സുൽത്താൻബത്തേരി : നൂൽപ്പുഴ പഞ്ചായത്തിലെ വള്ളുവാടി പ്രദേശത്ത് ഒരാഴ്ചയായി പുലിഭീതിയിലാണ്‌ ജനം. ആടുകളെയും നായയെയും ആക്രമിച്ച സംഭവങ്ങൾക്ക് പിന്നാലെ ശനിയാഴ്ച രാത്രി പുലി വീണ്ടുമെത്തി. ശനിയാഴ്ച പുലർച്ചെ കൃഷിയിടത്തോടുചേർന്നുള്ള നീർച്ചാലിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടത്തിയിരുന്നു. കുറിച്യാട് റെയ്ഞ്ച് പരിധിയിലുള്ള സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്താകെയായി ആറ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.

To advertise here,

അതേസമയം, വീണ്ടും പുലി സാന്നിധ്യമുണ്ടായതോടെ വലിയ ഭീതിയിലാണ് നാട്. ദിവസങ്ങൾക്കുമുൻപ് പൂളക്കൽ മുഹമ്മദിന്റെ വീടിനടുത്തെ കൂട്ടിൽനിന്ന് പുലി രണ്ടാടുകളെ കൊണ്ടുപോയി തിന്നുകയും ഒന്നിനെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മറ്റു പലയിടങ്ങളിലും പുലിയുടെ സാന്നിധ്യം പലപ്പോഴായി ഉണ്ടായിരുന്നു. നേരത്തേ ആളുകൾ കടുവയെ കണ്ടതായി പറഞ്ഞിരുന്നത് പുലിയാണെന്ന് വനപാലകർ സ്ഥിരീകരിച്ചിരുന്നു.

തോരമംഗലം, കുളത്തൂർക്കുന്ന് പ്രദേശങ്ങളിലാണ് പുലിയുടെ സാന്നിധ്യമുണ്ടാകുന്നത്. നേരത്തേ കൊണ്ടുപോയ ആടുകളുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ കണ്ടെത്തിയിരുന്നു. ഈ ഭാഗത്തേക്കുതന്നെയാണ് പുലി പോയതെന്നാണ് നിഗമനം. കഴിഞ്ഞദിവസം വയനാട് വന്യജീവിസങ്കേതം മേധാവിയടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

മൂന്ന് സംഘങ്ങളായി പരിശോധന നടത്തുകയും ക്യാമറകൾ സ്ഥാപിക്കുകയുമല്ലാതെ മറ്റ് നടപടിയുണ്ടായില്ല. പുലിയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ശനിയാഴ്ച രാത്രി ക്യാമറയിൽ പതിഞ്ഞു

വള്ളുവാടി തോരമംഗലം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ശനിയാഴ്ച രാത്രി പുലിയുടെ ദൃശ്യം പതിഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പുലി പിടികൂടി ഭക്ഷിച്ച പന്നിയുടെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനടുത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. രാത്രി ഏഴോടെ പുലി വനത്തിൽ നിന്ന് റോഡ് മുറിച്ച് കടന്ന് കൃഷിയിടത്തിലേക്ക് പോകുന്നത് പ്രദേശവാസികളും കണ്ടിരുന്നു.