ഇരിട്ടി : ഇരിട്ടി നഗരത്തിൽ ഏറെ കൊട്ടിഗ്ഘോ‌ഷിച്ച് തുടങ്ങിയ ഗതാഗത പരിഷ്കരണം ഓട്ടോറിക്ഷകളെയും ടാക്സികളെയും ബാധിക്കുന്നെന്ന് പരാതി. പരിഷ്കാരത്തിന്റെ ഭാഗമായി പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യമായ ബോർഡുകളടക്കം സ്ഥാപിക്കാഞ്ഞതിനാൽ ഓരോ വാഹനത്തിനും നിശ്ചയിച്ച കേന്ദ്രങ്ങൾ കൈയേറി മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നതായുള്ള പരാതികൾ കൂടിവരുന്നു.

To advertise here,

ജുലായ് ഒന്നുമുതലാണ് ഇരിട്ടി നഗരസഭയും പോലീസും ചേർന്ന് ട്രാഫിക് പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ടൗണിൽ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും ഓരോ വിഭാഗം വാഹനങ്ങൾക്കും പ്രത്യേകം പാർക്കിങ് സംവിധാനം ഒരുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ട്രാഫിക് സംവിധാനത്തിന്റെ ബോർഡുകൾ സ്ഥാപിക്കാനോ പരിഷ്കരണം ഒരുദിവസംപോലും കാര്യക്ഷമമായി നടപ്പാക്കാനോ നഗരസഭയ്ക്കും പോലീസിനും കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.

ടൗണിലെ ഓട്ടോ ടാക്സി സ്റ്റാൻഡ് നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. നാദം ജൂവലറി മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം വരെയുള്ള ഭാഗത്തേക്ക് സ്റ്റാൻഡ് മാറ്റാനായിരുന്നു ധാരണ. എന്നാൽ, പുതിയ സ്ഥലത്ത് സ്റ്റാൻഡ് സംബന്ധിച്ച ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. ഇതോടെ ഓട്ടോ ടാക്സികൾ ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണ് നിർത്തിയിടുന്നത്.

നിലവിലെ സംവിധാനത്തിൽ യാത്രക്കാരും ഓട്ടോ- ടാക്സി ഡ്രൈവർമാരും ഒരുപോലെ ബുദ്ധിമുട്ട് നേരിടുകയാണ്. ട്രാഫിക് പരിഷ്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങാതെ അടിയന്തരമായി നടപ്പാക്കണമെന്നും പാർക്കിങ്ങിന് ശാസ്ത്രീയസംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.