കാക്കൂർ : ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിലെ കാക്കൂർ ടൗണിലെ സീബ്രാലൈൻ മാഞ്ഞത് ദുരിതമാകുന്നു. തിരക്കേറിയ സമയത്ത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പെടാപ്പാടാണ്.

To advertise here,

വാഹനങ്ങൾ വേഗത്തിൽ വരുമ്പോൾ പലപ്പോഴും തലനാരിഴയിടയ്ക്കാണ് വലിയ അപകടങ്ങൾപറ്റാതെ രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം റോഡ് മുറിച്ചുകടക്കുന്നതിനിടെ യാത്രക്കാരിയെ ഇരുചക്രവാഹനം തട്ടിയിരുന്നു. സ്കൂൾ കുട്ടികളും പ്രായമായവരുമെല്ലാം ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്.

കാക്കൂർ ടൗണിൽ കോഴിക്കോട് റോഡിലേക്ക് പി.സി. പാലം, പാവണ്ടൂർ ഭാഗത്തുനിന്നുള്ള റോഡുകളും ചേരുന്നുണ്ട്. ഈ റോഡിലെ വാഹനങ്ങളുടെ തിരക്കും ടൗണിൽ അനുഭവപ്പെടുന്നു. ഇതിനിടയിൽ കാൽനടയാത്രക്കാർ ഏറെ ശ്രമകരമായാണ് റോഡ് മുറിച്ചുകടക്കുന്നത്.

സീബ്രാലൈൻ പുനഃസ്ഥാപിക്കുകയാണെങ്കിൽ നിലവിലെ സ്ഥലത്തുനിന്ന് മാറ്റിവരയ്ക്കണമെന്ന് ആവശ്യവും ഉയർത്തുന്നുണ്ട്. കാക്കൂർ ടൗണിനോടുചേർന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്തായി സീബ്രാലൈൻ രേഖപ്പെടുത്തണമെന്ന് ആവശ്യവും ജനങ്ങൾ പങ്കുവെക്കുന്നു.

‘സീബ്രാലൈൻ ഉടൻ പുനഃസ്ഥാപിക്കണം’

​തിരക്കേറിയ കാക്കൂർ അങ്ങാടിയിൽ സീബ്രാലൈൻ ഉടൻ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. റോഡ് മുറിച്ചുകടക്കാനുള്ള യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കണം.

എ.കെ. അറുമുഖൻ

പ്രദേശവാസി പോലീസ് സേവനം ഉറപ്പുവരുത്തണം

കാക്കൂർ ജങ്ഷനിൽ തിരക്കേറിയ സമയങ്ങളിൽ പോലീസ് സേവനം ഉറപ്പുവരുത്തണം. വയോജനങ്ങൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഇത് ഏറെ സഹായകമാകും.

ശ്രീനി രാമല്ലൂർ

യാത്രക്കാരൻ