നരിക്കുനി : പഴയ ഇരുമ്പുസാധനങ്ങളും തന്റേതായ ഭാവനയും ചേർത്തുവെച്ച് സ്വന്തമായി നാലുചക്രവാഹനം നിർമിച്ച് നാടിനു വിസ്മയമാവുകയാണ് നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി അജ്‌ലാൻ. മൂന്നു മാസത്തെ കഠിനാധ്വാനംകൊണ്ടാണ് ഈ മിടുക്കൻ സ്വപ്നവാഹനം നിരത്തിലിറക്കിയത്. ചെറുപ്പംമുതലേ വാഹനങ്ങളോട് അടങ്ങാത്ത കമ്പമുണ്ടായിരുന്ന അജ്‌ലാന്റെ ആദ്യപരീക്ഷണം സൈക്കിളിൽ നാല് വീലുകൾ ഘടിപ്പിച്ചുകൊണ്ടായിരുന്നു. പിന്നീട് സ്വന്തമായൊരു വാഹനം ഉണ്ടാക്കണമെന്ന മോഹം ശക്തമായതോടെയാണ് വലിയൊരു സംരംഭത്തിനു തുടക്കമിട്ടത്.

To advertise here,

ആക്രിക്കടയിൽനിന്ന് വാങ്ങിയ 2011 മോഡൽ ഹീറോ ഗ്ലാമർ ബൈക്കിന്റെ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. വെൽഡിങ് അടക്കമുള്ള പ്രധാന ജോലികളെല്ലാം സ്വന്തം കൈകൊണ്ടു തന്നെയാണ് അജ്‌ലാൻ പൂർത്തിയാക്കിയത്. ഏകദേശം 35,000 രൂപയാണ് വാഹനത്തിന്റെ നിർമ്മാണച്ചെലവ് വന്നത്. വർക്ക്‌ഷോപ്പുകളിൽ നിന്നും പരിചയക്കാരിൽ നിന്നുമായി ചില പഴയ പാർട്സുകൾ സൗജന്യമായും ലഭിച്ചു. വീട്ടിൽ നിന്നു സ്വന്തമായി ഓടിച്ചാണ് സ്കൂളിലെത്തിച്ചത്.രണ്ടുപേർക്ക് സുഖമായി യാത്രചെയ്യാവുന്ന ഈ പെട്രോൾ വാഹനത്തിന് ലിറ്ററിന് 30 കിലോമീറ്റർ മൈലേജും ലഭിക്കുന്നുണ്ട്. റൂട്ടിലെ ശ്രദ്ധാകേന്ദ്രമാകാൻ ആകർഷകമായ ഹോണും അടിപൊളി പാട്ടുകൾ കേൾക്കാൻ സ്പീക്കർ സംവിധാനവും ഇതിലുണ്ട്.

പഠനത്തോടൊപ്പം ഒഴിവുസമയങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തിയാണ് അജ്‌ലാൻ ഈ നേട്ടം കൈവരിച്ചത്. സ്കൂളിലെ അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരും ഈ കൊച്ചു മിടുക്കന്റെ സാങ്കേതിക മികവിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ഭാവിയിൽ ഓട്ടോമൊബൈൽ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്തണമെന്നാണ് അജ്‌ലാന്റെ ആഗ്രഹം.

എരവന്നൂർ ഓരോട്ട് മുഹമ്മദ് ബഷീറിന്റെയും റഹ്‌മത്തിന്റെയും മകനാണ്. സഹോദരിമാർ: അത്ഫ, അയ്ഫ.