കാരശ്ശേരി : കാരമൂലയിൽ ചെറുപുഴയ്ക്ക് കുറുകെ വല്ലത്തായ് കടവിൽ നിർമിച്ച പാലം വെള്ളിയാഴ്ച ഗതാഗതത്തിനായി താത്കാലികമായി തുറന്നുകൊടുക്കും. അപ്രോച്ച് റോഡിന്റെ ടാറിങ്ങും പാലത്തിന്റെ പെയിന്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളും പൂർത്തിയായശേഷമേ ഉദ്ഘാടനം നടക്കൂ. പാലം പ്രവൃത്തി വൈകിയതിനാൽ നാട്ടുകാർ യാത്രാദുരിതമനുഭവിക്കുന്നത്‌ സംബന്ധിച്ച പരാതി വർധിച്ച സാഹചര്യത്തിലാണ് താത്കാലികമായി യാത്രയ്ക്ക് തുറന്നുകൊടുക്കുന്നത്.

To advertise here,

പ്രദേശത്തെ യാത്രാദുരിതം ‘മാതൃഭൂമി’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 2024-ജനുവരിയിൽ പാലം പ്രവൃത്തി തുടങ്ങിയതുമുതൽ ഗതാഗതമാർഗം അടഞ്ഞതുമൂലം യാത്രക്കാർ വലിയ ദുരിതത്തിലാണുള്ളത്. പാലം തുറക്കാൻ വൈകുന്നതിനാൽ ഒട്ടേറെപ്പേർ പ്രയാസപ്പെടുന്ന സാഹചര്യം പരിഗണിച്ച് എം.എൽ.എ. സി.കെ. കാസിം കരാറുകാരോട് ആവശ്യപ്പെട്ടതനുസരിച്ച് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി ആറുമാസത്തോളം മുൻപ് കഴിഞ്ഞതാണെങ്കിലും സമീപറോഡുകൾ പൂർത്തിയാക്കാത്തതുകൊണ്ടാണ് തുറന്നുകൊടുക്കാൻ വൈകിയത്.

റോഡുകൾ മണ്ണിട്ടുയർത്തി പാലത്തിനോട് ബന്ധിപ്പിക്കുന്ന പണി മിക്കവാറും പൂർത്തിയായിട്ടുണ്ട്.പല കാരണങ്ങളാൽ പ്രവൃത്തി മന്ദഗതിയിലും ഇടയ്ക്ക് നിലച്ചുമൊക്കെ നീണ്ടുപോവുകയായിരുന്നു.

പ്രവൃത്തികൾ വിലയിരുത്താനായി എം.എൽ.എ. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് മെമ്പർ മുസീർ പട്ടാംകുന്നൻ, പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം എ.ഇ. എൻ. ബൈജു, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് പി.എം. സുബൈർ ബാബു, സലീം വെള്ളലശേരി, മനാഫ് ഒറുവിങ്ങൽ, കെ.പി. മുജീബ്, ശിഹാബ് ഉമ്മിണിയിൽ, കാരാട്ട് ശ്രീനിവാസൻ, പി.ടി. യൂസുഫ്, ബഷീർ കീലത്ത്, ഉസ്മാൻ പുളിക്കൽ എന്നിവരും എം.എൽ.എ.യോടൊപ്പം പാലം സന്ദർശിച്ചു.