മുള്ളൻകൊല്ലിയിൽ വരൾച്ചാപ്രതിരോധത്തിനായി യോഗം ചേർന്നു

To advertise here,

പുല്പള്ളി : മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ വരൾച്ചാ പ്രതിരോധ മുന്നൊരുക്കങ്ങൾക്കായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗംചേർന്നു. കർണാടക സർക്കാരുമായി സഹകരിച്ച് കബനി നദിയുടെ വിവിധ ഭാഗങ്ങളിൽ തടയണകെട്ടി വെള്ളം സംഭരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്താൻ യോഗം തീരുമാനിച്ചു.

ജലസേചന, റവന്യൂ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കേരള-കർണാടക അതിർത്തിഗ്രാമമായ കബനീ തീരത്തെ കൊളവള്ളിയിലായിരുന്നു യോഗംചേർന്നത്.

കാലവർഷത്തിലുണ്ടായ വലിയകുറവും ഇതേത്തുടർന്ന് കബനി നദിയിലും കൈവഴികളായ തോടുകളിലും ജലനിരപ്പ് കുത്തനെ താഴ്ന്നതും ജലസേചനത്തിന്റെ കുറവുമൂലം കാർഷികമേഖല നേരിടുന്ന പ്രതിസന്ധികളുമെല്ലാം യോഗത്തിൽ ചർച്ചയായി. കാർഷിക മേഖലയിലേക്കാവശ്യമായ ജലസേചന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. പ്രദേശത്ത് നിലവിലുള്ള ജലസേചനപദ്ധതികളുടെ തകരാറിലായ മോട്ടോറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശംനൽകി.

മുള്ളൻകൊല്ലിയിലെ അടിയന്തരസാഹചര്യം ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടുത്തയാഴ്ച ജലസേചനവകുപ്പ് മന്ത്രിയെ നേരിൽകാണും.

കൊളവള്ളിയിലെ പട്ടയമില്ലാത്ത ഭൂമിയിൽ നെൽക്കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിനായി റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടിസ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗിരിജാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് മുരിയൻകാവിൽ, തഹസിൽദാർ വി.ആർ. ജയപ്രകാശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.