മട്ടന്നൂർ : പാലോട്ടുപള്ളി-വെമ്പടി-കോളാരി-നിടിയാഞ്ഞിരം റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി വി.കെ. സനോജ് എം.എൽ.എയുടെ നേതൃത്വത്തിൽ വെമ്പടിയിൽ യോഗം ചേർന്നിരുന്നു. റോഡിന് സ്ഥലം വിട്ടുനൽകാതെ കോടതിയെ സമീപിച്ച ഭൂവുടമകളുമായി ചർച്ചയും നടത്തിവരുന്നുണ്ട്.റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകിയ കോളാരി മുതൽ പുളിമുക്ക് വരെയുള്ള ഭാഗത്ത് 10 മീറ്റർ വീതിയിൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

To advertise here,

സ്ഥലം വിട്ടുനൽകാൻ തയ്യാറായവരുടെ പൊളിച്ചുമാറ്റിയ മതിലിന്റെയും പൊളിക്കാൻ ബാക്കിയുള്ള മതിലിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കെ.എസ്.ഇ.ബിയുടെ മാറ്റാൻ ബാക്കിയുള്ള തൂണുകൾ വേഗത്തിൽ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായിരുന്നു.2023 ഒക്ടോബർ 10-നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പാലോട്ടുപള്ളി മുതൽ വെമ്പടി-പരിയാരം-കോളാരി-നിടിയാഞ്ഞിരം വരെയുള്ള റോഡാണ് നവീകരിക്കേണ്ടത്. നി

ടിയാഞ്ഞിരം ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ഭൂവുടമകളുമായുള്ള തർക്കങ്ങളും വൈദ്യുതത്തൂണുകൾ മാറ്റുന്നതിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിലുമുള്ള കാലതാമസവുമടക്കം പ്രതിബന്ധങ്ങൾ നിരവധിയായിരുന്നു.പലഭാഗത്തും പൂർണമായും തകർന്ന റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കലുങ്കിന്റെയും മറ്റും പ്രവൃത്തി പാതിവഴിയിലായ ഇടങ്ങളിൽ കാൽനടയാത്രപോലും ക്ലേശകരമാണ്.

തലശ്ശേരി-കൂർഗ് റോഡിനെയും നടുവനാട്-ശിവപുരം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂർ വിമാനത്താവളം, പൂങ്കോട്ടുംകാവ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാലുകാച്ചിപ്പാറ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകും.റോഡിനെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും പതിവാണ്. നഗരസഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രവൃത്തി വേഗത്തിലാക്കാനുള്ള ശ്രമം അധികൃതർ തുടങ്ങിയിട്ടുള്ളത്.