ഉപയോഗിക്കുന്നത് വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണെന്ന് കോസ്മെറ്റോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. എന്നാൽ ഹൈ ഹീൽസ് ധരിക്കുമ്പോൾ ഉണ്ടാകുന്ന വേദന മറയ്ക്കാൻ ബോട്ടോക്സ് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് അവരുടെ മുന്നറിയിപ്പ്.'വേദന എന്നത് ശരീരം നമുക്ക് നൽകുന്ന ഒരു മുന്നറിയിപ്പ് സൂചനയാണ്. ബോട്ടോക്സ് ഉപയോഗിച്ച് ആ വേദന ഇല്ലാതാക്കുമ്പോൾ, കാൽപാദങ്ങളിൽ ഉണ്ടാകുന്ന അമിതമായ സമ്മർദ്ദവും പരിക്കുകളും നമ്മൾ അറിയാതെ പോകുന്നു. ഇത് ഭാവിയിൽ പാദങ്ങളിലെ അസ്ഥികൾക്കും നാഡികൾക്കും വൻതോതിലുള്ള ആഘാതം സൃഷ്ടിച്ചേക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷിതമാണോ ഈ രീതി?

ഏതൊരു കോസ്മെറ്റിക് ചികിത്സയെയും പോലെ തന്നെ ഫൂട്ട് ബോട്ടോക്സിനും ചില പാർശ്വഫലങ്ങളും വെല്ലുവിളികളുമുണ്ട്: അല്പം അളവ് കൂടിയാൽ പാദങ്ങളിലെ പേശികളുടെ ബലം കുറയാനും, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.ബോട്ടോക്സിന്റെ ഫലം ശാശ്വതമല്ല. സാധാരണയായി 4 മുതൽ 6 മാസം വരെ മാത്രമേ ഇതിന്റെ ഫലം നിലനിൽക്കൂ. അതിനുശേഷം വീണ്ടും ഇൻജക്ഷനുകൾ എടുക്കേണ്ടി വരും. തുടർച്ചയായി ചെയ്യേണ്ടിവരുന്നതിനാൽ ഇതിന് വലിയ തുക ചെലവഴിക്കേണ്ടി വരും.അമിതമായ വിയർപ്പ് കാരണം ബുദ്ധിമുട്ടുന്നവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഫൂട്ട് ബോട്ടോക്സ് തിരഞ്ഞെടുക്കാവുന്നതാണ്.

എന്നാൽ ഹൈ ഹീൽസ് വേദനയില്ലാതെ ധരിക്കാനോ വേണ്ടി ശരീരത്തിന്റെ സ്വാഭാവിക മുന്നറിയിപ്പുകളെ ബോട്ടോക്സ് ഉപയോഗിച്ച് ഇല്ലാതാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കാലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാൽ ഇത്തരത്തിലുള്ള ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിന് മുൻപ് കൃത്യമായ വൈദ്യോപദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.