പഴയങ്ങാടി : ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷത്തിലെത്തുമ്പോഴും പഴയങ്ങാടി ബോട്ട് ടെർമിനലിൽ ബോട്ടുകളാന്നും വരുന്നില്ല. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഒക്ടോബർ 22-നാണ് പഴയങ്ങാടി ബോട്ടുടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഉത്തര മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പഴയങ്ങാടിയിൽ ബോട്ട് ടെർമിനൽ സ്ഥാപിച്ചത്. ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും സ്ഥിരമായി തുറന്നുകൊടുത്തിരുന്നില്ല. എന്നാലും വൈകുന്നേരങ്ങളിൽ ഇവിടെ പുഴയുടെയും കണ്ടൽക്കാടിന്റയും സൗന്ദര്യമാസ്വദിക്കാൻ ആളുകൾ എത്താറുണ്ട്. സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം അസ്വദിക്കാനും പഴയങ്ങാടി പുഴയിൽ ബോട്ടിങ്ങ് നടത്താനും സാധ്യമാകുംവിധമാണ് പദ്ധതിയുടെ രൂപകല്പന.

To advertise here,

മികച്ച സൗകര്യം

100 മീറ്റർ നീളത്തിൽ നിർമിച്ച ബോട്ട് ടെർമിനലിൽ 40 മീറ്റർ നടപ്പാതയും 60 മീറ്ററിൽ നാല് ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. സോളാർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. കരിങ്കൽ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയിൽ നിർമിച്ച മേൽക്കൂരയും ഉൾപ്പെടെ ആകർഷകമാണ് ബോട്ട്ടെർമിനൽ.

മൂന്നുകോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുവദിച്ചത്. എം.എൽ.എ. യായിരുന്നപ്പോൾ ടി.വി. രാജേഷ് മുൻകൈയെടുത്താണ് ഇതിനു തുടക്കം കുറിച്ചത്. കൈവരികൾ ചിലത് അടർന്നുവീണതാണോ സാമൂഹികവിരുദ്ധർ നശിപ്പിച്ചതാണോയെന്ന് അറിയില്ല. ഇരിപ്പിടങ്ങളും നശിപ്പിച്ചിരിക്കുന്നു. രാത്രിയിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറാറുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്.