കക്കയം : ഒരേ പേരിൽ, ഒരേ റൂട്ടിൽ അൻപതു വർഷത്തിലധികമായി സർവീസ് നടത്തുകയാണ് കക്കയം-കോഴിക്കോട് റൂട്ടിലെ യുനൈറ്റഡ് ബസ് സർവീസ്. ബസ് സർവീസ് എന്നതിലുപരി കുടിയേറ്റമേഖലയുടെ വികസനചരിത്രത്തിന്റെ ഭാഗമാണ് യുനൈറ്റഡ്. 1971-ലാണ് വലിയ സ്വപ്നങ്ങളുമായി രാവുണ്ണി നായരും തടത്തിൽ കുട്ടിചേട്ടനും ചേർന്ന് ‘യുനൈറ്റഡ് സർവീസ്’ എന്ന കമ്പനിക്ക് തുടക്കമിടുന്നത്. സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ യാത്രാസൗകര്യം ഒരുക്കുക എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. കാലക്രമേണ കമ്പനി വളർന്നു, സമൂഹത്തിന്റെയും മലയോരമേഖലയുടെയും അവിഭാജ്യഘടകമായി മാറി.

To advertise here,

ആദ്യം കോഴിക്കോടുമുതൽ കക്കാടംപൊയിൽ വരെയായിരുന്നു സർവീസ്. പിന്നീട് തലയാട്, കരിയാത്തുംപാറ വഴി കക്കയത്തേക്ക് സർവീസ് നീട്ടുകയായിരുന്നു. ലാഭം കൂടുതൽ ലഭിക്കുന്ന റൂട്ടുകളിലേക്ക് സർവീസ് നടത്താൻ അവസരമുണ്ടായിട്ടും മലയോരമേഖലയിലെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കക്കയം തിരഞ്ഞെടുത്തത്. അതോടെ ബസ് സർവീസ് കുടിയേറ്റമേഖലയുടെ കൂട്ടായ്മയ്ക്കും വികസനത്തിനും വിലപ്പെട്ട പങ്കാണ് വഹിച്ചത്.

ഇന്ന് ബാലുശ്ശേരി-കോഴിക്കോട്, കോഴിക്കോട്-കൂരാച്ചുണ്ട്, കൊയിലാണ്ടി-താമരശ്ശേരി തുടങ്ങിയ റൂട്ടുകളിലും യുനൈറ്റഡ് സർവീസ് ഉണ്ടെങ്കിലും പേര് അതേപടി തുടരുന്നു. അഞ്ചുപതിറ്റാണ്ടുകൾക്കുശേഷം രാവുണ്ണി നായരുടെ മരുമകൻ ബാബുവും കുട്ടിചേട്ടന്റെ മക്കളുമാണ് ഇപ്പോൾ കമ്പനിക്ക് നേതൃത്വം നൽകുന്നത്. സ്കൂളുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും അങ്ങാടികളിലേക്കും പോകാൻ ഈ ബസിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങളുടെ തലമുറകൾ വളർന്നു. ഡ്രൈവർമാരും ജീവനക്കാരും വന്നും പോയുമിരുന്നെങ്കിലും മലയോര-കുടിയേറ്റ മേഖലകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ബസ് സർവീസ് തുടർന്നുകൊണ്ടിരിക്കുകയാണ്.