
ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഒമ്പത് പേരുമായി പോയ സ്വകാര്യ ബിസിനസ് വിമാനം ജനവാസ മേഖലയ്ക്ക് സമീപം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽനിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനമാണ് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 12.50-ഓടെ പാം ബീച്ച് കൗണ്ടിയിലെ ക്രസ്റ്റ്ഹേവൻ നെബർഹുഡിന് സമീപം തകർന്നുവീണത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിസോർട്ടായ മാർ-എ-ലാഗോയിൽനിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
ടെക്സസിലെ ഓസ്റ്റിൻ-ബർഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട 'ലിയർജെറ്റ് 60' എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിനും വീടുകൾക്കും തൊട്ടടുത്തായാണ് വിമാനം തകർന്നുവീണത്. ഇതിനെത്തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. അപകടസ്ഥലത്തുനിന്ന് കനത്ത പുക ഉയർന്നു. റോഡരികിൽ കത്തിയമർന്ന അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. എന്നാൽ, വിമാനയാത്രക്കാർക്കല്ലാതെ മറ്റാർക്കും അപകടം പറ്റിയിട്ടില്ലെന്ന് ഫ്ലോറിഡ ഗവർണർ സ്ഥിരീകരിച്ചു.
ഞായറാഴ്ച മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. മോശം കാലാവസ്ഥ സംബന്ധിച്ച് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പും നൽകിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ്, വിമാനത്തിൽ മഞ്ഞ് ഉറയുന്നതായും ശക്തമായ കാറ്റും പ്രകമ്പനവും ഉള്ളതായും പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. എന്നാൽ, വിമാനം നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലുള്ള മഞ്ഞും മിതമായ കാറ്റും മാത്രമാണ് ഉള്ളതെന്ന് പൈലറ്റ് കൺട്രോളറോട് പറഞ്ഞിരുന്നു.
35,000 അടി ഉയരത്തിൽ കിഴക്കോട്ട് പറക്കുകയായിരുന്ന വിമാനത്തിന് മഴയും മഞ്ഞുവീഴ്ചയും നേരിട്ടതോടെ 2,000 അടി കൂടി മുകളിലേക്ക് ഉയരാൻ പൈലറ്റ് അനുമതി ചോദിച്ചു. എന്നാൽ, പെട്ടെന്ന് സ്ഥിതിഗതികൾ ഗുരുതരമായി മാറുകയും വിമാനം അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട പൈലറ്റ് അടിയന്തര അപായ സന്ദേശങ്ങൾ നൽകിയിരുന്നു.
‘ഞങ്ങൾ 8,000 അടിയിലേക്ക് താഴുന്നു, മെയ്ഡേ, മെയ്ഡേ. മിനിറ്റിൽ 10,000 അടി വേഗതയിലാണ് ഞങ്ങൾ താഴേക്ക് പതിക്കുന്നത്’ എന്ന് പൈലറ്റ് റേഡിയോ വഴി അറിയിച്ചു. തുടർന്ന് ‘വേഗപരിധി ലംഘിച്ച് മിനിറ്റിൽ 20,000 അടി വേഗതയിലാണ് വിമാനം താഴുന്നത്. ഞങ്ങൾ നിലത്ത് ഇടിക്കാൻ പോകുകയാണ്’ എന്ന് പൈലറ്റ് അറിയിച്ചു. പിന്നാലെ വിമാനം ഇടിച്ചിറങ്ങുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഓസ്റ്റിൻ-ബർഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവള വക്താവ് ജിം റെയ്നോൾഡ്സ് പറഞ്ഞു. വിമാന അപകടത്തിന്റെ യഥാർത്ഥ കാരണവും യാത്രക്കാരുടെ വിശദാംശങ്ങളും അന്വേഷിച്ചുവരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Published: 02 Nov 2026, 08:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented