വടകര : ക്വീൻസ് റോഡിലെ തെരുവു വിളക്കുകൾ കത്തുന്നില്ല. സ്ഥാപിച്ച്‌ മാസങ്ങൾ പിന്നിടുമ്പോഴേക്കും ക്വീൻസ് റോഡിനെ ഇരുട്ടിലാഴ്ത്തി തെരുവുവിളക്കുകൾ എല്ലാം കണ്ണടച്ചിരിക്കുകയാണ്.

To advertise here,

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ന്യൂ ഇന്ത്യ മുതൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം വരെ ഇരുവശങ്ങളിലും നടപ്പാതയ്ക്ക് സമീപത്ത് വിളക്ക് കാലുകൾ സ്ഥാപിച്ച് തെരുവു വിളക്കുകൾ വെച്ചത്. എന്നാൽ ഇപ്പോൾ ഇവയെല്ലാം പ്രവർത്തനരഹിതമായിരിക്കുകയാണ്.

30 വിളക്ക് കാലുകൾ ഇവിടെ ആകെ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് വാഹനമിടിച്ച് തകർന്ന് വീണ നിലയിലാണ്. നാലെണ്ണത്തിൽ ലൈറ്റുകളെ ഇല്ല. അഞ്ചെണ്ണം ആവട്ടെ ഏതുനിമിഷവും വീഴാൻ പാകത്തിൽ തൂങ്ങി നിൽക്കുകയാണ്.

സന്ധ്യ കഴിഞ്ഞാൽ സമീപത്തെ കടകളിൽ നിന്നുള്ള ലൈറ്റും വാഹനങ്ങൾ പോകുമ്പോൾ ഉള്ള ലൈറ്റും മാത്രമാണ് റോഡിലുള്ളത്. കടകൾ അടച്ചു കഴിയുമ്പോൾ മൊബൈലിന്റെ ടോർച്ച് തെളിച്ചാണ് പലരും നടക്കുന്നത്. രാത്രിയാകുമ്പോൾ ഈ ഭാഗങ്ങളിൽ തെരുവുനായ ശല്യവും ഉണ്ട്. പൊട്ടിയ വിളക്കുകാലിന്റെ ബാക്കി ഭാഗങ്ങളിൽ വാഹനങ്ങളുടെ ടയറുകൾ കൊള്ളുകയും കീറിപ്പോവുകയും ചെയ്യുന്ന സാഹചര്യവും ഉണ്ട്.

ഞായറാഴ്ചകളിൽ സൺഡേ മാർക്കറ്റ് നടക്കുന്ന സ്ഥലം കൂടിയാണ് ക്വീൻസ് റോഡ്. തെരുവുവിളക്കുകൾ കത്താത്തതുകൊണ്ട് ഇരുട്ട് വീഴുമ്പോഴേക്കും കച്ചവടം അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. പലരും സ്വന്തമായി ബൾബുകളും മറ്റും വെച്ചാണ് കച്ചവടം നടത്തുന്നത്. ചിലർക്കാകട്ടെ ഇത്തരം സൗകര്യങ്ങളുമില്ല.

ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിട്ടുണ്ട് എന്നാണ് നഗരസഭ പറയുന്നത്.

പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തെരുവുവിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും നഗരസഭ ചെയർമാൻ പി.കെ. ശശി അറിയിച്ചു.

വൺ ടു ത്രീ മാളിന് സമീപത്ത് റോഡിലെ കൊരുപ്പ് കട്ടകൾ ഇളകി മാറിയിട്ടുമുണ്ട്. ഇത് ഇരുചക്ര വാഹന യാത്രക്കാർക്ക് ഉൾപ്പെടെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

ക്വീൻസ് റോഡിന്റെ ചില ഭാഗങ്ങളിൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വൺ വേ തെറ്റിച്ച് വാഹനങ്ങൾ പോകുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.