പയ്യന്നൂർ : മാനസികാരോഗ്യ ഭാരത യാത്രയുമായി സെഹർ ഹാശ്മി പയ്യന്നൂരെത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ബിയോണ്ട് ദി ഹൊറൈസൺ: എ റൈഡ് ഫോർ ഏയ്ഞ്ചൽസ്' എന്ന ഇന്ത്യയൊട്ടാകെയുള്ള ബൈക്ക് യാത്രയാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള മുൻവിധികളും (സ്റ്റിഗ്മ) അപകർഷബോധവും മാറ്റിവെച്ച് തുറന്ന ചർച്ചകൾക്ക് വഴിതുറക്കുക എന്ന ലക്ഷ്യത്തോടെയാണ് 'യാത്ര. സഫ്ദർ ഹാശ്മിയുടെ സഹോദരിയുടെ ദത്തു പുത്രിയാണ് ഡൽഹി സ്വദേശിയായ സെഹർ ഹാശ്മി.
യാത്രയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി. പയ്യന്നൂർ ഗാന്ധി പാർക്കിൽ പൊതു ജനങ്ങളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ സഹർ ഹശ്മി സംവാദം നടത്തി. കേരളത്തിൽ ആതിഥേയത്വം നൽകുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവ സമിതി പ്രവർത്തകരാണ്.
വ്യാഴാഴ്ച വൈകീട്ട് ഇരു ചക്ര വാഹന അകമ്പടിയോടെ പയ്യന്നൂർ ഗാന്ധി പാർക്കിലേക്ക് നയിച്ചു. നഗരസഭാ ചെയർമാൻ സരിൻ ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്യ അധ്യക്ഷത വഹിച്ചു. കൺവീനർ പി. സൈനുദ്ദീൻ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ എം. ദിവാകരൻ, പി.പി. ബാബു, നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി. ശ്യാമള, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.പി. മോഹനൻ, കെ.വി. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
വെള്ളിയാഴ്ച രാവിലെ 10-ന് കണ്ണൂർ എസ്.എൻ. കോളേജിലും ഉച്ചക്ക് രണ്ടിന് തലശ്ശേരി ഡയറ്റിലും സഹർ ഹശ്മി സംവാദത്തിന് നേതൃത്വം നൽകും. സെഹർ ഹാശ്മിക്കൊപ്പം സണ്ണി ലച്ചോവ്, ഷമീറ അഷ്‌റഫ്, ഫർഹാത് ഖാൻ, രാകേഷ് സൈനി, അമിത് യാദവ്, ഹസീബ് എന്നിവരാണ് സംഘത്തിലുള്ളത്.
സെഹർ എന്ന അതിജീവിത
കണ്ണീരിൽ നിന്നുയർന്ന കരുത്താണ് സെഹർ ഹാശ്മി. മൂന്നാമത്തെ പെൺകുട്ടിയായി ജനിച്ചതിന്റെ പേരിൽ ഒമ്പതാം മാസത്തിൽ സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ടു. ദത്തെടുത്തു വളർത്തിയ അച്ഛനമ്മമാരാകട്ടെ തിരക്കേറിയ പൊതുപ്രവർത്തകരും. വിഷാദരോഗത്തിന്റെയും മറ്റും പിടിയിലായി ആത്മഹത്യയ്ക്കു മുതിർന്ന ഇരുണ്ട അവസ്ഥകളിൽ നിന്നാണ് സെഹർ തിരികെ നടന്നത്. തന്റെ മാനസിക അവസ്ഥകളെ ജീവിച്ചു തോൽപ്പിച്ച അതിജീവനത്തിന്റെ യാഥാർഥ്യമാണ് സെഹർ സംസാരിക്കുന്നത്.
റൈഡ്ങ്ങിനോടുള്ള കമ്പവും ബോധവത്കരണ ദൗത്യവും സമന്വയിപ്പിച്ചാണ് സെഹർ റോയൽ എൻഫീൽഡുമായി റോഡിലിറങ്ങിയത്. സ്കൂളുകളിലും കോളേജുകളിലും കോർപ്പറേറ്റ് സ്ഥാപനങ്ങളിലും നിരന്തരം സഞ്ചരിച്ച് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സെഹർ സംസാരിക്കുന്നു. ഓഗസ്റ്റ് 20-ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടി ഷർമിള ടാഗോറാണ് ബൈക്ക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.
Published: 11 Sept 2026, 03:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented