മടവൂർ : മടവൂർ ഗ്രാമപ്പഞ്ചായത്തിലെ 15, 18 വാഡുകളിലൂടെ കടന്നുപോകുന്ന ആരാമ്പ്രം-പുറ്റുമണ്ണിൽത്താഴം റോഡുമായി ബന്ധിപ്പിക്കുന്ന ആരാമ്പ്രം-പൊയിൽത്താഴം റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി.

To advertise here,

വർഷങ്ങൾക്കുമുൻപ്‌ കേരള പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും നവീകരിക്കുകയും ചെയ്ത റോഡ് പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ ജില്ലാപഞ്ചായത്തിന് കൈമാറുകയായിരുന്നു.

എന്നാൽ ഫണ്ടില്ലാത്തുമൂലം ജില്ലാപഞ്ചായത്ത് കാര്യമായ ഒരു അറ്റകുറ്റപ്പണിയും നടത്താതെ അവഗണിക്കുകയായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യു.ഡി.എഫ്. സർക്കാർ റോഡ് ഏറ്റെടുത്ത് നവീകരിക്കുകയുമായിരുന്നു.

എന്നാൽ, കഴിഞ്ഞ പത്തുവർഷത്തോളമായി കാര്യമായ നവീകരണം നടത്താതെ കുഴികൾനിറഞ്ഞ് യാത്ര ദുഷ്‌കരമായിരിക്കയാണ്. ജൽജീവൻ പദ്ധതിക്ക് വെട്ടിപ്പൊളിച്ചഭാഗവും ഇതുവരെ പുനർനിർമിച്ചിട്ടില്ല.

ആരാമ്പ്രത്തുനിന്ന്‌ തുടങ്ങി ചോലക്കരത്താഴം വഴി മുക്കടം കാട് എത്തി അവിടെനിന്ന്‌ പൊയിൽത്താഴം വഴി കുരുവട്ടൂർ പഞ്ചായത്തിലെ പുറ്റുമണ്ണിൽത്താഴം വരെ നീളുന്ന ഏഴുകിലോമീറ്റർ ദൈർഘ്യംവരുന്നതാണ് പൊതുമരാമത്ത് റോഡ്. ആരാമ്പ്രത്ത് പടനിലം-നന്മണ്ട റോഡുമായി ബന്ധിപ്പിക്കുന്നു.

പയമ്പ്ര, കുന്ദമംഗലത്തേക്കും കോഴിക്കോട്ടേക്കും പോകുന്നതിനായി നാട്ടുകാർ ഉപയോഗപ്പെടുത്തുന്നു. ഉൾപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിൽ ആരാമ്പ്രംമുതൽ മുക്കടം കാട് വരെ ബസ് സർവീസ് നടത്തുന്നില്ല.

ഇവിടെ യാത്രക്കാർ പ്രധാനമായും ടാക്‌സിവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകളും ഓട്ടംനിർത്തുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.

അറ്റകുറ്റപ്പണി നടത്തണം

ആരാമ്പ്രം-പൊയിൽത്താഴം റോഡ് ഉടൻ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എം.എൽ. എ.ക്കും, നരിക്കുനി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർക്കും പരാതി നൽകിയിരിക്കയാണ്.