പേരാമ്പ്ര : കഴിഞ്ഞദിവസം പേരാമ്പ്ര ജോയിന്റ് ആർ.ടി. ഓഫീസിൽ ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് ടെസ്റ്റിനായി സഹോദരിക്കൊപ്പം എത്തിയതായിരുന്നു യുവാവ്. എന്നാൽ, ഓഫീസ് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനുമുന്നിലൂടെ റോഡിലൂടെ നടന്നിട്ടും ഓഫീസിന്റെ ബോർഡുമാത്രം കാണാനായില്ല.
2018-ൽ ഓഫീസ് തുടങ്ങിയ സമയത്ത് മതിലിൽ സ്ഥാപിച്ച ബോർഡ് മഴയും വെയിലുംകൊണ്ട് അഴുക്കും പൂപ്പലും പിടിച്ച് അക്ഷരങ്ങൾ കാണാത്ത വിധത്തിലായിരുന്നു. മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കടന്നശേഷം ഓഫീസിന്റെ ചുമരിൽ ബോർഡുണ്ടെങ്കിലും ഇത് റോഡിൽനിന്ന് കാണില്ല. അതിനാൽ ഇരുഭാഗത്തേക്കും നടന്ന് ഏറെ ചുറ്റിത്തിരിഞ്ഞ് അന്വേഷിച്ചാണ് ഒടുവിൽ ഇവർ സ്ഥലം കണ്ടുപിടിച്ചത്. ഒടുവിൽ വാണിമേലുള്ള ആഷിഖ് എന്ന യുവാവ് ഒരു തീരുമാനമെടുത്തു. ഇനി വരുന്നവർ ഇങ്ങനെ ചുറ്റിതിരിഞ്ഞ് കഷ്ടപ്പെടരുത്. അതിന് ഷാംപുവും വെള്ളവും ശേഖരിച്ച് തനിയെ ബോർഡ് കഴുകി വൃത്തിയാക്കാൻ തുടങ്ങി. ഇതോടെ ഡ്രൈവിങ് സ്കൂൾ നടത്തുന്നവരടക്കം യുവാവിന് അഭിനന്ദനവുമായെത്തി.
ആരെയും അറിയിക്കാൻവേണ്ടി ചെയ്തതല്ലാത്തതിനാൽ വാർത്തയാക്കുന്നതിനൊന്നും താത്‌പര്യം കാട്ടാതെ യുവാവ് സ്ഥലത്തുനിന്നും പോകുകയുംചെയ്തു.
പൊതുസ്ഥാപനങ്ങളുടെ ബോർഡുകളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് യുവാവ് എല്ലാവരെയും ഓർമ്മിപ്പിച്ചത്. ബോർഡ് സ്ഥാപിച്ചശേഷം ഒരിക്കൽപോലും ഇത് വൃത്തിയാക്കാൻ ആർക്കും സമയമുണ്ടായില്ല എന്നതിനാലാണ് അക്ഷരങ്ങൾ വായിക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിയത്.
ഇവിടെ സമീപത്തുള്ള മറ്റൊരു സർക്കാർ ഓഫീസിന്റെ ബോർഡും യുവാവ് വൃത്തിയാക്കി.
Published: 13 Sept 2026, 03:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented