എടപ്പാൾ ടൗണിലെ മാലിന്യമൊഴുക്കിൽ പൊറുതിമുട്ടി വെഞ്ചാലിത്തോടിന്റെ പരിസരത്തെ 25 കുടുംബങ്ങൾ

To advertise here,

എടപ്പാൾ : ടൗൺ വികസിക്കുന്നതോടൊപ്പം സങ്കടപ്പെടുന്ന ഒരു പ്രദേശമുണ്ട് എടപ്പാളിൽ.

ടൗണിന്റെ വികസനത്തിനൊപ്പം ദുർഗന്ധവും മാലിന്യവും വർധിച്ച് ജീവിതം കൂടുതൽ പ്രയാസത്തിലേക്കു പോകുന്നവർ. ഒന്നും രണ്ടുമല്ല ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് ടൗണിന്റെ വികസനത്തിനൊപ്പം മലിനജലത്തിനൊപ്പം ജീവിക്കേണ്ടവരായി മാറിയിട്ടുള്ളത്.

എടപ്പാൾ, പൊന്നാനി റോഡിൽ സർവീസ് സ്റ്റേഷന് താഴ്ഭാഗത്തായി വെഞ്ചാലിത്തോടിന്റെ പരിസരത്തു ജീവിക്കുന്ന കുടുംബങ്ങളാണ് ടൗണിന്റെ മാലിന്യ കേന്ദ്രത്തിലകപ്പെട്ട് നരകതുല്യത്തിലായി കഴിയുന്നത്.

എടപ്പാൾ ടൗണിൽ റോഡുകൾ നവീകരിക്കുകയും നാലു റോഡിലും ഡ്രൈനേജുകൾ നിർമിക്കുകയും ചെയ്തപ്പോൾ മുതലാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്.

നാലു റോഡുകളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലെയും പൊതുജനങ്ങളുടെയും മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത് ഒടുവിൽ പൊന്നാനി റോഡിലേക്കാണ്. ഇവയും എടപ്പാൾ ടൗണിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള അംശക്കച്ചേരി മുതലുള്ള മാലിന്യങ്ങളും ഒരുമിച്ച് എത്തിച്ചേരുന്നത് സർവീസ് സ്റ്റേഷന് സമീപമുള്ള ഇടവഴിയിലേക്കാണ്.

ഈ ഇടവഴിയിലൂടെയാണ് ഈ പ്രദേശത്തുള്ളവർ യാത്രചെയ്തിരുന്നത്.

ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, കോഴിക്കടകൾ, ഇറച്ചിക്കടകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ മാലിന്യങ്ങളും മലിനജലവും രാത്രിയായാൽ ഈ ഡ്രൈനേജിലേക്കാണ് തള്ളിവിടുക. ഇവയെല്ലാം ഒഴുകി വെഞ്ചാലി തോടിനു സമീപം താമസിക്കുന്നവരുടെ വീടുകൾക്ക് മുന്നിലൂടെയും അവിടം നിറഞ്ഞാൽ പറമ്പിലുമെല്ലാം ഒഴുകിപ്പരക്കും.

കക്കൂസ് മാലിന്യംവരെ പല സ്ഥാപനങ്ങളും ഇതിലൂടെ ഒഴുക്കിവിടുന്നുണ്ട്. രാത്രിയായാൽ കക്കൂസ് ടാങ്കിൽനിന്ന് പൈപ്പിട്ട് ഇതിലേക്ക് അടിച്ചുവിടുന്ന സംഭവം നാട്ടുകാർ പിടികൂടിയിട്ടുമുണ്ട്. ഇവിടത്തെ മലിനജലപ്രശ്‌നത്തിന് പഞ്ചായത്ത് ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മാലിന്യമെത്തുന്നത് വഴിയിലേക്കും

ഇവിടെയുള്ള ഡ്രൈനേജ് നേരേ പോയി വെഞ്ചാലി തോട്ടിലും അവിടെനിന്ന് അയിലക്കാട്-പൂക്കരത്തറ ഭാഗത്തുമാണ് എത്തുക.

പലപ്പോഴും ഇത് താമസക്കാരുടെ പറമ്പുകളിലും ഇവർ നടക്കുന്ന തോട്ടുവരമ്പിലുമെല്ലാം പരക്കും.

അതിലൂടെയാണ് കുട്ടികളും മുതിർന്നവരുമെല്ലാം സ്‌കൂളിലും ആശുപത്രികളിലുമെല്ലാം നടന്നുപോകുന്നത്. വെള്ളത്തിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പലയിടത്തായി കുടുങ്ങിക്കിടക്കുന്ന പ്രശ്‌നവുമുണ്ട്.

കൊതുകുകളും രോഗാണുക്കളും പെരുകി പലർക്കും അടിക്കടി രോഗങ്ങൾ വരുന്ന അവസ്ഥയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

പഞ്ചായത്തിലും ആരോഗ്യവകുപ്പിലും ഗ്രാമസഭകളിലുമെല്ലാം ഇവർ ഒരുപാട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല.

പലരും താമസംതന്നെ മാറ്റേണ്ടിവരുമോയെന്ന ആശങ്കയിലാണ്.