പയ്യന്നൂർ : പയ്യന്നൂർ പട്ടണത്തിൽ കൂടുതൽ സ്വകാര്യ പേ പേർക്കിങ് കേന്ദ്രങ്ങൾ വരുന്നു. ഉത്സവസീസണിലുൾപ്പെടെ ടൗണിത്തിലെത്തുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനാണ് ശ്രമം. നിലവിൽ ഏഴ് പേ പാർക്കിങ് കേന്ദ്രങ്ങളുണ്ട്. അവയിൽ ആറെണ്ണം ലൈസൻസെടുത്തു. പയ്യന്നൂർ പോലീസ് സ്റ്റേഷനടുത്തുള്ള 18 സെന്റ്് സ്ഥലം പുതുതായി സ്വകാര്യ പേ പാർക്കിങ്ങിന് നഗരസഭ അനുവദിച്ചിട്ടുണ്ട്. ഇതോടെ ടൗണിൽ എട്ട് പാർക്കിങ് കേന്ദ്രങ്ങളുണ്ടാകും.

To advertise here,

ടൗണിൽ പാർക്കിങ് പ്രശ്നം രൂക്ഷമാണ്. പാർക്കിങ് സൗകര്യം ഒരുക്കാത്തതും ഒരുക്കാനാകാത്തതുമായ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ നഗരത്തിലുണ്ട്. വാഹനം പാർക്ക് ചെയ്യാൻ പറ്റാത്തതിനാൽ ഉപഭോക്താക്കൾ കടകളിൽ വരാൻ മടിക്കുന്നത് വ്യാപാരികൾക്ക് പ്രതിസന്ധിയാകുന്നു.

ഓണത്തിരക്കിൽ നഗരത്തിലെ 15 സ്ഥലങ്ങളിൽ വാഹനപാർക്കിങ് നിരോധിച്ചിരുന്നു. സെൻട്രൽ ബസാർ മുതൽ ബോംബെ ഹോട്ടൽവരെ വലതുവശം, ട്രാഫിക് സിഗ്‌നലിന്റെ നാലുഭാഗങ്ങൾ, ടൗൺ സ്‌ക്വയറിന് പിറകിലുൾപ്പെടെ പാർക്കിങ് അനുവദിച്ചിരുന്നില്ല.

നഗരത്തിലെ ചില ഭാഗങ്ങളിൽ തെരുവുകച്ചവടം കാൽനട യാത്രക്കാർക്കടക്കം ശല്യമാകുന്നു. ഇരുചക്രവാഹനങ്ങളടക്കം അരിക് കൈയേറുന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഇങ്ങനെ വരുമ്പോൾ കാൽനട യാത്രക്കാർ റോഡിലേക്കിറങ്ങും.

നഗരത്തിലെ പേ പാർക്കിങ്

:സഹകരണ ആസ്പത്രിക്ക് സമീപം (പാർക്ക് വ്യൂ റെസ്റ്ററന്റ്), സഹകരണ ആസ്പത്രി-പുതിയ ബസ് സ്റ്റാൻഡ് റോഡിൽ രണ്ടെണ്ണം, വൈറ്റ് സിറ്റിക്ക് പിറകിൽ, ബയോലാബിന് എതിർവശം, മീനീക്ഷിയമ്മ മെമ്മോറിയൽ ആസ്പത്രിക്ക് സമീപം, പഴയ ബസ് സ്റ്റാൻഡ് സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിന് സമീപം, സെൻട്രൽ ബസാർ സർവീസ് ബാങ്ക് വളപ്പിൽ.

നോ എൻട്രി തുടരുന്നു

:നഗരസഭയിൽ ഗതാഗതപരിഷ്‌കാരം തുടരുകയാണ്. കെ.എസ്.ആർ.ടി.സി. ജങ്ഷനിൽനിന്ന് മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കാൻ പാടില്ല. പെരുമ്പ സെഞ്ചുറി ജങ്ഷനിൽനിന്ന് ദേശീയപാതയിലേക്ക് വാഹനം പ്രവേശിക്കരുത്. മാർക്കറ്റ് റോഡിലൂടെ ദേശീയപാതയിലേക്ക് കയറണം. പിലാത്തറ-പഴയങ്ങാടി-കണ്ണൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ ബസുകളും ബൈപ്പാസ് റോഡ് വഴി പെരുമ്പയിലേക്ക് പ്രവേശിക്കണം. പെരുമ്പ ബൈപ്പാസ് ജങ്ഷനിലെ (കാസർകോട് ഭാഗത്തേക്ക് പോകുന്ന) ബസ് സ്റ്റോപ്പ് ലത്തീഫിയ സ്‌കൂൾ പ്രവേശനകവാടത്തിന് സമീപം നിർത്തണം.