ആഘോഷിച്ചത് പടക്കം പൊട്ടിച്ച്
ഫറോക്ക് : കൊളത്തറയെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിപ്പിക്കുന്ന ചെറുവണ്ണൂർ ജങ്‌ഷൻ ബുധനാഴ്ച വൈകീട്ട് യാത്രയ്ക്കായി തുറന്നുകൊടുത്തു. ഈ ഭാഗത്തെ ഗർഡർ നിർമാണം പൂർത്തിയായതോടെയാണ് രണ്ടു ഭാഗവും തുറന്നുനൽകിയത്.
ഇതോടെ കൊളത്തറ റോഡിൽനിന്ന് നേരിട്ട് ബി.സി. റോഡിലേക്ക് പ്രവേശിക്കാനാവും. നിലവിൽ റോഡിന്റെ ഇരുഭാഗത്തും ബോർഡുകൾവച്ച് ഗതാഗതം തടഞ്ഞിരിക്കുകയായിരുന്നു. ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ക്രെയിൻ കൊണ്ടുവരുന്നതിനായി ഇരുഭാഗങ്ങളിലും റെയിൽ സ്ഥാപിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ റെയിലുകൾ മാറ്റി. തുടർന്ന് ഇരുഭാഗങ്ങളിെലയും ഗർത്തം നികത്തിയശേഷം വൈകീട്ട് ആറ് മണിയോടെ ജങ്‌ഷൻ തുറന്നുകൊടുത്തു.
നിലവിൽ ഫറോക്കിലേക്ക് ഇരുചക്രവാഹനക്കാർ പോയിരുന്നത് ചുമ്മൻ റോഡ് വഴിയും, മേൽപ്പാലത്തിനടുത്ത സപ്ലെയ്ക്കോയ്ക്ക് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെയുമായിരുന്നു ബി.സി. റോഡിൽ പ്രവേശിച്ചിരുന്നത്. എന്നാൽ കൊളത്തറ, കുണ്ടായിത്തോട് ഭാഗത്തെ ഓട്ടോറിക്ഷയും മറ്റും ഫറോക്കിൽ പ്രവേശിച്ചിരുന്നത് കുണ്ടായിത്തോട് റെയിൽ അടിപ്പാത കടന്ന് സന്ദീപ് ഉണ്ണികൃഷ്ണൻ റോഡിലൂടെ ഫറോക്ക് പഴയപ്പാലത്തേയ്ക്കുള്ള ചെമ്മൺപാത വഴിയായിരുന്നു. ജങ്‌ഷൻ തുറന്നതോടെ ഇനി നേരിട്ട് ബിസി റോഡിലേക്ക് പ്രവേശിക്കാനാവും.
ബുധനാഴ്ച ജങ്‌ഷൻ തുറന്നുകൊടുത്തത് പടക്കം പെട്ടിച്ചാണ് നാട്ടുകാർ ആഘോഷിച്ചത്.
ബുധനാഴ്ച രണ്ടാമത്തെ ബീമുകളിൽ ഗർഡർ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. പകൽമാത്രമാണ് ഇപ്പോൾ ഗർഡർ സ്ഥാപിക്കൽ പ്രവൃത്തി നടക്കുന്നത്. വളരെ ദൈർഘ്യമേറിയമേഖലയിലെ പ്രവൃത്തിയാണ് പൂർത്തിയായതെന്നും ശനിയാഴ്ചയോടെ മുഴുവൻ ഗർഡറുകളും സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് അടച്ചത്.
ഓട്ടമില്ലാതെ ചെറുവണ്ണൂരിലെ ഓട്ടോക്കാർ
ഫറോക്ക് : മേൽപ്പാല നിർമാണത്തിന്റെ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡുകൾ അടച്ചതോടെ അഞ്ചുദിവസമായി ഓട്ടമില്ലാത്ത അവസ്ഥയിലാണ് ചെറുവണ്ണൂരിലെ ഓട്ടോക്കാർ.
പലർക്കും ചെറുവണ്ണൂരിലെയും, ഫറോക്കിലെയും സർക്കാർ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടം പോവണമെങ്കിൽ ഇപ്പോൾ വലിയ പ്രയാസമാണ് നേരിടുന്നത്. ബുധനാഴ്ചവരെ കൊളത്തറയിലെ ഊടുവഴി താണ്ടി കുണ്ടായിത്തോട് എത്തണം. ഇവിടെനിന്നുനേരേ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡിലേക്ക്. ഇവിടെ നിന്ന് ബി.സി. റോഡിലേക്ക്. അവിടെനിന്ന് വേണം ഫറോക്ക് പഴയപാലത്തിെൻറ അടിയിലൂടെയുള്ള വഴിതാണ്ടാൻ. ചുരുക്കിപ്പറഞ്ഞാൽ പത്തുമിനിറ്റ് ദൂരം നാൽപ്പത്തിയഞ്ച് മിനിറ്റുവരെയാവും. ചെറുവണ്ണൂരിലെ മുഴുവൻ ഊടുവഴികളും ഓട്ടോക്കാർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
ഇക്കാരണത്താൽ പെട്രോൾ അടിക്കാനുള്ള കാശിനുപോലും പെടാപ്പാടുെപടുകയാണെന്ന് ചെറുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ പ്രമോദ് കുമാർ മേനോത്ത് പറഞ്ഞു. ശനിയാഴ്ചയോടെ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ ഓട്ടോ ഡ്രൈവർമാർ.
Published: 24 Sept 2026, 04:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented