മുക്കുന്നിലിരിക്കുമ്പോൾ കണ്ണാടിക്കാട് കാണണമെന്ന ആഗ്രഹം നിള ഒരിക്കൽ കൂടി കൂട്ടുകാരോട് പറഞ്ഞു. അവർ പതിവു പോലെ നിരുത്സാഹപ്പെടുത്തി. പക്ഷേ, നിള വാശി പിടിച്ചു. കൂടെ വരാൻ ഭയമാണെങ്കിൽ വഴി പറഞ്ഞു തന്നാൽ മതിയെന്ന് നിള പറഞ്ഞു. എന്തുസംഭവിച്ചാലും നിള കണ്ണാടിക്കാട് കണ്ടേ അടങ്ങൂ എന്ന് ജാനകിക്കും ദേവതയ്ക്കും ബോധ്യമായി. ഒടുവിൽ അവർ സമ്മതിച്ചു.
അങ്ങനെ ഒരു വൈകുന്നേരം അവർ കണ്ണാടിക്കാട്ടിലേക്ക് പുറപ്പെട്ടു. അവർ യാത്ര തുടങ്ങുന്നതിന് മുൻപേ ഡുമിനി മുന്നിൽ കയറി നടക്കാൻ തുടങ്ങി.
Also Read
''കണ്ണാടിയെ പറ്റി ഒന്നുമറിയാത്തതുകൊണ്ടാണ് അവൾ ഗമയോടെ മുന്നിൽ നടക്കുന്നത്.'' - ദേവത പറഞ്ഞത് കേട്ട് ജാനകി വാ പൊത്തി ചിരിച്ചു.
പുഴയിലേക്ക് നീണ്ട് കിടക്കുന്ന തുരുത്ത് പോലെയാണ് ശരിക്കും കണ്ണാടിക്കാട്. മൂന്നു ഭാഗം വെള്ളം. ഇടവഴികളും പാടശേഖരങ്ങളും കടന്ന് ആരുടേയും കണ്ണിൽപ്പെടാതെ അവരാ കാടിനു മുന്നിലെത്തി. നിള അത്ഭുതപ്പെട്ടു പോയി.
ശരിക്കും കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്ന പച്ചിലക്കാട്. അവിടം മുഴുവൻ പച്ചനിറം പ്രതിഫലിച്ചു കിടന്നു. പച്ചനിറമുള്ള പ്രകാശം കാടിനു മേൽ നിറഞ്ഞു നിന്നു.
കാട്ടിനുള്ളിൽ നിന്ന് പല ശബ്ദങ്ങളും കേട്ടു. നിളയ്ക്ക് ഒട്ടും പേടി തോന്നിയില്ല. ആളുകൾ പറയുന്ന പോലെ പേടിക്കേണ്ടതായി അവിടെ ഒന്നും തന്നെയുളളതായി അവൾക്ക് തോന്നിയില്ല. ഭയത്തിന് പകരം അവിടെ നിറഞ്ഞു നിന്നത് സൗന്ദര്യം മാത്രമായിരുന്നു.
അവളത് കൂട്ടുകാരോട് പറഞ്ഞു.
''കണ്ണാടിക്കാട് ഒതളങ്ങ പോലെയാണ്. കണ്ടാൽ മാമ്പഴമാണെന്ന് തോന്നും. പക്ഷേ, വിഷമാണകത്ത്.'' - ജാനകി പറഞ്ഞു.
''ഇവിടെ കൂടുതൽ നേരം നിൽക്കുന്നത് അപകടമാണ്. പോകാം.'' - ദേവത നടക്കാൻ തുടങ്ങി.
നിളയ്ക്ക് കണ്ട് മതിയായിട്ടില്ലായിരുന്നു. മനസില്ലാ മനസോടെ അവൾ കൂടെ നടന്നു. പെട്ടെന്നാണ് അവൾക്ക് ഡുമിനിയെ ഓർമ വന്നത്. അവൾ ചുറ്റും നോക്കി. ഡുമിനിയെ കാണാനില്ല.
''ഡുമിനീ... ഡുമിനീ.'' - അവൾ വിളിച്ചു.
മുമ്പേ നടക്കുകയായിരുന്ന ജാനകിയും ദേവതയും തിരികെ വന്നു.
''എന്തുപറ്റി?''
''ഡുമിനിയെ കാണുന്നില്ല.''
അവർ മൂന്നു പേരും കൂടി ഉറക്കെ വിളിച്ചു.
കണ്ണാടിക്കാടിനകത്ത് നിന്ന് ഡുമിനിയുടെ കരച്ചിൽ കേട്ട പോലെ അവർക്ക് തോന്നി.
''അവളെങ്ങനെ അതിനകത്തെത്തി?''- ദേവത ചോദിച്ചു.
''അറിയില്ല.'' - നിള പറഞ്ഞു.
അവർ വീണ്ടും വീണ്ടും വിളിച്ചു. മറുപടിയില്ല.
''ഇനിയെന്തു ചെയ്യും?''
അവർക്കൊരു പിടിയും കിട്ടിയില്ല.
''ഞാൻ അകത്ത് കയറാൻ പോകുന്നു.'' - പെട്ടെന്നാണ് നിള പറഞ്ഞത്.
അതുകേട്ട് ജാനകിയും ദേവതയും ഞെട്ടിപ്പോയി.
''വേണ്ട. അതപകടമാണ്.'' - അവർ പിന്തിരിപ്പിച്ചു.
''എന്തു സംഭവിച്ചാലും ഞാൻ ഡുമിനിയില്ലാതെ തിരികെ വരില്ല.'' - നിള ഉറപ്പിച്ച് പറഞ്ഞു.
''ശരി, ഞങ്ങളും കൂടെ വരാം.''
അങ്ങനെ മൂന്നാളും കൈകൾ കോർത്ത് പിടിച്ച് കാടിനകത്തേക്ക് കയറി. അവർ കാലെടുത്തു വച്ച നിമിഷം മരക്കൊമ്പുകളിൽ നിന്ന് ഏതൊക്കെയോ പക്ഷികൾ ചിറകടിച്ചു. കരിയിലകൾക്കിടയിൽ നിന്ന് എന്തൊക്കെയോ ഇളകി. ജാനകിയും ദേവതയും പേടിച്ച് വിറച്ചു. നിള അവരെ സമാധാനിപ്പിച്ചു.
എങ്ങനെയൊക്കെയോ അവർ തുറസ്സായ ഒരു ഭാഗത്തെത്തി. വൃത്താകൃതിയിൽ ഒരു പുൽമേടു പോലെയായിരുന്നു ആ ഭാഗം. ഒന്നുരണ്ട് കരിഞ്ഞുണങ്ങിയ മരങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ചുറ്റിനും നോക്കി കൊണ്ട് അവരാ പുൽപ്പടർപ്പിലേക്ക് കാലെടുത്തു വച്ചു. അതേ നിമിഷം വലിയൊരു ശബ്ദത്തോടെ ഒരു മരക്കൊമ്പ് ഒടിഞ്ഞു വീണു. ദേവത അറിയാതെ അലറി. ജാനകി അവളുടെ വാ പൊത്തി.
''ഉണങ്ങിയ മരക്കൊമ്പാണത്.'' - നിള പറഞ്ഞു.
അവൾ പുൽമേടിനപ്പുറത്തേക്ക് നടക്കാൻ തുടങ്ങി. പെട്ടെന്ന് ജാനകി അവളെ പിടിച്ചു നിർത്തി.
''എന്താ?'' - നിള ചോദിച്ചു
മറുപടി പറയാതെ ജാനകി ഒരു മരത്തിലേക്ക് വിരൽ ചൂണ്ടി.
നിള അങ്ങോട്ട് നോക്കി.
ഉയരമുള്ള ഒരു മരത്തിന്റെ ഇലകൾക്കു മീതെ അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു മന്ത്രവാദിനി.
അവർ നോക്കി നിൽക്കേ മന്ത്രവാദിനി ഒരു കുതിപ്പിന് വവ്വാലിനെ പോലെ താഴോട്ട് പറന്നിറങ്ങി. പിന്നെ പുൽപ്പടർപ്പിലൂടെ അവർക്കു നേരെ നടന്നു.
ജാനകിയും ദേവതയും പേടിയോടെ നിളയുടെ പിറകിലൊളിച്ചു. നിള പക്ഷേ, ഒട്ടും ഭയപ്പെടാതെ മന്ത്രവാദിനിയെ നിരീക്ഷിക്കുകയായിരുന്നു. മന്ത്രവാദിനിയുടെ അഴിച്ചിട്ട മുടി കാറ്റിലുലയുന്നുണ്ടായിരുന്നു. ഇരുനിറമുളള മുഖത്തെ നീലക്കണ്ണുകൾ ഇന്ദ്രനീലം പോലെ ജ്വലിച്ചു. മന്ത്രവാദിനിയുടെ ഓരോ കാൽവെയ്പ്പിലും അരയിലെ താക്കോൽക്കൂട്ടങ്ങൾ കിലുങ്ങി.
''എന്തിനാണ് കണ്ണാടിക്കാട്ടിൽ കയറിയത്? ഇങ്ങോട്ടാരും വരുന്നത് എനിക്കിഷ്ടമല്ല.'' - മന്ത്രവാദിനി പറഞ്ഞു.
''ഞങ്ങൾ ഉപദ്രവമുണ്ടാക്കാൻ വന്നതല്ല. ദൂരെ നിന്ന് കാടൊന്ന് കണ്ടിട്ടു പോകാൻ വന്നതാണ്.'' - നിള പറഞ്ഞു.
''കണ്ടു കഴിഞ്ഞാൽ തിരിച്ചു പോകണം. പിന്നെന്തിനാ അകത്ത് കയറിയത്?''
''ഡുമിനിയെ തിരഞ്ഞ് വന്നതാ.''
''ഡുമിനി?''
''ഞങ്ങളുടെ പൂച്ചക്കുട്ടി. അവളില്ലാതെ തിരിച്ചു പോകാനാവില്ല.''
മന്ത്രവാദിനി ചെവിയിൽ കൈപ്പടം വെച്ച് എന്തോ കാതോർത്തു.
''മൂന്നാളുടേയും പേരെന്താണ്?'' - മന്ത്രവാദിനി ചോദിച്ചു.
അവർ പേര് പറഞ്ഞു.
''എത്രാം ക്ലാസിലാ പഠിക്കുന്നത്?''
''അഞ്ചാം ക്ലാസിലേക്ക് ജയിച്ചു.''
മന്ത്രവാദിനി എന്തോ ഗാഢമായി ആലോചിച്ചു. പിന്നെ പൂച്ചയുടേത് പോലെ ശബ്മുണ്ടാക്കി. അപ്പോൾ അകലെ നിന്ന് ഡുമിനിയുടെ കരച്ചിൽ കേട്ടു. മന്ത്രവാദിനി വീണ്ടും ശബ്ദമുണ്ടാക്കി. നിമിഷങ്ങൾക്കകം ഡുമിനി അവരുടെ മുന്നിലെത്തി.
നിള സന്തോഷത്തോടെ ഡുമിനിയെ വാരിയെടുക്കാനായി കുനിഞ്ഞു. അതിനു മുൻപേ ഡുമിനി മന്ത്രവാദിനിയുടെ കൈകളിലെത്തി.
''കണ്ണാടിക്കാടിനുള്ളിൽ അതിക്രമിച്ചു കയറിയവർക്ക് അത്ര എളുപ്പത്തിൽ തിരിച്ചു പോകാൻ കഴിയില്ല.''- മന്ത്രവാദിനി പറഞ്ഞു.
നിളയും കൂട്ടുകാരും പരസ്പരം നോക്കി.
''സോറി, ഞങ്ങൾ ഇനി അനുവാദമില്ലാതെ കയറില്ല.'' - നിള പറഞ്ഞു.
''സോറി കൊണ്ടൊന്നും കാര്യമില്ല.''
''പിന്നെ?''
മന്ത്രവാദിനി വീണ്ടും എന്തോ ആലോചിച്ചു.
''ശരി, ഞാൻ മൂന്നാളോടും ഓരോ ചോദ്യങ്ങൾ ചോദിക്കും. മൂന്നാളും ശരിയുത്തരം പറഞ്ഞാൽ പൂച്ചക്കുഞ്ഞിനെ തരും. ഇല്ലെങ്കിൽ വെറും കൈയോടെ മടങ്ങേണ്ടി വരും.''
''അപ്പോൾ ഡുമിനി?''
''നാളെ ശരിയുത്തരവുമായി എന്നെ കാണാൻ വരണം.''
''അപ്പോൾ ഡുമിനിയെ തരുമോ?''
''ഇല്ല. നാളെ മറ്റൊരു ചോദ്യം ചോദിക്കും. അതിന് ശരിയുത്തരം പറഞ്ഞില്ലെങ്കിൽ മറ്റന്നാളത്തേക്കും നീളും. ശരിയുത്തരം പറയുന്നതു വരെ പൂച്ചക്കുഞ്ഞിനെ വിട്ടു തരില്ല. സമ്മതമാണോ?''
''സമ്മതം.''
മന്ത്രവാദിനിയുടെ ആദ്യത്തെ ചോദ്യം ജാനകിയോടായിരുന്നു.
''നർമ്മദ ബച്ചാവോ ആന്ദോളൻ സമരത്തിന്റെ നേതാവായ വനിത ആരാണ്?''
ഒരു നിമിഷം പോലും ആലോചിക്കാതെ ജാനകി പറഞ്ഞു: ''മേധാ പട്കർ.''
അടുത്ത ചോദ്യം ദേവതയോടായിരുന്നു.
''മുത്തങ്ങ സമരത്തിന്റെ നേതാവായ വനിത?''
''സി.കെ ജാനു.''
''ശരി, അവസാനത്തെ ചോദ്യം.''
നിള തയ്യാറായി.
''കാലാവസ്ഥയ്ക്കു വേണ്ടി സ്‌കൂൾ പണിമുടക്കുകൾ നടത്തി ലോകശ്രദ്ധയാകർഷിച്ച സ്വീഡനിലെ വിദ്യാർത്ഥിനിയുടെ പേരെന്താണ്?''
നിള ആലോചിച്ചു.
''പത്ത് സെക്കന്റ് സമയം.'' - മന്ത്രവാദിനി പറഞ്ഞു.
ഒന്ന്, രണ്ട്, മൂന്ന്, നാല്... സെക്കന്റുകൾ അതിവേഗം തീർന്നു. ജാനകിയും ദേവതയും അവളെ നുള്ളി: ''വേഗം പറ.''
പത്ത് സെക്കന്റുകൾ തീർന്നു.
മന്ത്രവാദിനി പൊട്ടിച്ചിരിച്ചു.
ഡുമിനിയെ തലോടിക്കൊണ്ട് അവൾ പറഞ്ഞു: ''ഇന്നത്തെ ചോദ്യത്തിന്റെ ശരിയുത്തരവുമായി നാളെ വാ. നാളത്തെ ചോദ്യം അപ്പോൾ തരാം.''
''ശരിയുത്തരവുമായി എപ്പോഴാണ് വരേണ്ടത്?''- നിള ചോദിച്ചു.
''എപ്പോൾ വേണമെങ്കിലും.''
ഡുമിനിയില്ലാതെ അവർ തിരിച്ചു വീട്ടിലേക്ക് നടന്നു.
''ഇനിയാ ചോദ്യത്തിന്റെ ഉത്തരം എങ്ങനെ കണ്ടുപിടിക്കും?''- ദേവത ചോദിച്ചു.
''ഗ്രേറ്റ എർമാൻ തൻബർഗ് എന്നാണതിന്റെ ഉത്തരം.''- നിള പറഞ്ഞു.
ജാനകിയും ദേവതയും ഞെട്ടിപ്പോയി.
''നിനക്കതിന്റെ ഉത്തരം അറിയാമായിരുന്നോ? എന്നിട്ട് നീയെന്താ പറയാതിരുന്നത്?''
നിള പൊട്ടിച്ചിരിച്ചു.
കൂട്ടുകാർക്ക് കാര്യമൊന്നും മനസിലായില്ല.
''ഇപ്പോൾ നമുക്ക് കണ്ണാടിക്കാട്ടിൽ കയറാൻ പറ്റി. നാളെ നമുക്ക് മന്ത്രവാദിനിയുടെ വീട്ടിൽ കയറാം. ഉത്തരവുമായി. അതിക്രമിച്ച് കയറിയതിന് നമ്മളെ പിന്നെ ശിക്ഷിക്കാനാവില്ലല്ലോ.''
''ഭയങ്കരി. മന്ത്രവാദിനിയുടെ വീട്ടിൽ കയറാൻ വേണ്ടി നീ മനപൂർവ്വം ഉത്തരം പറയാതിരുന്നതാണല്ലേ?''
നിള കണ്ണിറുക്കി. (തുടരും...)
Content Highlights: Kannadiyile Manthravadhini Novel Part 14
Published: 26 Jun 2026, 12:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented