കോഴിക്കോട്: കെ.ടി. മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകം ആസ്വാദകർക്കിടയിൽ തരംഗംതീർത്ത്‌ മുന്നേറിക്കൊണ്ടിരുന്ന കാലം. വേദിയിൽ ചടുലചലനങ്ങളുമായി നിറഞ്ഞാടിയിരുന്ന പതിനാറുകാരിയായ പെൺകുട്ടിയുടെ കഥാപാത്രം ഏവരുടെയും മനംകവർന്നു. പിന്നീടാണ് അത് 50 വയസ്സിലേറെയുള്ള സാവിത്രി ശ്രീധരൻ എന്ന പ്രഗല്‌ഭയായ നടിയാണെന്ന് പലർക്കും മനസ്സിലായത്.

To advertise here,

നാടകം സാവിത്രി ശ്രീധരന് ജീവിതോപാധി മാത്രമായിരുന്നില്ല. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതചക്രത്തിൽ അവർ ആ വേദനകൾ മറന്നത് നാടകത്തിലൂടെയായിരുന്നു. ‘അരങ്ങിൽ ഏതുവേഷവും അവരുടെ ശരീരഭാഷയായി പരിണമിക്കും. പ്രായമേറുമ്പോഴും പാവാടയും ബ്ലൗസുമിട്ടാൽ പെൺകുട്ടിയാകും. ശബ്ദത്തിനും പ്രായംതോന്നില്ല...’ -നടനും സംവിധായകനുമായ വിൽസൺ സാമുവൽ വിലയിരുത്തുന്നു.

‘ഞങ്ങളൊരുമിച്ച് കുറേ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അവതരണം കഴിഞ്ഞ് ഒന്നിച്ചാണ് മടങ്ങുക...’ -സാവിത്രി ശ്രീധരന്റെ ബന്ധുകൂടിയായ കുട്ട്യേടത്തി വിലാസിനി ഓർക്കുന്നു. ഇവരുടെ മകൻ റോയി ഇഗ്നേഷ്യസ് വിവാഹംകഴിച്ചത് സാവിത്രി ശ്രീധരന്റെ മകൾ പ്രസീനയെയാണ്. വെസ്റ്റ്മാങ്കാവിലെ ‘ശ്രീധരം’ വീട്ടിൽ താഴത്തെയും മുകളിലെയും നിലകളിലായാണ് ഇരുകൂട്ടരും താമസിക്കുന്നത്.

16-ാം വയസ്സിലായിരുന്നു ഈർച്ചമിൽ തൊഴിലാളിയായിരുന്ന ശ്രീധരനുമായി സാവിത്രിയുടെ വിവാഹം. വാക്കുകൊടുക്കുമ്പോൾ ഒരുകാര്യം മാത്രമാണ് വീട്ടുകാർ പറഞ്ഞത്. ഭരതനാട്യവും നാടോടിനൃത്തവുമെല്ലാം ഭംഗിയായി ചെയ്യുന്ന സാവിത്രിയെ കല്യാണശേഷവും നൃത്തത്തിന്‌ അയക്കണം. ശ്രീധരേട്ടനും അത് സമ്മതം. ശ്രീധരേട്ടൻ പിന്നീട് സാവിത്രിയുടെ കലാജീവിതത്തിനും കൈത്താങ്ങായി.

1964-ൽ കോഴിക്കോട് കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യ അവാർഡ് ലഭിച്ചു. 1977-ൽ സംഗീതനാടക അക്കാദമിയുടെ അമെച്ചർ നാടകമത്സരത്തിൽ ‘താഴ്‌വര’ എന്ന നാടകത്തിന് രണ്ടാമത്തെ നല്ല നടിക്കുള്ള പുരസ്കാരവും ലഭിച്ചു. കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകക്കമ്പനികളുടെ ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു. 1977-ലും 93-ലും മികച്ച നാടകനടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു.

നാലുപതിറ്റാണ്ടിലേറെക്കാലം മലയാള നാടകവേദിയിലും വെള്ളിത്തിരയിലും സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച പ്രതിഭയായിരുന്നു അവരെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.