മട്ടന്നൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷന് സമീപം നിർമിച്ച ഹരിത ഇടനാഴിയുടെ ഉദ്ഘാടനം അടുത്തമാസം നടക്കും. 27 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് സൗന്ദര്യവത്കരിച്ചത്. ഇതുവഴി ബൈപ്പാസ് നിർമിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ആഭ്യന്തരവകുപ്പിന്റെ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ നീണ്ടതോടെയാണ് പ്രവൃത്തി വൈകിയത്. പാതയുടെ ഇന്റർലോക്ക് പ്രവൃത്തി മാസങ്ങൾക്ക് മുമ്പുതന്നെ പൂർത്തിയായിട്ടുണ്ട്. ഇരുവശവും പൂച്ചെടികൾ വെച്ചുപിടിപ്പിക്കും. ബോധവത്കരണ ബോർഡുകളും അലങ്കാരങ്ങളും മറ്റും സ്ഥാപിക്കും.നാലുമീറ്റർ വീതിയിൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകുന്നതിനുള്ള ബൈപ്പാസ് നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡിന്റെ വികസനത്തിന് ശ്രമം തുടങ്ങിയത്. എന്നാൽ, ആഭ്യന്തരവകുപ്പിൽനിന്ന് സ്ഥലം വിട്ടുകിട്ടാത്തതും സ്വകാര്യവ്യക്തികളുമായുള്ള തർക്കങ്ങളും വിലങ്ങുതടിയായി. എം.എൽ.എമാരുടെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ പലതവണ ചർച്ചകൾ നടത്തുകയും ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ബൈപ്പാസെന്ന ലക്ഷ്യം സഫലമായില്ല.നിലവിലെ റോഡ് വഴി ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാത്രമാണ് പോകാൻ അനുമതിയുള്ളത്. നിലവിൽ റോഡിൽ ഇരുവശവും ഇരുചക്രവാഹനങ്ങൾ നിർത്തിയിടുകയാണ്. റോഡ് ഉദ്ഘാടനം ചെയ്താൽ, പാർക്കിങ് അനുവദിക്കില്ല.വിമാനത്താവളനഗരമായ മട്ടന്നൂരിന്റെ മുഖം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സൗന്ദര്യവത്കരണം നടത്തിവരുന്നത്. കണ്ണൂർ റോഡിൽ നടപ്പാതയും അലങ്കാരവിളക്കുകളും സ്ഥാപിച്ചു. ഇരിട്ടി റോഡിലും പ്രവൃത്തി പുരോഗമിക്കുകയാണ്. ഇരിട്ടി ജങ്‌ഷനിൽ ക്ലോക്ക് ടവറും ബസ്‌സ്റ്റാൻഡിൽ ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട്.

To advertise here,