കൂത്തുപറമ്പ്: സ്വകാര്യ ആസ്പത്രിയെ വെല്ലുന്ന സജ്ജീകരണങ്ങൾ ഒരുക്കിയിട്ടും താലൂക്ക് ആസ്പത്രി പൂർണമായി പ്രവർത്തനസജ്ജമാവാത്തതിൽ പരാതി ഉയരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആസ്പത്രിയാണ് കൂത്തുപറമ്പിലേത്. നഗരസഭയിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നും പേരാവൂർ, ഇരിട്ടി ഭാഗങ്ങളിൽനിന്നും ദിവസേന 1000-ലധികം രോഗികളാണ് ചികിത്സ തേടി താലൂക്ക് ആസ്പത്രിയിലെത്തുന്നത്.
പല പഞ്ചായത്തുകളിലും എല്ലാ സൗകര്യവുമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ടെങ്കിലും രോഗികൾ കൂടുതലായി ആശ്രയിക്കുന്നത് താലൂക്ക് ആസ്പത്രിയെയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൗജന്യ ചികിത്സാ പദ്ധതികളായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യകിരണം, മെഡിസെപ്, ജെ.എസ്.എസ്.കെ., ആർ.ബി.എസ്.കെ., പട്ടികവർഗക്കാർക്കുള്ള സൗജന്യ ചികിത്സയും ആസ്പത്രിയിലുണ്ട്.
വൃക്കരോഗികൾക്ക് ആശ്വാസം
മികച്ച ഡയാലിസ് സെന്ററും താലൂക്ക് ആസ്പത്രിയിലുണ്ട്. ഡയാലിസിസ് സെൻറർ 2018 ഫെബ്രുവരിയിലാണ് പ്രവർത്തനം തുടങ്ങിയത്. ബി.പി.സി.എല്ലിന്റെ 1.25 കോടി രൂപ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിലവിലെ കെട്ടിടം നവീകരിക്കുകയായിരുന്നു. 1.2 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് സെൻറർ ആരംഭിക്കുകയും ചെയ്തു. കാരുണ്യ കമ്യൂണിറ്റി ഫാർമസി, എ.സി.ആർ. ലാബ് (കെ.എച്ച്.ആർ.ഡബ്ല്യു.എസ്.), സൗകര്യങ്ങളും ആസ്പത്രിയിലുണ്ട്.
40 പേരാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. രണ്ട് ഷിഫ്റ്റുകളിലായി ദിവസം ഇരുപതോളം പേരെ ഡയാലിസിസിന് വിധേയമാക്കും.
ഒരോ രോഗിക്കും ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടക്കുന്നുണ്ട്. ഡയാലിസിന്റെ ഒരു ഷിഫ്റ്റ് നഗരസഭയുടെ നേതൃതിലുള്ള ജീവനം ട്രസ്റ്റാണ് നടത്തുന്നത്. ഇവർക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയുമെല്ലാം നൽകുന്നത് നഗരസഭയുടെ പ്രോജക്ട് ഫണ്ടിലൂടെയാണ്. ഇതിനായി പ്രതിവർഷം 40 ലക്ഷം രൂപ മാറ്റിവെക്കുന്നുണ്ട്.
പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ
അത്യാഹിതവിഭാഗം, ഒ.പി. വിഭാഗം, ലാബ്, എമർജൻസി ഓപ്പറേഷൻ തിയേറ്ററോടുകൂടിയ ലേബർ റൂം, ഔട്ട്പാത്ത് ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു., മെഡിസിൻ ഐ.സി.യു., സർജിക്കൽ ഐ.സി.യു., പോസ്റ്റ് ഒ.പി., എക്സ്‌റേ, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, സൂപ്രണ്ട് റൂം, ഓഫീസ്, സ്റ്റാഫ് റൂം, ചെയിഞ്ചിങ് റൂം, മോർച്ചറി, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇലക്‌ട്രിക്കൽ റൂം, പോസ്റ്റ് നേറ്റൽ വാർഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും സർജിക്കൽ വാർഡ് എന്നിവ പൂർണമായും പുതിയ ആസ്പത്രി കെട്ടിടത്തിലാകും.
നിലവിൽ ഫാർമസി, എൻ.ടി.പി. യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, ഫിസിയോതെറാപ്പി സെന്റർ എന്നിവ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
Published: 11 Sept 2026, 03:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented