കോഴിക്കോട് : ഓർഡറുമായി നഗരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് പായുന്നതിനിടയിൽ അല്പനേരം വിശ്രമിക്കണമെങ്കിൽ ഇനി കടത്തിണ്ണയോ റോഡരികോ തേടേണ്ട. ഗിഗ് തൊഴിലാളികൾക്കായി നടക്കാവിൽ ഒരുക്കിയ 'ഗിഗോൺ' വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ജോലിത്തിരക്കിനിടയിൽ വിശ്രമിക്കാനും അത്യാവശ്യ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും കഴിയുന്ന തരത്തിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി തൊഴിൽവകുപ്പ് നിർമിച്ചതാണ് വിശ്രമകേന്ദ്രം.
സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഭക്ഷണവും സാധനങ്ങളും എത്തിക്കുന്ന തൊഴിലാളികൾക്ക് ഓർഡറുകൾക്കിടയിൽ കാത്തിരിക്കാനും വിശ്രമിക്കാനും പ്രത്യേകഇടം ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. കുടിവെള്ളം, വൈഫൈ, മൊബൈൽ ഫോൺ ചാർജിങ് പോയിന്റ്, ശൗചാലയം എന്നിവയാണ് കേന്ദ്രത്തിലെ പ്രധാനസൗകര്യങ്ങൾ. ദീർഘനേരം റോഡിലുണ്ടാകുന്ന തൊഴിലാളികൾക്ക് ഫോൺ ചാർജ് ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിച്ച് അടുത്ത ഓർഡറുകൾ കൈകാര്യം ചെയ്യാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭിക്കും.
രാവിലെ എട്ടുമുതൽ രാത്രി 10വരെ രണ്ട് ഷിഫ്റ്റുകളിലായാണ് ഗിഗോൺ പ്രവർത്തിക്കുക. സർക്കാരിന്റെ പദ്ധതിക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരത്ത് മന്ത്രി കൃഷ്ണ ഉദ്ഘാടനംചെയ്തു.
കോഴിക്കോട്ടെ വിശ്രമകേന്ദ്രം ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനംചെയ്തത്. ഗിഗ് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് 14 ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ.എം. സുനിൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്‌സ്‌മെന്റ്) വി. സബിഷ, ജില്ലാ ലേബർ ഓഫീസർ(ജനറൽ), എം. സിനി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. സന്തോഷ്, ഗിഗ് തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Published: 24 Sept 2026, 03:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented