നടുവിൽ : പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം പദ്ധതി പ്രകാരം നടുവിൽ ഗ്രാമപ്പഞ്ചായത്ത് കുട്ടിപ്പുല്ലിൽ നിർമിച്ച കുട്ടികളുടെ പാർക്കും റോഡും കാടുമൂടി. പഞ്ചായത്ത് ഭരണസമിതി മാറിയതോടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണ്. പദ്ധതിയുടെ ഉദ്ഘാടനവും നടന്നിട്ടില്ല. 2024 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്.
പൈതൽമലയുടെ പടിഞ്ഞാറെ ചരിവിനോട് ചേർന്ന് പാത്തൻപാറ വാർഡിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. തീർത്തും വിജനമായ സ്ഥലമാണിത്. വ്യക്തികൾ വാങ്ങിക്കൂട്ടി കാടുകയറിയ നൂറുകണക്കിനേക്കർ സ്ഥലമാണ് ചുറ്റിലും. മൂന്ന് കിലോമീറ്റർ പരിധിയിൽ വീടോ വാഹനസൗകര്യമോ ഇല്ല.
സൗജന്യമായി വിട്ടുനൽകിയതാണ് 75 സെന്റ്. കുത്തനെയുള്ള കുന്നിൻചരിവിൽ എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വന്യജീവികളും ധാരാളമായി എത്തുന്ന സ്ഥലമാണിത്.
2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം തുടങ്ങിയത്. ഗ്രാമപ്പഞ്ചായത്തും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. 83 ലക്ഷം ചെലവിട്ട് ഇരുമ്പുതൂണുകളിലാണ് കെട്ടിടം പണിതിട്ടുള്ളത്.
പരിസ്ഥിതിലോല പ്രദേശത്താണ് പാർക്ക് നിർമാണമെന്ന് കാണിച്ച് പരിസ്ഥിതി പ്രവർത്തകൻ ബെന്നി മുട്ടത്തിൽ തുടക്കത്തിൽതന്നെ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയിരുന്നു. ഭരണസമിതി ഇത് ചെവിക്കൊണ്ടില്ല. നിർമാണവുമായി മുന്നോട്ടുപോവുകയായിരുന്നു. തുടർന്ന് ബെന്നി കണ്ണൂർ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് സി.ഐ.യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണത്തിന് നിർദേശം നൽകി.
ഭരണസമിതിയുടെ കാലാവധി തീരുംമുമ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യാൻ ശ്രമം നടന്നെങ്കിലും വിജിലൻസ് കേസ് നിലനിന്നിരുന്നതിനാൽ നടന്നില്ല.
ഗ്രാമപ്പഞ്ചായത്ത് 33.2 ലക്ഷവും ടൂറിസം വകുപ്പ് 49.8 ലക്ഷവും ആദ്യഘട്ടത്തിൽ ചെലവഴിക്കാനാണ് ആസൂത്രണം ചെയ്തത്. കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് 235 മീറ്റർ കോൺക്രീറ്റ് റോഡ് നിർമിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. വാഹിദ അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവിട്ട് വനഭൂമിയോടു ചേർന്ന റോഡിന് ഓവുചാലും പണിതു.
ആദ്യഘട്ടത്തിൽ വിശ്രമമുറികൾ, കോട്ടേജുകൾ, പാർക്കിങ് ഏരിയ, ആംഫി തിയേറ്റർ എന്നിവയാണ് വിഭാവനം ചെയ്തിരുന്നത്. മൂന്ന് കോട്ടേജ്, ജിം, കുട്ടികളുടെ പാർക്ക്, ബാഡ്‌മിന്റൺ കോർട്ട് എന്നിവയും തുടർന്ന് നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. വിനോദസഞ്ചാരകേന്ദ്രത്തിന് പിന്നിൽ റിസോർട്ട് ലോബികളും ഭൂമാഫിയകളുമാണെന്നാണ് ആരോപണം. സർക്കാർ ചെലവിൽ റോഡും വൈദ്യുതിയും വാർത്താവിനിമയ സൗകര്യങ്ങളും ഒരുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഭൂമി വിട്ടുനൽകിയതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കരാമരം തട്ടിൽനിന്ന് പാർക്കിലേക്ക് നിർമിച്ച റോഡ് 65 മീറ്ററോളം കടന്നുപോകുന്നത് വനംവകുപ്പിന്റെ സ്ഥലത്തുകൂടിയാണ്. ഇവിടെ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഗേറ്റ് അപ്രത്യക്ഷമായ നിലയിലാണിപ്പോൾ. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുപിന്നിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Published: 11 Sept 2026, 03:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented