പാവം പൂച്ചക്കുഞ്ഞ്. ഭക്ഷണം കഴിച്ചിട്ട് രണ്ടോ മൂന്നോ ദിവസമായിട്ടുണ്ടാകുമെന്ന് അതിന്റെ മുഖം കണ്ടാൽ തോന്നും.

To advertise here,

''നമുക്ക് ഇതിനെ വീട്ടിലേക്ക് കൊണ്ടുപോയാലോ?''- നിള ചോദിച്ചു.

Also Read

''എന്നിട്ടോ?''

''നമുക്ക് വളർത്താം. ഭക്ഷണവും വെള്ളവും കിട്ടാതെ അതിവിടെ കിടന്നു ചാവും. പാവം അതിന്റെ അമ്മ എവിടെയോ ഇരുന്നു കരയുന്നുണ്ടാവും.''

കൂട്ടുകാർ സമ്മതിച്ചു. അങ്ങനെ ആ പൂച്ചക്കുഞ്ഞ് അവരോടൊപ്പം വീട്ടിലെത്തി.

''ഇതെവിടുന്ന് കിട്ടി പൂച്ച കുഞ്ഞിനെ?'' - അച്ഛമ്മ ചോദിച്ചു.

നിള എല്ലാം വിശദമായി പറഞ്ഞു.

''പൂച്ചക്കുഞ്ഞ് വീട്ടിലുള്ളത് നല്ലതാ. ഇവിടെയാണെങ്കിൽ എലി ശല്ല്യവുമുണ്ട്.''- അച്ഛച്ഛൻ പറഞ്ഞു. അച്ഛമ്മ അടുക്കളയിൽ പോയി ഒരു പാത്രത്തിൽ പാല് ചൂടാക്കി കൊണ്ടുവന്നു. നിള അത് പൂച്ചക്കുഞ്ഞിന് മുന്നിലേക്ക് നീക്കി വെച്ചു. പൂച്ചക്കുഞ്ഞ് ആർത്തിയോടെ പാൽ കുടിച്ചു. നിമിഷനേരം കൊണ്ട് പാൽപാത്രം വറ്റി.

''പാവം നല്ല വിശപ്പുണ്ടാകും.''- അച്ഛമ്മ അകത്തുനിന്ന് ഇത്തിരി ചോറും മീൻ കറിയും കുഴച്ചു കൊണ്ടുവന്നു. പൂച്ചക്കുഞ്ഞ് ഒറ്റയിരിപ്പിന് അതും തീർത്തു. മുഖം തുടച്ചു.

''പൂച്ചക്കുഞ്ഞിന് ഒരു പേര് വെക്കണ്ടേ?''- അമ്മ ചോദിച്ചു.

''ശരിയാണല്ലോ.''- നിളയും കൂട്ടുകാരും ആലോചിച്ചു. ഒരൊറ്റ നല്ല പേരും മനസ്സിൽ തെളിഞ്ഞില്ല. പെട്ടെന്നാണ് നിളക്ക് ബാംഗ്ലൂരിലെ അശോകനങ്കിളിന്റെ പട്ടിക്കുട്ടിയെ ഓർമ്മ വന്നത്.

''ഡുമിനി.''

അശോകനങ്കിളിന്റെ പട്ടിക്കുട്ടിയുടെ പേര് അങ്ങനെ പൂച്ചക്കുട്ടിയുടെ പേരായി.

''ഡുമിനീ...' നിള സ്നേഹത്തോടെ വിളിച്ചു. പൂച്ചക്കുഞ്ഞ് തലചെരിച്ച് അവളെ നോക്കി.

ഒന്ന് രണ്ട് ദിവസങ്ങൾക്കകം പൂച്ചക്കുഞ്ഞിന്റെ ക്ഷീണമൊക്കെ മാറി. അത് ഏത് സമയവും നിളയുടെ പിന്നാലെ നടക്കും. അത്യാവശം ചില കാര്യങ്ങളൊക്കെ ഡുമിനിയെ പഠിപ്പിക്കാൻ നിളയും കൂട്ടുകാരും ശ്രമിച്ചു. ഡുമിനി അതൊക്കെ പെട്ടെന്ന് പഠിക്കുകയും ചെയ്തു. നല്ല ഭക്ഷണം കിട്ടിയപ്പോൾ ഡുമിനിയുടെ ശബ്ദത്തിന് അല്പം മൂർച്ച കൂടി. അതിനുശേഷമാണെന്ന് തോന്നുന്നു വീട്ടിൽ പിന്നെ എലികളെ കാണാൻ കിട്ടാതെയായി.

അച്ഛനും അമ്മയ്ക്കും ബാംഗ്ലൂരിലേക്ക് തിരിച്ചുപോകാനുള്ള സമയമായി. റെയിൽവേ സ്റ്റേഷനിൽ അവരെ യാത്രയയ്ക്കാൻ അച്ഛച്ഛന്റേയും അച്ഛമ്മയുടേയും കൂടെ നിളയും കൂട്ടുകാരും കൂടി. രണ്ട് ഓട്ടോറിക്ഷകളിലായി അവർ റെയിൽവേസ്റ്റേഷനിലേക്ക് പുറപ്പെട്ടു. പ്ലാറ്റ്ഫോമിലെ പൂക്കൾ അടിച്ചു വാരി വൃത്തിയാക്കിയിരുന്ന ചേച്ചി നിളയെ കപ്പോൾ പരിചയത്തോടെ ചിരിച്ചു. നിളയും ചിരിച്ചു.

ഇത്തിരി സമയത്തിനകം അച്ഛനും അമ്മയ്ക്കും പോകാനുള്ള ട്രെയിൻ വന്നു.

''കുസൃതിയൊന്നും കാണിക്കാതെ നല്ല കുട്ടിയായിരിക്കണം കേട്ടോ.''- അച്ഛനും അമ്മയും അവളോട് പറഞ്ഞു. അവൾ തലയാട്ടി.

''ഞങ്ങൾ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വരാം.''

ട്രെയിൻ പുറപ്പെട്ടു. നിളയും കൂട്ടുകാരും കൈവീശി യാത്ര പറഞ്ഞു.

''നമുക്ക് നേരെ അങ്ങാടിയിലേക്ക് ചെല്ലാം. വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങണം.''- അച്ഛച്ഛൻ പറഞ്ഞു.

അങ്ങനെ അവർ നേരെ പരിയാപുരം അങ്ങാടിയിലേക്ക് നടന്നു. അച്ഛച്ഛനും അച്ഛമ്മയും ഓരോ കടയിൽ കയറി സാധനങ്ങൾ വാങ്ങി. നിളയും കൂട്ടുകാരും അങ്ങാടിയൊക്കെ ഒന്ന് ചുറ്റി നടന്നു. ഞായറാഴ്ച ആയതിനാൽ അങ്ങാടിയിൽ ഒരിത്തിരി തിരക്ക് കൂടുതലായിരുന്നു. പലതരത്തിലുള്ള കച്ചവടക്കാരും ആളുകളും എല്ലാം കൂടി ചേർന്ന് ഒരു ചെറിയ ഉത്സവപ്പറമ്പ് പോലെ ആയിരുന്നു അവിടം.

റോഡരികിൽ നിരത്തിവെച്ച കച്ചവടസാധനങ്ങൾ നടന്ന് കാണാനായിരുന്നു നിളയുടെ ഇഷ്ടം. മൺപാത്രങ്ങൾ, വീട്ടുസാമാനങ്ങൾ, പച്ചമരുന്നുകൾ, ഉണക്കമീൻ, പച്ചക്കറികൾ, പഴങ്ങൾ, വിത്ത്, കൈക്കോട്ട് എന്നിങ്ങനെ പലതരം സാധനങ്ങൾ അങ്ങാടിയിൽ നിരന്നു കിടന്നു.

ഒരു കച്ചവടക്കാരൻ പഴയ പുസ്തകങ്ങളായിരുന്നു നിരത്തി വച്ചിരുന്നത.് പഴയ മാസികകൾ, വാരികകൾ, പാട്ടുപുസ്തകങ്ങൾ, ചിത്രപുസ്തകങ്ങൾ...

നിളയ്ക്ക് അതെല്ലാം ഒറ്റയടിക്ക് വാങ്ങിക്കൂട്ടണമെന്ന് തോന്നി. അവൾ അയാളുടെ അടുത്ത് പോയി ഒന്ന് രണ്ട് ചിത്രകഥകളും ഒരു നോവലും വാങ്ങി. അച്ഛച്ഛനോട് അതിന്റെ കാശ് കൊടുക്കാൻ പറയാൻ തുടങ്ങുമ്പോഴാണ് പരിചയമുള്ള ഒരു വാഹനത്തിന്റെ ഹോണടി അവൾ കേട്ടത്. അവൾ തല ഉയർത്തി നോക്കി.

കറുത്ത ഒരു സ്‌കൂട്ടി അങ്ങാടിയിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്‌കൂട്ടിയിലെ കറുത്ത രൂപത്തെ കണ്ടപ്പോൾ കൂടി നിന്ന ആളുകൾ പിറുപിറുക്കാനും ഒഴിഞ്ഞുമാറാനും തുടങ്ങി.

വനതി സ്‌കൂട്ടിയിൽ നിന്ന് ഇറങ്ങി ചുറ്റുപാടും നോക്കി.

ആൾക്കൂട്ടത്തിൽ കൂസലില്ലാതെ നിന്നിരുന്ന നാലുപേരുടെ അരികിലേക്ക് വനതി നടന്നു. അവർ എന്തൊക്കെയാണ് പരസ്പരം സംസാരിക്കുന്നതെന്ന് നിളയ്ക്ക് മനസ്സിലായില്ല. പക്ഷേ, കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ അവിടം മൊത്തം പൊടി പാറിയ അടി നടക്കാൻ തുടങ്ങി. നിളയും കൂട്ടുകാരും അത്ഭുതപ്പെട്ട് നോക്കി നിന്നു. സിനിമയിലൊക്കെ കാണും പോലെ വായുവിൽ മലക്കം മറഞ്ഞ് നാലു പേരെ ഒരുമിച്ച് നേരിടുകയായിരുന്നു മന്ത്രവാദിനി. ആളുകൾ ഒരക്ഷരം മിണ്ടാതെ നോക്കി നിൽക്കുക മാത്രം ചെയ്തു. വളരെ പെട്ടെന്ന് തന്നെ നാലുപേരും തോൽവി സമ്മതിച്ചു.

''മേലിൽ ഒരാളും കണ്ണാടിക്കാട്ടിൽ കടന്നു പോകരുത്.''- അങ്ങാടിയെ നോക്കി ഉച്ചത്തിൽ പറഞ്ഞുകൊണ്ട് കണ്ണാടിയിലെ ദുർമന്ത്രവാദിനി സ്‌കൂട്ടിയിൽ കയറി അതിവേഗം എങ്ങോട്ടോ അപ്രത്യക്ഷയായി. (തുടരും....)