മേലാറ്റൂർ : ലക്ഷങ്ങൾ മുടക്കി മേലാറ്റൂർ വില്ലേജ് ഓഫീസിന് സ്മാർട്ട് കെട്ടിടം നിർമിക്കുന്നതിനുപകരം കോടികൾ മുടക്കി അങ്ങാടിയിൽ പഞ്ചായത്ത് നിർമിച്ച കെട്ടിടസമുച്ചയത്തിൽ വില്ലേജ് ഓഫീസ് സജ്ജമാക്കണമെന്ന ആവശ്യവുമായി മേലാറ്റൂർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം രംഗത്ത്. വർഷങ്ങളായി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തെ പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഈ ആവശ്യം ശക്തമാകുന്നത്.

To advertise here,

വില്ലേജ് ഓഫീസ് പഞ്ചായത്തിന്റെ കെട്ടിടസമുച്ചത്തിൽ സജ്ജീകരിക്കുന്നതിന് എല്ലാവശങ്ങളും നോക്കേണ്ടതുണ്ടെന്ന് മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. റംസീന മുജീബ് പറഞ്ഞു. കൂടിയാലോചനകൾക്കുശേഷം മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. മറ്റു സ്ഥലങ്ങൾ അതിനായി ഉപയോഗിക്കാൻ പറ്റുമോയെന്ന കാര്യവും ചർച്ച ചെയ്തു തീരുമാനിക്കും.

പഞ്ചായത്തിന്റെ കെട്ടിടസമുച്ചയത്തിൽ സജ്ജീകരിക്കുന്നത് പ്രായോഗികമല്ലെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന പോലീസ് ക്വാർട്ടേഴ്‌സ് വളപ്പ്, മൃഗാശുപത്രിയോടു ചേർന്നുള്ള സ്ഥലം എന്നിവ പരിഗണിക്കണമെന്ന് ഫോറം ജനറൽ സെക്രട്ടറി കെ. മനോജ്കുമാർ പറഞ്ഞു. ഫോറം പ്രസിഡന്റ് പി. ഉമ്മർ, ജനറൽ സെക്രട്ടറി കെ. മനോജ്കുമാർ, എൻ. മുഹമ്മദ് ഹനീഫ, സനോജ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വില്ലേജ് അധികൃതർ എന്നിവർക്ക് നിവേദനം നൽകി.