കണ്ണാടിയിലെ ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന ഭാഗത്താണ് വനതിയുടെ വീട്. ഒരിത്തിരി ഉയർന്ന ഭാഗമാണത്. ചുറ്റുവട്ടത്തൊന്നും മറ്റൊരു വീടുമില്ല. വനതിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഒരാളും ആ ഭാഗത്തേക്ക് പോകാൻ ധൈര്യപ്പെട്ടിരുന്നില്ല. വർഷങ്ങൾക്കുശേഷം അങ്ങോട്ടുള്ള വഴിത്താരയിൽ മൂന്നു കുട്ടികളുടെ കാൽപ്പാദങ്ങൾ പതിഞ്ഞു.
ജാനകിക്കും ദേവതക്കും പേടി വിട്ടുമാറിയിരുന്നില്ല. നിള പക്ഷേ, നല്ല ഉത്സാഹത്തിലായിരുന്നു. മന്ത്രവാദിനിയുടെ വീട്ടിൽ പോയതറിഞ്ഞാൽ ആകെ പ്രശ്നമാകുമെന്നറിയുന്നതു കൊണ്ട് ഒളിച്ചും പതുങ്ങിയുമൊക്കെയാണ് അവർ നടന്നിരുന്നത്.
Also Read
''ശരിക്കും എന്താണ് നിന്റെ ഉദ്ദേശം?'' - ദേവത ചോദിച്ചു.
''അതൊക്കെ പറയാം.'' - നിള എങ്ങും തൊടാതെ പറഞ്ഞു. സത്യത്തിൽ തന്റെ ഉദ്ദേശമെന്താണെന്ന് അവൾക്കു പോലും പിടിയില്ലായിരുന്നു.
ഇത്തിരി അകലത്തായി മന്ത്രവാദിനിയുടെ വീട് തെളിഞ്ഞപ്പോൾ ദേവതയുടേയും ജാനകിയുടേയും നടത്തത്തിന്റെ വേഗത താനേ കുറഞ്ഞു.
''നമ്മൾ അങ്ങോട്ട് പോകണോ?'' - അവർ സംശയിച്ചു.
അതിന് മറുപടി പറയാതെ നിള മുന്നോട്ട് തന്നെ നടന്നു. ഗത്യന്തരമില്ലാതെ അവരും.
ഓടിട്ട കുഞ്ഞു വീടായിരുന്നു മന്ത്രവാദിനിയുടേത്. മരങ്ങൾ, പൂച്ചെടികൾ, ഇല്ലിമുൾ വേലി. പറഞ്ഞു കേട്ട കഥകളിലെ ദുർമന്ത്രവാദിനികളുടെ വാസസ്ഥലവുമായി ഒരിക്കലും യോജിക്കാത്ത അന്തരീക്ഷം.
''മോഡേൺ മന്ത്രവാദിനിയായതു കൊണ്ടാവും.'' - ജാനകി പറഞ്ഞു
അതു ശ്രദ്ധിക്കാതെ നിള വേലി കടന്ന് മുറ്റത്തെത്തി. കോളിംഗ് ബെല്ലിൽ വിരലമർത്തി. വാതിൽ തുറന്ന് ആരും പുറത്ത് വന്നില്ല. രണ്ട് മൂന്ന് തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. അവർ വീടിന് ചുറ്റും നടന്നു. ആരേയും കണ്ടില്ല.
''മന്ത്രവാദിനി കണ്ണാടിക്കാട്ടിലാവും.'' - ജാനകി മന്ത്രിച്ചു.
ജനവാതിലുകളിലൊന്ന് തുറന്നു കിടക്കുകയായിരുന്നു. അതിലൂടെ അവർ അകത്തേക്ക് നോക്കി. മുറി നിറയെ പുസ്തകങ്ങൾ അട്ടിവെച്ചിരിക്കുകയായിരുന്നു.
''ദുർമന്ത്രവാദം പഠിപ്പിക്കുന്ന പുസ്തകങ്ങളാവും. അതൊക്കെ വായിച്ചിട്ടാണ്....''
ജാനകിപറഞ്ഞു പൂർത്തിയാക്കിയില്ല. അതിനു മുൻപേ ഒരു വാഹനത്തിന്റെ ഹോൺ മുഴങ്ങി. അവർ ഞെട്ടിത്തിരിഞ്ഞു നോക്കി. കയറ്റം കയറി വരികയായിരുന്നു വനതിയുടെ സ്‌കൂട്ടി.
''എന്താ വല്ല ഗൂഢാലോചനയുമാണോ എന്നെ തകർക്കാൻ?'' - സ്‌കൂട്ടി സ്റ്റാൻഡിലിട്ടുകൊണ്ട് വനതി ചോദിച്ചു.
''ഉത്തരവുമായി വന്നതാ.''- നിള പറഞ്ഞു.
മന്ത്രവാദിനി ഒന്നും മിണ്ടാതെ വാതിൽ തുറന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു.
ജാനകിയും ദേവതയും മടിച്ചു. നിള മടിയൊന്നുമില്ലാതെ അകത്തേക്ക് നടന്നു.
മന്ത്രവാദിനി അവർക്കിരിക്കാൻ കസേരയിട്ടു കൊടുത്തു.
''ഇങ്ങോട്ടാരെങ്കിലും വന്നിട്ട് എത്രയോ വർഷങ്ങളായി.'' - മന്ത്രവാദിനി പറഞ്ഞു.
''അതെന്താ?'' - നിള അറിയാത്ത പോലെ ചോദിച്ചു
''ഞാൻ മന്ത്രവാദിനിയല്ലേ. ദുർമന്ത്രവാദിനി.''
''എനിക്ക് തോന്നുന്നില്ല.''
''ഓഹോ നിനക്കെന്നെ ഭയമില്ലേ?''
''ഇല്ല.''
വനതിക്ക് അത്ഭുതമായി.
''ഭയമുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നലെ തന്നെ ശരിയുത്തരം പറയുമായിരുന്നു.''
വനതി കുറേനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
പിന്നെ പറഞ്ഞു: ''ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം.''
വനതി അകത്തേക്ക് പോയി.
നിള എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൂട്ടുകാർക്ക് അപ്പോഴും പിടി കിട്ടിയിരുന്നില്ല. മന്ത്രവാദിനി മൂന്നു ഗ്ലാസുകളിൽ സർബത്തുമായി വന്നു. ജാനകിക്കും ദേവതയ്ക്കും അത് കുടിക്കാനിത്തിരി മടി തോന്നി.
''കൈവിഷം കലർത്തിയിട്ടുണ്ടെന്ന് പേടിച്ചിട്ടാണോ?'' - പുഞ്ചിരിയോടെ വനതി ചോദിച്ചു.
അവർക്ക് വല്ലാത്ത ലജ്ജ തോന്നി. അവർ നിളയെ നോക്കി. അവളുടെ ഗ്ലാസ് എപ്പഴേ കാലിയായി കഴിഞ്ഞിരുന്നു. മടിയോടെയാണെങ്കിലും ഒരുവിധം അവരത് കുടിച്ചു തീർത്തു.
ഗ്ലാസ് കൊണ്ടുപോയി തിരികെ വരുമ്പോൾ മന്ത്രവാദിനിയുടെ കൈയ്യിൽ ഡുമിനിയുണ്ടായിരുന്നു. നിളയെ കണ്ടപ്പോൾ അത് ചിണുങ്ങി കൊണ്ട് മടിയിൽ കയറിയിരുന്നു.
''ഇനി പൊയ്ക്കോളൂ.'' - മന്ത്രവാദിനി പറഞ്ഞു.
''അപ്പോ ചോദ്യമൊന്നുമില്ലേ?''-നിള ചോദിച്ചു.
''ഇല്ല. പൂച്ചക്കുഞ്ഞിനേയുമെടുത്ത് വേഗം സ്ഥലം വിടാൻ നോക്ക്.'' -മന്ത്രവാദിനി ഗൗരവത്തിലായി.
ജാനകിയും ദേവതയും പോകാനായി എഴുന്നേറ്റു. നിള പക്ഷേ, അനങ്ങിയില്ല.
''പോകൂ. ഇനിയൊരിക്കലും ഈ വഴി വരരുത്.'' - മന്ത്രവാദിനി വീണ്ടും പറഞ്ഞു.
''അതെന്താ ഞങ്ങൾ ചീത്ത കുട്ടികളാണോ?''
''അല്ല. ഞാനാണ് ചീത്ത.''
''അതെനിക്കു കൂടി തോന്നണ്ടേ?''
''ഞാൻ ദുർമന്ത്രവാദിനിയാണ് കുട്ടീ. എന്നോട് കൂട്ടു കൂടാൻ നിൽക്കണ്ട.''
നിള ചിരിച്ചു.
വനതിക്ക് ആ ചിരി കണ്ടപ്പോൾ ദേഷ്യം വന്നു.
അവൾ മേശപ്പുറത്ത് നിന്ന് ഒരു പേനയെടുത്ത് വായുവിൽ മൂന്നു തവണ ചുഴറ്റി. എന്നിട്ട് മേശയിൽ വെച്ചു. പേന ഒരു പാമ്പായി മാറി.
അതു കണ്ട് ജാനകിയും ദേവതയും ഭയപ്പെട്ടു.
''മാജിക് എനിക്കിഷ്ടമാണ്. എന്നെ പഠിപ്പിക്കുമോ?'' - നിള ചോദിച്ചു.
അവളുടെ കൂസലില്ലായ്മ കണ്ട് വനതിയുടെ കണ്ണുകൾ ജ്വലിച്ചു.
''എന്നെ ദേഷ്യം പിടിപ്പിക്കാതെ പൊയ്ക്കോ. ഇല്ലെങ്കിൽ നിന്റെ പൂച്ചക്കുഞ്ഞിനെ ഞാൻ കല്ലാക്കി മാറ്റും.'' - മന്ത്രവാദിനി പറഞ്ഞു.
''നിങ്ങൾക്കതിനു കഴിവുണ്ടെങ്കിലും നിങ്ങളത് ചെയ്യില്ലെന്ന് എനിക്കറിയാം. ഞങ്ങൾ പൊയ്ക്കോളാം. വെറുതെ ബുദ്ധിമുട്ടിക്കുന്നില്ല.''
അതു പറഞ്ഞ് നിള എഴുന്നേറ്റു.
പോകാൻ നേരം അവൾ ഇത്ര കൂടി പറഞ്ഞു: ''കണ്ണാടിക്കാട് സംരക്ഷിക്കാനാണ് നിങ്ങൾ മന്ത്രവാദിനിയുടെ വേഷം കെട്ടിയത് എന്നെനിക്കറിയാം ചേച്ചീ. എനിക്കും ഇഷ്ടമാണ് കാട്. പക്ഷികൾ, മൃഗങ്ങൾ, പാമ്പുകൾ അങ്ങനെ എല്ലാവർക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. എല്ലാ മനുഷ്യരും ചീത്തയല്ല ചേച്ചീ.''
അത്രയും പറഞ്ഞു കൊണ്ട് ഡുമിനിയേയുമെടുത്ത് നിള നടന്നു. ജാനകിയും ദേവതയും പിന്നാലേയും.
വേലി കടക്കുമ്പോൾ നിള വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. മന്ത്രവാദിനി കരയുന്നത് അവൾ കണ്ടു. (തുടരും...)
Content Highlights: Kannadiyile Manthravadhini Malayalam Novel Part 15
Published: 03 Jul 2026, 10:33 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented