'If it's Boeing, I ain't Going' (ഇത് ബോയിങ് വിമാനമാണോ, എങ്കില്‍ ഞാന്‍ പോകുന്നില്ല).  സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചൊരു പ്രതിഷേധ വാചകമാണ് ഇത്. ബോയിങ് വിമാനങ്ങള്‍ തുടര്‍ച്ചയായുണ്ടാക്കുന്ന അപകടങ്ങളെ തുടര്‍ന്നുണ്ടായ ഭീതിയില്‍ നിന്നാണ് ഈ വാചകമുണ്ടായത്. ഒരുകാലത്ത് വിമാനയാത്രകളിലെ വിശ്വസ്തനായിരുന്ന ബോയിങ് കുപ്രസിദ്ധിയാര്‍ജ്ജിച്ചത് വളരെ വേഗത്തിലായിരുന്നു. ആകാശത്ത് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബോയിങ്ങിന്റെ വിമാനം തന്നെയാണ് അഹമ്മദാബാദിലും തകര്‍ന്നുവീണത്. 

To advertise here,

വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2018 ഒക്ടോബര്‍ 29-ന് ഇൻഡൊനീഷ്യൻ വിമാന കമ്പനിയായ ലയണ്‍ എയറിന്റെ വിമാനം തകര്‍ന്നുവീണതോടെയാണ് ബോയിങ്ങിന്റെ ശനിദശ പ്രത്യക്ഷത്തിൽ തുടങ്ങിയത്. ബോയിങ്ങിന്റെ 737 മാക്‌സ് 8 വിമാനമായിരുന്നു അന്ന് അപകടത്തില്‍ പെട്ടത്. അഹമ്മദാബാദ് ദുരന്തത്തിന് സമാനമായി, ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണത്. ഇന്ത്യക്കാരനായ പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 189 പേരും അപകടത്തില്‍ മരിച്ചു. ബോയിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിന് കാരണമായത്. 

തൊട്ടുപിന്നാലെ 2019 മാര്‍ച്ച് 10-ന് വീണ്ടുമൊരു 737 മാക്‌സ് 8 വിമാനം തകര്‍ന്നു. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 302 (ഇടി302) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് ആറുമിനിറ്റിനകം വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തില്‍ മരിച്ചു. വിമാനത്തിലെ എംസിഎഎസ് സംവിധാനത്തിലുണ്ടായിരുന്ന പിഴവായിരുന്നു രണ്ട് അപകടങ്ങളുടേയും കാരണം. മാന്യുവെറിങ് ക്യാരക്റ്ററിസ്റ്റിക്‌സ് ഓഗ്മെന്റേഷന്‍ സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് എംസിഎഎസ്. പറന്നുയരുന്ന വിമാനങ്ങളുടെ മുന്‍ഭാഗം കുത്തനെ താഴോട്ട് പോകുന്നത് ഒഴിവാക്കാനുള്ള സംവിധാനമാണ് ഇത്. 

ഈ രണ്ട് ദുരന്തങ്ങളും ബോയിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു. രണ്ട് അപകടങ്ങള്‍ക്കും പിന്നാലെ ലോകത്തെ 390-ഓളം ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട് ഗ്രൗണ്ട് ചെയ്യപ്പെട്ടു. അപകടങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വിമാന കമ്പനികള്‍ക്കും പിഴയായുമെല്ലാം ശതകോടിക്കണക്കിന് ഡോളറാണ് ബോയിങ് അന്ന് നല്‍കേണ്ടിവന്നത്. കൂടാതെ പല രാജ്യങ്ങളുടേയും വ്യോമയാന ഏജന്‍സികള്‍ അന്നുമുതല്‍ ബോയിങ് വിമാനങ്ങളെ സംശയത്തോടെ കാണാന്‍ തുടങ്ങി. ഒടുവില്‍ 2020-ല്‍ സാങ്കേതിക പിഴവുകള്‍ പരിഹരിച്ചതിന് ശേഷമാണ് 737 മാക്‌സ് വിമാനങ്ങള്‍ പിന്നീട് ആകാശം കണ്ടത്. 

തുടർച്ചയായ അപകടങ്ങൾ 

ബോയിങ് വിമാനങ്ങളില്‍ പല പ്രശ്‌നങ്ങളും പിന്നീടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2021 ജനുവരി ഒമ്പതിന് ശ്രീവിജയ എയറിന്റെ ഫ്‌ളൈറ്റ് 182 വിമാനം പറന്നുയര്‍ന്ന് നാല് മിനിറ്റിനകം കടലില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 62 പേരും അപകടത്തില്‍ മരിച്ചു. ബോയിങ്ങിന്റെ 735-500 വിമാനമായിരുന്നു ഇത്. ഓട്ടോത്രോട്ടിലിലെ തകരാറ് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് വിമാനം തകര്‍ന്നത്. 

ജാപ്പനീസ് വിമാന കമ്പനിയായ ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്ന വാര്‍ത്ത 2024 ജനുവരിയിലാണ് കേട്ടത്. പറന്നുയര്‍ന്ന് 40 മിനുറ്റിന് ശേഷമാണ് ഇത് കണ്ടെത്തിയത്. അതേമാസം തന്നെ യുഎസ്സിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച് തുറന്നതും അതേമാസമാണ്. വലിയ അപകടമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്. 

2024 മേയ് ഒമ്പതിന് എയര്‍ സെനഗലിന്റെ ബോയിങ് 737-300 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അതേവര്‍ഷം നവംബറില്‍ ട്രിഗാന എയറിന്റെ ബോയിങ് 735-500 വിമാനത്തിന്റെ ഒരു എഞ്ചിനില്‍ തീപിടിത്തമുണ്ടായി. ഈ വര്‍ഷം മാര്‍ച്ച് 13-നാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എഞ്ചിന് ലാന്‍ഡിങ്ങിന് ശേഷം തീപിടിച്ചത്. എഞ്ചിന്‍ തെറ്റായി ഘടിപ്പിച്ചതും ഇന്ധനചോര്‍ച്ചയുമായിരുന്നു കാരണം. 

വിമാനാപകടങ്ങൾ മാത്രമല്ല, ബഹാരാകാശരംഗത്തും ബോയിങ്ങിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. ഇന്ത്യൻ വംശജയായ സുനിതാ വില്യംസും വിൽസ് മോറും അന്താരാഷ്ട്ര ബഹിരാകാശയത്തിൽ കുടുങ്ങിയതും പിന്നീട് മാസങ്ങൾക്കുശേഷം സ്പേസ് എക്സിന്റെ പേടകത്തിൽ തിരികെ ഭൂമിയിലേക്ക് വന്നതും അടുത്തിടെയാണ്. സുനിതയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയത് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലായിരുന്നു. മടക്കയാത്രയ്ക്ക് മുന്നോടിയായി പേടകത്തിൽ തകരാറ് കണ്ടതോടെയാണ് സുനിതയും വിൽസ് മോറും അവിടെ കുടുങ്ങിയത്. 

റദ്ദാക്കപ്പെട്ട ഓർഡറുകൾ

സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ അടുത്തിടെ ബോയിങ്ങിന് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പലരും അത് റദ്ദാക്കിയിരുന്നു. ഇൻഡൊനീഷ്യയുടെ ഗരുഡ എയര്‍ 49 ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ ഓര്‍ഡറാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് വിശ്വാസം നഷ്ടമായതാണ് ഇതിന് കാരണമെന്നാണ് വിമാന കമ്പനി പറഞ്ഞത്. ഇൻഡൊനീഷ്യയുടെ തന്നെ ലയണ്‍ എയറും 200 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ റദ്ദാക്കി. നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ 92 ബോയിങ് 737 മാക്‌സ്, അഞ്ച് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. 

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് (10 എണ്ണം), മൊറോക്കോയുടെ റോയല്‍ എയര്‍ മൊറോക് (രണ്ടെണ്ണം), മലേഷ്യ എയര്‍ലൈന്‍സ് (25 എണ്ണം), സൗദിയുടെ ഫ്‌ളൈ അദെല്‍ (30 എണ്ണം), ടര്‍ക്കിഷ് എയര്‍ലൈന്‍സ് (63 എണ്ണം), ചൈനയുടെ സതേണ്‍ എയര്‍ലൈന്‍സ് (64 എണ്ണം), ഇന്ത്യയുടെ ജെറ്റ് എയര്‍വെയ്‌സ് (119 എണ്ണം) എന്നിവയാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ റദ്ദാക്കിയ മറ്റ് കമ്പനികള്‍. 

അതേസമയം എയര്‍ ഇന്ത്യ അടുത്തിടെ ഓര്‍ഡര്‍ ചെയ്തത് 220 ബോയിങ് വിമാനങ്ങളാണ്. ഇതില്‍ 190 എണ്ണം 737 മാക്‌സ് വിമാനങ്ങളും 20 എണ്ണം  787-9 ഡ്രീംലൈനറും പത്തെണ്ണം 777-9 വിമാനങ്ങളുമാണ്. ബോയിങ്ങിന് നേരത്തേ തന്നെയുള്ള ചീത്തപ്പേരിന്റേയും അഹമ്മദാബാദ് വിമാന ദുരന്തത്തിന്റേയും പശ്ചാത്തലത്തില്‍ ഈ ഓര്‍ഡറുകളുടെ ഭാവി എന്താകുമെന്ന് കണ്ടറിയുക തന്നെ വേണം. ഇതിനകം തന്നെ എയർ ഇന്ത്യയുടെ ഓഹരികൾ നഷ്ടം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. 3.8 ശതമാനമാണ് ഇന്‍ഡിഗോ ഓഹരികള്‍ ഇടിഞ്ഞത്.

ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോയും ബോയിങ് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് അടുത്തിടെയാണ്. ദീര്‍ഘകാലമായി ഇന്‍ഡിഗോ എയര്‍ബസ് വിമാനങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇന്‍ഡിഗോ ബോയിങ് 737 മാക്‌സ് - 8 വിമാനങ്ങള്‍ ടര്‍ക്കിഷ് വിമാന കമ്പനിയായ കൊറെന്‍ഡോന്‍ എയര്‍ലൈന്‍സില്‍ നിന്ന് ലീസിനെടുക്കുന്നതായുള്ള റിപ്പോര്‍ട്ട് വന്നത്. ബോയിങ് 787 വിമാനങ്ങള്‍ വാങ്ങാനും ഇന്‍ഡിഗോയ്ക്ക് പദ്ധതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ ഇന്‍ഡിഗോയുടെ ഓഹരികളും തകര്‍ന്നത്.

എന്താണ് ബോയിങ്ങിന് സംഭവിച്ചത്? 

ഭരണതലത്തിലുള്ള പരാജയമാണ് പ്രധാനമായി ബോയിങ്ങിന് തിരിച്ചടിയായത്. ഗുണമേന്മയേക്കാള്‍ ചെലവ് ചുരുക്കലിന് ബോയിങ് പ്രാധാന്യം നല്‍കിയതും വിനയായി. വ്യോമയാന കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സ് മഗ്ലസുമായുള്ള ലയനമാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്. നവീകരണം, സുരക്ഷ, എഞ്ചിനീയറിങ് മികവ് എന്നിവയേക്കാളെല്ലാം മുകളില്‍ ചെലവ് ചുരുക്കലിന് കമ്പനി പ്രാധാന്യം നല്‍കി. 

ആഗോളതലത്തില്‍ ഔട്ട്‌സോഴ്‌സിങ് നടത്തിക്കൊണ്ടും കമ്പനി ചെലവ് ചുരുക്കല്‍ നടപ്പാക്കി. ഇറ്റലി, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ബോയിങ്ങിന്റെ പങ്കാളിത്തം വ്യാപിച്ചു. വിമാനങ്ങളുടെ സുപ്രധാന ഘടകങ്ങള്‍ പോലും വൈദഗ്ധ്യം കുറഞ്ഞ കമ്പനികള്‍ നിര്‍മ്മിക്കുന്ന അവസ്ഥയായി. ഇതെല്ലാമാണ് ബോയിങ്ങിനെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്. 

കനത്ത തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള തീവ്രപരിശ്രമങ്ങള്‍ക്കിടെയാണ് അഹമ്മദാബാദിലെ വലിയ വിമാന ദുരന്തമുണ്ടാകുന്നത്. ബോയിങ്ങിന്റെ 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അഹമ്മദാബാദില്‍ തകര്‍ന്നുവീണത്. മേല്‍പ്പറഞ്ഞ പല ദുരന്തങ്ങളും പോലെ പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ലെങ്കിലും അഹമ്മദാബാദ് ദുരന്തം ബോയിങ്ങിനെ പ്രതികൂലമായി തന്നെയാണ് ബാധിച്ചത്. ഇതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് വിപണിയില്‍ ബോയിങ്ങിന്റെ ഓഹരികള്‍ കൂപ്പുകുത്തിയത്. അപകടത്തിനുശേഷം എട്ട് ശതമാനമാണ് ബോയിങ് ഓഹരികള്‍ ഇടിഞ്ഞത്. 

ഒരുകാലത്ത് ആകാശത്തെ വിശ്വാസ്യതയുടെ പര്യായമായിരുന്ന ബോയിങ്ങിന് അത് വീണ്ടെടുക്കുകയെന്നത് അതീവ ദുര്‍ഘടമായ ജോലിയാണ്. അതിനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകവെയാണ് വീണ്ടും തിരിച്ചടി നേരിടുന്നത്. ഈ പ്രതിസന്ധികളെ ബോയിങ് എങ്ങനെ അതിജീവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.