
വർഷങ്ങൾക്ക് മുമ്പ് ബോളിവുഡിൽ വലിയ ചർച്ചയായ വിഷയമാണ് പ്രശസ്ത നടി രേഖയും പ്രമുഖ താരം ബിശ്വജിത് ചാറ്റർജിയും തമ്മിലുള്ള ചുംബനരംഗം. അൻപത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബിശ്വജിത് ചാറ്റർജി. ഒരു പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇന്നത്തെ സിനിമകളിലെ രംഗങ്ങളുമായി തന്റെ കാലത്തെ വിവാദത്തെ താരതമ്യം ചെയ്തത്.
അന്നത്തെ ചുംബന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബിശ്വജിത് ചാറ്റർജി പ്രതികരിച്ചത് ഇങ്ങനെയാണ്: 'ഇന്നത്തെ കാലഘട്ടത്തിൽ ആ വിവാദത്തിന് ഒരു പ്രാധാന്യവുമില്ല. ഇന്ന് സ്‌ക്രീനിൽ കാണിക്കുന്ന ചുംബനങ്ങളൊന്നും ഒരു വലിയ കാര്യമേയല്ല. രൺബീർ കപുറിന്റെ 'അനിമൽ' പോലെയുള്ള സിനിമകളിലെ കിടപ്പറ രംഗങ്ങൾ കാണുമ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഈ വിവാദത്തിനു ശേഷവും താനും രേഖയും നല്ല സൗഹൃദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.'ആ സംഭവത്തിനു ശേഷവും അവർ എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ നിർമ്മിച്ച് സംവിധാനം ചെയ്ത ആ ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ തന്നെയാണ് അവരോട് സംസാരിച്ചത്. ഇത്തരം വിവാദങ്ങൾ വെറുതെ സമയം കൊല്ലാൻ വേണ്ടിയുള്ള സംസാരങ്ങൾ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
1969-ൽ രേഖ തന്റെ കൗമാരപ്രായത്തിൽ ബോളിവുഡിൽ അവസരങ്ങൾ തിരഞ്ഞുനടക്കുന്ന സമയത്താണ് കുൽജിത് പാൽ സംവിധാനം ചെയ്ത 'അഞ്ചന സഫർ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ സിനിമയാണ് പിന്നീട് 'ദോ ശിക്കാരി' പേരിൽ റിലീസ് ചെയ്തത്.
രേഖയുടെ ജീവചരിത്രമായ 'രേഖ: ദി അൺടോൾഡ് സ്റ്റോറി' എന്ന പുസ്തകത്തിൽ ഈ സംഭവത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. തന്നോട് പറയാതെ, തന്റെ സമ്മതമില്ലാതെയാണ് ബിശ്വജിത് ചാറ്റർജി ആ രംഗത്തിൽ തന്നെ ചുംബിച്ചതെന്നും, താൻ തടയാൻ ശ്രമിച്ചിട്ടും അഞ്ച് മിനിറ്റോളം ആ രംഗം നീണ്ടുനിന്നുവെന്നുമാണ് രേഖ ആരോപിച്ചത്. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന ആളുകൾ തനിക്ക് പിന്തുണ നൽകുന്നതിന് പകരം കൂവിവിളിക്കുകയും ആർത്തുവിളിക്കുകയുമായിരുന്നുവെന്നും, അത് തന്നെ വലിയ തോതിൽ മാനസികമായി തകർത്തുവെന്നും രേഖ പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു.
സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണം പത്ത് വർഷത്തോളം ഈ ചിത്രം പെട്ടിയിലായി. പിന്നീട് 1970-കളുടെ അവസാനത്തിൽ രേഖ ബോളിവുഡിലെ മുൻനിര നടിയായി ഉയർന്ന ശേഷമാണ് 'ദോ ശിക്കാരി' എന്ന പേരിൽ ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് മുമ്പ് ഒരു വേദിയിൽ ചോദിച്ചപ്പോൾ, മാധ്യമങ്ങൾ നിസ്സാരമായ ഒരു കാര്യത്തെ പർവ്വതീകരിക്കുകയായിരുന്നുവെന്നാണ് ബിശ്വജിത് തമാശയോടെ പ്രതികരിച്ചത്. കഥയ്ക്ക് അത് ആവശ്യമായിരുന്നുവെന്നും താൻ ആ രംഗത്തിൽ സ്വാഭാവികമായി അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബിശ്വജിത് അന്ന് പറഞ്ഞത്.
Content Highlights: Biswajit Chatterjee addresses the 50-year-old kissing controversy involving actress Rekha., He compares the past controversy to bold bedroom scenes in modern films like Ranbir Kapoor's Animal., He claims the controversy had no negative impact on their friendship or working relationship., Recalls the shooting of Anjana Safar (later released as Dho Shikaari) in 1969.
Published: 25 Sept 2026, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented