മാനന്തവാടി: മതിയായ ജലസേചനസൗകര്യമില്ലാത്തതിനാൽ തൃശ്ശിലേരിയിൽ നെൽക്കൃഷി പ്രതിസന്ധിയിൽ. മുത്തുമാരി പാടശേഖരസമിതിക്കുകീഴിലുള്ള 150 ഏക്കറോളം വരുന്ന വയലുകളിലെ നെൽക്കൃഷിയാണ് പ്രതിസന്ധിയിലായത്. വയലുകൾ മിക്കവയും വിണ്ടുകീറിയ നിലയിലാണ്. തൊണ്ണൂറോളം കർഷകരാണ് നെൽക്കൃഷിയിറക്കിയിട്ടുള്ളത്. തൃശ്ശിലേരി സ്കൂളിനു സമീപത്തുള്ള അശവൻകൊല്ലി, കൊടുകളം, കുളിർമാവ്, നുച്ചിക്കണ്ടി വയലുകളാണ് വരണ്ടുണങ്ങുന്നത്. വയലിനു സമീപത്തുകൂടി കടന്നുപോകുന്ന കാക്കത്തോടാണ് കർഷകർക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത്. തോട്ടിൽനിന്നു വെള്ളം പമ്പുചെയ്തു വയലിലെത്തിച്ചാണ് ഇപ്പോൾ നെൽക്കൃഷി സംരക്ഷിക്കുന്നത്. നെൽക്കൃഷിക്കാവശ്യമായ വെള്ളമില്ലാത്തതിനാൽ മഴയെ ആശ്രയിച്ചുള്ള നഞ്ചക്കൃഷി മാത്രമാണ് കർഷകർചെയ്യുന്നത്.

To advertise here,

ഇത്തവണ മഴയെത്തുന്നത് വൈകിയത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഓണത്തിനു മുൻപ്‌ നാട്ടിപ്പണി പൂർത്തിയാക്കാറുള്ള കർഷകർ ഇത്തവണ ഓണം കഴിഞ്ഞ ശേഷമാണ് നാട്ടിപ്പണികൾ പൂർത്തിയാക്കിയത്. ജലസേചന സൗകര്യമൊരുക്കാമെങ്കിലും ബന്ധപ്പെട്ടവർ അതിനു തയ്യാറാവാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് കർഷകനായ കൊടുകളം ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അരീക്കരയെയും പ്ലാമൂലയെയും ബന്ധിപ്പിച്ചുള്ള കുറുമാട്ടിക്കൊല്ലി പദ്ധതി യാഥാർഥ്യമാക്കിയാൽ ഒരു പ്രയാസവുമില്ലാതെ നെൽക്കൃഷിചെയ്യാൻ സാധിക്കും. ഈ പദ്ധതി യാഥാർഥ്യമാക്കണമെന്നത് കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യമാണെങ്കിലും അധികൃതർ മുഖം തിരിക്കുകയാണെന്ന് ഉണ്ണിക്കൃഷ്ണൻ കുറ്റപ്പെടുത്തി.

ഒരു കിലോമീറ്ററോളം നീളത്തിൽ കനാൽ നിർമിച്ച് സുഗമമായി വയലിലേക്ക് വെള്ളമെത്തിക്കാമെന്നിരിക്കെ നെൽക്കർഷകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളൊന്നും ഉണ്ടാവുന്നില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പരാതിപ്പെടുന്നു.

തൊഴിലുറപ്പു പദ്ധതി നെൽക്കൃഷിയിലേക്ക് വ്യാപിപ്പിക്കണമെന്നത് കർഷകരുടെഏറെക്കാലമായുള്ള ആവശ്യമാണെങ്കിലും ഇവയൊക്കെ മുറവിളിയായി ഒതുങ്ങുകയാണ്. കള പറിക്കാനെങ്കിലും തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തിയാൽ തൊഴിലാളികൾക്കു കൂടുതൽ തൊഴിൽദിനങ്ങൾ ലഭിക്കുന്നതിനൊപ്പം കർഷകരും വലിയ പ്രോത്സാഹനമാകും. സമീപത്തുള്ള പന്നിയോട് അണക്കെട്ട് വൃത്തിയാക്കി കനാലുകളൊക്കെ വൃത്തിയാക്കിയാൽ വയലുകളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.