കൂട്ടാലിട ടൗൺ സൗന്ദര്യവത്കരണം

To advertise here,

നടുവണ്ണൂർ : വിനോദം, കായികം, വ്യാപാരം, കലാനിർവഹണം തുടങ്ങിയവയിൽ സമഗ്രവികസനം ലക്ഷ്യംവെക്കുന്ന കൂട്ടാലിട ടൗൺ സൗന്ദര്യവത്കരണത്തിനുള്ള പ്രവൃത്തി ആരംഭിച്ചിട്ട് ഒന്നരവർഷം പിന്നിട്ടു. സൗന്ദര്യവത്കരണത്തിന്റെ പ്രാരംഭഘട്ടങ്ങൾ മാത്രമാണ് പൂർത്തിയായത്.

പഴയ ബസ് സ്റ്റാൻഡിലെ വികസനമാണ് ആദ്യം തുടങ്ങിയത്. ഇവിടെ തടസ്സമായിനിന്ന മരങ്ങൾ മുറിച്ചുമാറ്റി. നിർമാണം നടത്തുന്ന സ്ഥലത്തിന്റെ അതിരുകൾ നിർണയിച്ച് സൈഡ് കരിങ്കല്ലുകൊണ്ട് കെട്ടി മണ്ണുനികത്തി.

പദ്ധതിസ്ഥലത്തുള്ള ജലസേചനവകുപ്പിന്റെ കൈക്കനാലിന്റെ സൈഫൺ കിണർ നന്നാക്കി. ഇതിനുചുറ്റും സിമന്റ് ബ്രിക്‌സുപയോഗിച്ച് വൃത്താകൃതിയിൽ ഇരിപ്പിടങ്ങൾ കെട്ടിയുണ്ടാക്കി. ഓപ്പൺ എയർ തിയേറ്ററിനുള്ള പിൻചുമർ പകുതിയോളം ഉയരത്തിൽ നിർമിച്ചു.

കനാലിനുകുറുകേ സിമന്റ് ബീം, സ്ലാബ് എന്നിവ നിർമിച്ച് അതിന്റെ മുകളിലാണ് പിൻചുമർ നിർമിച്ചത്. പിൻചുമർ നിർമിച്ചസ്ഥലത്ത് കനാൽറോഡിന് വീതികുറയുന്നു എന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പദ്ധതിപ്രദേശത്ത് നേരത്തേയുള്ള ട്രാൻസ്‌ഫോർമർ മാറ്റുന്നത് പരിശോധിക്കാൻ കെ.എസ്.ഇ.ബി. സെക്‌ഷൻ എ.ഇ., പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ എ.ഇ. എന്നിവർ ഒന്നിച്ച് സ്ഥലത്തെത്തി സാധ്യതാപരിശോധന നടത്തിയിരുന്നു.

ട്രാൻസ്‌ഫോർമർ മാറ്റിവെച്ചാൽ അരമീറ്റർ സ്ഥലംകൂടി ലഭിക്കുമെന്ന് വിലയിരുത്തി. ട്രാൻസ്‌ഫോർമർ മാറ്റിവെക്കാൻ 45 ലക്ഷമെങ്കിലും വേണ്ടിവരും. ഇതിനുള്ള പണം അടങ്കലിൽ പെടുത്തിയിട്ടില്ല പദ്ധതിപ്രദേശത്തെ മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള ഓവുചാലിന്റെ പ്രവൃത്തി ഏതാണ്ട് പൂർത്തിയാക്കി.

സ്മാർട്ട് വില്ലേജ് ഓഫീസ് കവാടംമുതൽ കുറുവട്ടിമല റോഡ് വരെയാണ് ഒന്നാംഘട്ടത്തിൽ ഓവുചാൽ പണിതത്. ഡ്രെയ്‌നേജിനു മുകളിൽ കോൺക്രീറ്റ് സ്ലാബിട്ടുണ്ട്.

കൂട്ടാലിട അങ്ങാടിയുടെ പിന്നിലൂടെ മെയിൻ റോഡിന് സമാന്തരമായി കടന്നുപോകുന്ന കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് മുതൽ കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് കാര്യാലയംവരെ ഒരുകിലോമീറ്ററോളം വരുന്ന ഭാഗമാണ് കട്ടകൾ പാകി മോടികൂട്ടാൻ പദ്ധതി തയ്യാറാക്കിയത്.

നിലവിലുള്ള കനാൽത്തീരം റോഡിലൂടെയുള്ള ദുസ്സഹമായ കാൽനടയാത്ര അവസാനിപ്പിച്ച് പ്രത്യേകം വീഥിയൊരുക്കി യാത്ര ഉല്ലാസകരമാക്കാനും ഉദ്ദേശിച്ചിരുന്നു. ഇരിപ്പിടങ്ങൾ, ഹാൻഡ് റെയിൽസ്, വൈദ്യുതിദീപനിര, അലങ്കാരസസ്യങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനും ലക്ഷ്യമിട്ടിരുന്നു.

സൗന്ദര്യവത്കരണം ആരംഭിക്കുന്ന പഴയ സ്റ്റാൻഡ് പരിസരത്ത് വയോജനപാർക്ക് നിർമിക്കും. ഇതിനടുത്തായി കുട്ടികളുടെ പാർക്കും സജ്ജീകരിക്കും. കൂട്ടാലിട-ബാലുശ്ശേരി റോഡിന്റെ കിഴക്കുവശം ഉന്നതനിലവാരമുള്ള വോളിബോൾ കോർട്ട് നിർമിക്കും.

നിലവിലുള്ള ജെ.എസ്‌.സി.യുടെ വോളിബോൾ കോർട്ട് നവീകരിച്ചാണ് നിലവാരമുയർത്തുക. ഇവിടെ ഓപ്പൺ ജിം സൗകര്യവുമൊരുക്കും. സാംസ്‌കാരികനിലയവും പണിയും. പി.എച്ച്‌.സി. റോഡിനടുത്ത് വളരെ ആഴത്തിലാണ് കനാൽ കടന്നുപോകുന്നത്. കനാലിൽ വളരുന്ന മരങ്ങളും കുറ്റിക്കാടുകളും വെട്ടിമാറ്റും. കനാലിലേക്ക് ഇറങ്ങാനുള്ള പടവുകളും ഇരിക്കാനുള്ള സൗകര്യവും ഒരുക്കും.

വിനോദകേന്ദ്രമാവുന്നതോടെ മാലിന്യം തള്ളുന്നത് കുറയും. കനാലിന്റെ തെക്ക് ഭാഗത്തുനിന്ന് മറുകരയിലേക്കും അങ്ങാടിയിലേക്കും എത്താൻ അലങ്കാരപ്പാലം നിർമിക്കും. ഇത്തരത്തിലുള്ള വികസനപദ്ധതികളാണ് വിഭാവനം ചെയ്തത്. സർക്കാർഫണ്ടിനു പുറമെ എം.പി., എം.എൽ.എ., ജില്ലാപഞ്ചാ യത്ത്, കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് എന്നിവയിൽനിന്ന് ലഭിക്കുന്ന ഫണ്ട്‌ ഉപയോഗിച്ച് നിർമാണം നടത്താനായിരുന്നു ഉദ്ദേശിച്ചത്.

സംസ്ഥാനസർക്കാർഫണ്ട് രണ്ടുകോടിരൂപയും സച്ചിൻദേവ് എം.എൽ.എ. അനുവദിച്ച 30 ലക്ഷം രൂപയും കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 60 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് അനുവദിച്ച 25 ലക്ഷംരൂപയും മൊത്തം മൂന്നുകോടി പതിനഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി ആരംഭിച്ചത്.

കനാൽറോഡ് കുറുവട്ടിറോഡുമുതൽ പൂനത്ത് റോഡുവരെ കട്ടപാകി സഞ്ചാരയോഗ്യമാക്കൽ, കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് അലങ്കാര നടപ്പാലം, പൂനത്ത് റോഡിനോട് ചേർന്ന് ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച് വയോജന പാർക്ക്, ഓവുചാൽ പൂർത്തീകരണം, കുട്ടികളുടെ പാർക്ക്, ജിംനേഷ്യം, വയോജനപാർക്ക്, സൗന്ദര്യവത്കരണം എന്നിവയുടെ നിർമാണം തുടങ്ങാനുണ്ട്.

നടപടികൾ കൈക്കൊള്ളും

നാട്ടുകാരുന്നയിച്ച ആവശ്യങ്ങൾ കേൾക്കാനും നിർമാണം ഊർജിതമാക്കാനും വേണ്ടി കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗം എം.എൽ.എ.യുടെ സാന്നിധ്യത്തിൽ വിളിച്ചുചേർക്കും

-ഇ. സുജാത

കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്