പിണറായി : പൊതുഇടങ്ങളുടെ ശുചീകരണവും പരിപാലനവും ഏറ്റെടുത്ത് മാതൃകയാവുകയാണ് പിണറായിലെ പാനുണ്ട എന്ന ഗ്രാമം. പ്രായവ്യത്യാസമോ കൊടികളുടെയോ രാഷ്ട്രീയത്തിന്റെയോ വേർതിരിവുകളോ ഇല്ലാതെ പാനുണ്ട മുഖംമിനുക്കുകയാണ്‌. കോവിഡ് കാലഘട്ടത്തിൽ തുടക്കംകുറിച്ച ചെറിയ കൂട്ടായ്മ പിന്നീട് ഒരേ ആശയം പങ്കുവയ്ക്കുന്ന പ്രദേശത്തെ വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരെ ചേർത്ത് ഒരു വാട്സാപ്പ് കൂട്ടായ്മയായി. പാനുണ്ടയുടെ സൗന്ദര്യവത്കരണവും പരിപാലനവും ഏറ്റെടുത്ത് ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയതോടെ വിദേശങ്ങളിൽ നിന്നുൾപ്പെടെ പിന്തുണയുമായി നിരവധി പേരെത്തി. അതോടെ 'ക്ലീൻ ഗ്രീൻ പാനുണ്ട' 200-ൽപരം അംഗങ്ങളുള്ള സംഘടനയായി രജിസ്റ്റർ ചെയ്തു.

To advertise here,

ഹരിതഗ്രാമം, ഗ്രാമശുചീകണം, സൗന്ദര്യവത്കരണം, ലഹരിമുക്തഗ്രാമം, ജൈവകൃഷി, ഹരിതഭവനം തുടങ്ങിയ ലക്ഷ്യങ്ങളോടെ പാനുണ്ടയിലെ ഓരോ വീട്ടിലും പ്രവർത്തനം വ്യാപിപ്പിച്ചു. ഞായറാഴ്ചകളിൽ കുട്ടികൾ ഉൾപ്പെടെ അറുപതിൽപരം ആളുകൾ പുലർച്ചെ ആറുമുതൽ 10 വരെ ശുചീകരണത്തിനിറങ്ങും. സന്നദ്ധപ്രവർത്തകർക്ക് പ്രത്യേകം മഴക്കോട്ടുകളും ജേഴ്സികളും സംഘാടകർ നൽകിയിട്ടുണ്ട്. ശുചീകരണത്തെക്കാൾ വെല്ലുവിളിയാണ് റോഡിന്റെ ഇരുവശങ്ങളിലായി സ്ഥാപിച്ച ചെടികളുടെ പരിപാലനമെന്ന കാര്യത്തിൽ കൂട്ടായ്മയുടെ കോഡിനേറ്റർ ജിതീഷ് പാനുണ്ടയും കൺവീനർ യു. രാജീവനും ജോയിന്റ്‌ കൺവീനർ സി.കെ. അംഗജനും ഏകാഭിപ്രായമാണ്.

മാറ്റിയെടുത്ത പൊതുഇടങ്ങളുടെ മാതൃകയിൽ ഗ്രാമത്തിലെ ഓരോ വീടുകളും ഹരിതഭവനങ്ങളാക്കുക എന്നതായിരുന്നു കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം. അതിനായി 150 വീടുകൾ തിരഞ്ഞെടുത്തു. ജൈവപച്ചക്കറിയും ശുചിത്വമാതൃകയും പിന്തുടരുന്ന ഇടങ്ങളാക്കി മാറ്റാനുള്ള പരിശ്രമമാണ് നടന്നുവരുന്നത്. 20 വീടുകൾ ഇതിനോടകം ലക്ഷ്യം കൈവരിച്ചു. കളക്ടർ പി. വിഷ്ണുരാജ് ഹരിതഭവന പ്രഖ്യാപനവും നടത്തി.

എല്ലാ മാസവും ശുചിത്വ പ്രവർത്തനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നവരെ വിശിഷ്ടവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് ആദരിക്കും. വിവിധ ബോധവത്കരണ പരിപാടികളും മുടക്കമില്ലാതെ നടക്കും. ലഹരിയും സൈബർ സുരക്ഷയും ഉറപ്പാക്കലാണ് ലക്ഷ്യം. വായന പ്രോത്സാഹിപ്പിക്കാൻ സൗജന്യമായി പുസ്തകങ്ങളും ഭക്ഷണവും നൽകാറുണ്ടെങ്കിലും അതിന് നേരിട്ടുള്ള ധനസമാഹരണമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. പരിപാടികൾ കണ്ടറിഞ്ഞും കേട്ടറിഞ്ഞും നൽകുന്ന സംഭാവനയും സമ്മാനങ്ങളുമാണ് ഇവരുടെ മൂലധനം.