
മിയാമി: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചരക്കുവിമാനം റൺവേയിൽനിന്ന് നിയന്ത്രണംതെറ്റി സമീപത്തെ പാർക്കിങ് മേഖലയിലേക്ക് ഇടിച്ചുകയറി തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആമസോൺ പ്രൈം എയറിന്റെ ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേ മറികടന്ന വിമാനം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പ്യൂർട്ടോറിക്കോയിലെ സാൻ ഹുവാനിൽനിന്ന് പുറപ്പെട്ട പ്രൈം എയർ ഫ്ലൈറ്റ് 7598 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെ മിയാമി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ലാൻഡിങ്ങിനിടെ ചരിഞ്ഞ റൺവേ മറികടന്ന് വിമാനം റൺവേയ്ക്ക് പുറത്തേക്ക് തെന്നിമാറുകയായിരുന്നു. തുടർന്ന് സമീപത്തെ സ്ഥാപനങ്ങളിലെയും വെയർഹൗസുകളിലെയും ജീവനക്കാർ ഉപയോഗിക്കുന്ന പാർക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് തീപിടിക്കുകയും ആകാശത്തേക്ക് കറുത്ത പുക ഉയരുകയും ചെയ്തു.
അപകടത്തെ തുടർന്ന് പൈലറ്റും കോ-പൈലറ്റും വിമാനത്തിന്റെ കോക്പിറ്റിൽ കുടുങ്ങിപ്പോയിരുന്നു. റൺവേയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലുണ്ടായിരുന്നവരക്കം നിരവധിപേർ കുടുങ്ങിയിരുന്നു. രണ്ട് പേരെ വാഹനങ്ങളിൽനിന്നും ഒരാളെ വിമാനത്തിനടിയിൽ നിന്നുമാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ട്രോമ കെയർ സെന്ററിലേക്കും മറ്റ് രണ്ടുപേരെ പ്രാദേശിക ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അഗ്നിരക്ഷാ സേനയുടെ വൻ സംഘമാണ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. 60-ലധികം ഫയർ റെസ്ക്യൂ യൂണിറ്റുകളും ഇരുന്നൂറോളം ഉദ്യോഗസ്ഥരേയുമാണ് തിരച്ചിലിനും തീയണയ്ക്കാനുമായി വിന്യസിച്ചത്. വിമാനത്തിൽ നിന്നുള്ള ഇന്ധനച്ചോർച്ച രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയുയർത്തി.
അപകടത്തെ തുടർന്ന് മിയാമി വിമാനത്താവളത്തിലെ മുഴുവൻ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെക്കുകയും റൺവേകൾ അടയ്ക്കുകയും ചെയ്തു. എന്നാൽ, ഞായറാഴ്ച വൈകുന്നേരത്തോടെ നാലിൽ രണ്ട് റൺവേകൾ വീണ്ടും തുറന്നുനൽകിയിട്ടുണ്ട്.
Content Highlights: Five people died and five others were injured when an Amazon Prime Air cargo plane veered off the runway at Miami International Airport and crashed into vehicles, catching fire.
Published: 07 Sept 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented