ഇടപെടലുമായി എം.എൽ.എ.
അത്തോളി : അത്തോളി കുനിയിൽക്കടവിന്റെ ടൂറിസം സാധ്യതകളും പ്രദേശവാസികളുടെ പ്രതീക്ഷകളും ചൂണ്ടിക്കാട്ടി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വേണം കുനിയിൽക്കടവിനും ടൂറിസം മാപ്പിൽ ഒരിടം’ എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇടപെടലുമായി എം.എൽ.എ. ബാലുശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതിയിൽ കുനിയിൽക്കടവിന് പ്രത്യേകം സ്ഥാനമുണ്ടാകുമെന്നും കുനിയിൽക്കടവിലെ പ്രദേശവാസികൾക്കുകൂടി ഗുണംലഭിക്കുന്ന രീതിയിലുള്ള പദ്ധതികളുടെ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വി. ടി. സൂരജ് എം.എൽ.എ. അറിയിച്ചു.
പ്രകൃതിഭംഗിയും ജലസമ്പത്തും ഒത്തുചേരുന്ന അത്തോളി കുനിയിൽക്കടവ് പ്രദേശം മികച്ച ജലസഞ്ചാര അനുഭവത്തിനും ഗ്രാമീണടൂറിസത്തിനും ഏറെ സാധ്യതകളുള്ള സ്ഥലമാണ്. അകലാപ്പുഴയുടെ മനോഹാരിതയോട് കിടപിടിക്കുന്ന കാഴ്ചകളും കോരപ്പുഴയുടെ ശാന്തതയും ഒത്തുചേരുന്ന ഇവിടെ വിനോദസഞ്ചാരത്തിന് വലിയസാധ്യതകളാണുള്ളത്. കണ്ടൽക്കാടുകൾ നിറഞ്ഞ തുരുത്തുകളും മത്സ്യഫാമുകളും സഞ്ചാരികളെ ആകർഷിക്കുമ്പോഴും പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിരുന്നില്ല.
മികച്ച ജലസഞ്ചാര അനുഭവങ്ങൾക്കും മത്സ്യക്ക്യഷി അധിഷ്ഠിത ടൂറിസത്തിനും അനുയോജ്യമായ കുനിയിൽക്കടവിനെ സമ്പൂർണ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ട് നാളേറെയായി. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയിൽ അത്തോളി കുനിയിൽക്കടവ് ജങ്ഷനിൽനിന്ന് ഒരു കിലോമീറ്ററും കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ തിരുവങ്ങൂർ സ്റ്റോപ്പിൽനിന്ന് ഒന്നരക്കിലോമീറ്ററോളം സഞ്ചരിച്ചാലും കുനിയിൽക്കടവ് പാലത്തിനു സമീപത്തെത്താം. ഇവിടെനിന്നാണ് കോരപ്പുഴയുടെ സൗന്ദര്യം അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ കഴിയുക.
പാലത്തിനടുത്തുനിന്നുള്ള മനോഹരമായ സൂര്യാസ്തമയക്കാഴ്ചകൾ സന്ദർശകരുടെ മനംകവരുന്നതാണ്. കോരപ്പുഴയുടെ തീരങ്ങളാൽ ചുറ്റപ്പെട്ട ആനപ്പാറ, വേളൂർ, കുനിയിൽക്കടവ്, ചാത്തനാടത്ത് കടവ് തുടങ്ങിയ പ്രദേശങ്ങൾ ജലസഞ്ചാരത്തിന് ഏറെ അനുയോജ്യമാണ്. ആനപ്പാറയിൽ ഓരോവർഷവും വിഷുവിനും ഓണത്തിനും ആവേശകരമായി നടക്കാറുള്ള വള്ളംകളി നാടിന്റെ വലിയൊരു സാംസ്കാരികോത്സവമാണ്. പുഴയോരത്തെ ഒട്ടേറെ മത്സ്യഫാമുകളും കക്കവാരുന്ന തൊഴിലാളികളുടെ ജീവിതക്കാഴ്ചകളും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. തനതുരുചിയായ മുരു ഇറച്ചിയും കക്ക, കല്ലുമ്മക്കായ തുടങ്ങിയ പുഴവിഭവങ്ങളും ആസ്വദിക്കാനും ശാന്തമായ പുഴയോരത്ത് സമയം ചെലവഴിക്കാനും ഒട്ടേറെ സഞ്ചാരികളാണ് ഇപ്പോൾ ഈ മേഖലയിലേക്കെത്തുന്നത്. ഗ്രാമീണ വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള ഈ പുഴയോരം വരുംകാലങ്ങളിൽ വലിയ വികസനമാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ മലബാർ ടൂറിസത്തിൽ പ്രധാനയിടംപിടിക്കാൻ കുനിയിൽക്കടവിന് സാധിക്കും.
Published: 25 Sept 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented