
''ജോലിഭാരവും പുതിയ അന്തരീക്ഷവും മണിക്കൂറുകൾ നീണ്ട ജോലിയുമൊക്കെ അന്നയെ ശാരീരികവും വൈകാരികവും മാനസികവുമായി തളർത്തിയിരുന്നു. ജോലിക്ക് ചേർന്നതിനു തൊട്ടുപിന്നാലെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദം തുടങ്ങിയവ അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ, അപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് കഠിനാധ്വാനം എന്നുകരുതി അവൾ പിൻവാങ്ങിയില്ല-''
അമിതജോലിഭാരം ജീവനെടുത്ത ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യനേക്കുറിച്ച് അമ്മ അനിത അഗസ്റ്റിൻ കുറിച്ച വരികളാണിത്. ഇ.വൈ. (ഏണസ്റ്റ് ആൻഡ് യങ്) കമ്പനിയുടെ പുണെ ഓഫീസിൽ തന്റെ ആദ്യജോലിയിൽ പ്രവേശിച്ച അന്ന സെബാസ്റ്റ്യൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുംമുമ്പേ അകാലമരണത്തിന് ഇരയായി. അമിതജോലിഭാരമാണ് അന്നയുടെ ജീവൻ കവർന്നതെന്ന് പറഞ്ഞ് കമ്പനിയിൽ തന്റെ മകൾ നേരിട്ട അനീതികളേക്കുറിച്ച് അനിതാ അഗസ്റ്റിൻ ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തും ചർച്ചയിൽ നിറയുന്നുണ്ട്. തൊഴിലിടത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരെ അകമഴിഞ്ഞ് അഭിനന്ദിക്കും മുമ്പ് അവർക്ക് അവരുടേതായ സമയം കിട്ടാതിരിക്കുമ്പോഴും ഇടവേളകൾ കിട്ടാതിരിക്കുമ്പോഴുമൊക്കെ മരണത്തെ നേരത്തേ വിളിച്ചുവരുത്തുകയാണെന്ന് പലരും തിരിച്ചറിയുന്നില്ല. ജോലിക്കുവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കുന്നവരെ അഭിനന്ദിക്കുന്ന ടോക്സിക് പോസിറ്റിവിറ്റിയുണ്ടാക്കുന്ന വെല്ലുവിളികൾ ചെറുതല്ല. ടോക്സിക് വർക്കിങ് കൾച്ചറിന്റെ ഭാഗമാകുന്നവർ ശാരീരികവും മാനസികവുമായി ഇഞ്ചിഞ്ചായി ഇല്ലാതാവുകയാണെന്ന് വിദഗ്ധർ പറയുന്നു.
അന്നയ്ക്ക് സംഭവിച്ചത്
മാർച്ചിലാണ് അന്ന ഇ.വൈ.യിൽ ജോലിയിൽ പ്രവേശിക്കുന്നത്. വെറുംനാലുമാസത്തിനിപ്പുറം കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. മരണത്തിന് രണ്ടാഴ്ച മുമ്പ് അന്നയ്ക്ക് രാത്രി ഒരുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇ.സി.ജി. എടുത്തെങ്കിലും നോർമലായിരുന്നു. എന്നാൽ മതിയായി ഉറങ്ങാത്തതും നേരംതെറ്റി ഭക്ഷണം കഴിക്കാത്തതുമൊക്കെയാണ് അന്നയുടെ ആരോഗ്യപ്രശ്നത്തിനു പിന്നിലെന്ന് ഡോക്ടർ പറയുകയുണ്ടായി. അന്റാസിഡ് പ്രിസ്ക്രൈബ് ചെയ്യുകയും ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് പറയുകയും ചെയ്തു. ഡോക്ടറെ കണ്ടതിനു തൊട്ടുപിന്നാലെയും ജോലി തീർക്കാനുണ്ടെന്നും അവധി ലഭിക്കില്ലെന്നും പറഞ്ഞ് അന്ന ജോലിക്ക് പോയിരുന്നുവെന്ന് അമ്മ പറയുന്നു. ജൂലായ് ഇരുപതിനാണ് അന്ന കുഴഞ്ഞുവീണ് മരിച്ചുവെന്ന് പറഞ്ഞ് അമ്മയ്ക്ക് ഫോൺ വരുന്നത്.
2023 നവംബറിലാണ് അന്ന സി.എ. പരീക്ഷ പാസായത്. 2024 മാർച്ച് പത്തൊമ്പതിന് പുണെ ഇ.വൈ.യിൽ എക്സിക്യൂട്ടീവ് ആയി ചേരുകയും ചെയ്തു. ഭാവിയേക്കുറിച്ച് വളരെയധികം പ്രതീക്ഷകളുണ്ടായിരുന്നയാളാണ് തന്റെ മകളെന്ന് അന്നയുടെ അമ്മ കത്തിൽ കുറിക്കുന്നുണ്ട്. അത് മകളുടെ ആദ്യജോലിയുമായിരുന്നു. കുട്ടിക്കാലം തൊട്ട് അക്കാദമിക തലങ്ങളിലെല്ലാം മികവു പുലർത്തിയിരുന്നയാളായിരുന്നു മകൾ. സ്കൂളിലും കോളേജിലും ടോപ്പറാവുകയും എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികളിൽ മുന്നിട്ടു നിൽക്കുകയും ചെയ്തിരുന്നു. ഡിസ്റ്റിങ്ഷനോടെയാണ് സി.എ. പരീക്ഷ പാസായത്. ജൂലൈ ആറാം തീയതി അന്നയുടെ അമ്മയും അച്ഛനും മകളുടെ സി.എ. കോൺവൊക്കേഷൻ പരിപാടിക്കായി പുണെയിൽ എത്തിയിരുന്നു. അന്നാണ് മകൾ ഒരാഴ്ചയായി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്ന കാര്യം മാതാപിതാക്കളോട് പറയുന്നത്. കോൺവോക്കേഷൻ ദിനത്തിലും മകൾ വൈകുന്നേരംവരെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയതും വൈകിയിട്ടാണ്. സ്വന്തമായി അധ്വാനിച്ച പണംകൊണ്ട് മാതാപിതാക്കളെ കോൺവൊക്കേഷന് കൊണ്ടുപോവുക എന്നത് മകളുടെ വലിയ സ്വപ്നമായിരുന്നു. തങ്ങൾക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെ മകളാണ് ബുക് ചെയ്തത്. മകൾക്കൊപ്പം ചെലവഴിച്ച അവസാനദിവസങ്ങളായ ആ രണ്ടുദിവസം പോലും ജോലിഭാരം മൂലം മകൾക്ക് ആസ്വദിക്കാനായില്ല. തന്റെ ടീമിലെ ജോലിഭാരംകൊണ്ട് നിരവധി തൊഴിലാളികൾ ആ സ്ഥാപനത്തിൽ നിന്ന് ജോലിരാജിവച്ചിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നു. എന്നാൽ ടീമിനെക്കുറിച്ചുള്ള ആ ധാരണ തിരുത്തിക്കൊടുക്കണമെന്നാണ് ടീം മാനേജർ അന്നയോട് പറഞ്ഞിരുന്നത്. അതിന് അവളുടെ ജീവിതം തന്നെ കൊടുക്കേണ്ടിവരുമെന്ന് അവൾ കരുതിക്കാണില്ല- അനിത കത്തിൽ കുറിക്കുന്നു.
ക്രിക്കറ്റ് മാച്ചുകൾക്ക് അനുസരിച്ച് മാനേജർ മീറ്റിങ്ങുകൾ റീഷെഡ്യൂൾ ചെയ്യുമായിരുന്നുവെന്നും അവസാനനിമിഷത്തിൽ ജോലി ഏൽപിക്കുമായിരുന്നുവെന്നും അനിത പറയുന്നു. ഇതെല്ലാം മകൾക്ക് സമ്മർദമേറ്റി. ഔദ്യോഗിക ജോലിക്കപ്പുറം നൽകുന്ന ഉത്തരവാദിത്തങ്ങൾ അന്നയെ അലട്ടിയിരുന്നു. അത്തരം ജോലികളൊന്നും എടുക്കരുതെന്ന് മകളോട് പറഞ്ഞിരുന്നെങ്കിലും രാത്രി വൈകുവോളം ആഴ്ചാവസാനങ്ങളിലുമൊക്കെ ശ്വാസംപോലുമെടുക്കാതെ മകൾ ജോലി ചെയ്തു. ഒരുദിവസം രാത്രി അന്നയെ വിളിച്ച് തൊട്ടടുത്ത ദിവസം രാവിലെ പൂർത്തിയാക്കാൻ പുതിയ ജോലി നൽകി അസിസ്റ്റന്റ് മാനേജർ മകളെ വിളിച്ചിരുന്നു. വിശ്രമിക്കാൻ പോലും അവസരം ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് പറഞ്ഞപ്പോഴാകട്ടെ തങ്ങളെല്ലാവരും രാത്രിയിൽ ജോലി ചെയ്യുന്നുണ്ടെന്ന മറുപടിയാണ് മകൾക്ക് ലഭിച്ചത്.
തീർത്തും ക്ഷീണിതയായാണ് അന്ന മുറിയിലെത്തിയിരുന്നത്, ചിലപ്പോൾ വസ്ത്രങ്ങൾപോലും മാറ്റാതെ ബെഡിലേക്ക് തളർന്നുവീഴും, അപ്പോഴൊക്കെ കൂടുതൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളുടെ കൂമ്പാരം വന്നിരിക്കും. ജോലി ഉപേക്ഷിക്കാൻ വരെ മകളോട് പറഞ്ഞിരുന്നെങ്കിലും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമായിരുന്നു മകൾക്ക് താൽപര്യം. പക്ഷേ അപ്പോഴും അന്ന ഒരിക്കലും തന്റെ മാനേജർമാരെ കുറ്റപ്പെടുത്തിയിരുന്നില്ല. എന്നാൽ പുതുതായി വരുന്നവരെ രാവെന്നോ പകലെന്നോ ഇല്ലാതെ, ഞായറാഴ്ചകളിൽപോലും പണിയെടുപ്പിക്കുന്നത് നീതീകരിക്കാനാവുന്നതല്ല. നാടും വീടുമൊക്കെ വീട്ടുവന്ന അന്നയ്ക്ക് സ്ഥാപനവും സ്ഥലവും ഭാഷയുമൊക്കെ പുതുതായിരുന്നു, പാടുപെട്ട് പൊരുത്തപ്പെടുകയായിരുന്നു. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് കുറച്ചെങ്കിലും പരിഗണന നൽകണം.
അന്ന കരിയർ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളു. അതിർവരമ്പുകൾ വെക്കാനോ യുക്തിരഹിതമായ ആവശ്യങ്ങളെ നിരാകരിക്കാനോ അറിയുമായിരുന്നില്ല. എങ്ങനെ നോ പറയണം എന്നുപോലും അറിയില്ലായിരുന്നു. അവളുടെ ആരോഗ്യവും സന്തോഷവുമാണ് മറ്റെന്തിനേക്കാളും വലുതെന്ന് പറഞ്ഞ് അന്നയെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്. പക്ഷേ, എന്റെ അന്നയുടെ കാര്യത്തിൽ അതേറെ വൈകിപ്പോയി. ഇത് മകളുടെ കാര്യം മാത്രമല്ല, പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഇ.വൈ.യിൽ ജോലിക്ക് വരുന്ന എല്ലാ യുവാക്കളുടേയുമാണ്. അന്നയുടെ മരണം ഇ.വൈ.ക്ക് ഒരു ഉൾവിളിയാകണം. തൊഴിലാളികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകാനുള്ള ചുവടുകൾ സ്ഥാപനത്തിൽ നിന്നുണ്ടാകണം. ഉത്പാദനക്ഷമതയ്ക്കു വേണ്ടി ശാരീരിക മാനസികാരോഗ്യം ത്യജിക്കുന്ന അന്തരീക്ഷമാകരുത്. മകളുടെ അനുഭവം വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിയൊരു കുടുംബത്തിനും തങ്ങളുടേതുപോലൊരു ആഘാതം ഉണ്ടാകരുതെന്നും അനിത കുറിക്കുന്നു.
സ്വന്തം ശരീരത്തെ വേണ്ടവിധം പരിഗണിക്കാതെ പ്രൊഫഷന് മാത്രം പ്രാധാന്യം നൽകിയതിനു പിന്നാലെ ആരോഗ്യം മോശമായതിനേക്കുറിച്ച് അടുത്തിടെ സംരംഭകനായ കൃതാർഥ് മിത്തൽ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിക്കിടക്കയിലുള്ള ചിത്രംസഹിതമാണ് കൃതാർഥ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തിരക്കുകൂട്ടിയ ജീവിതരീതി ഉടനടിയോ, അല്ലെങ്കിൽ കാലങ്ങൾ കഴിഞ്ഞോ തിക്തഫലം നൽകാമെന്നാണ് കൃതാർഥ് കുറിച്ചത്. ദിവസവും അഞ്ചാറു മണിക്കൂർ ഉറങ്ങാൻ കഴിയാതെ, ശരിയായ ഡയറ്റ് പ്ലാനുകളില്ലാതെയുള്ള തിരക്കിട്ട ഓട്ടത്തിന്റെ ഫലം ഇരുപത്തിയഞ്ചാം വയസ്സിൽ ലഭിച്ചുവെന്ന് കൃതാർഥ് പറഞ്ഞു.
അമിതമായ ജോലിഭാരം ഹൃദയാഘാതസാധ്യതയും പക്ഷാഘാതസാധ്യതയും വർധിപ്പിക്കാമെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ജോലിചെയ്യുന്ന സമയവും ഹൃദയാഘാത-പക്ഷാഘാത സാധ്യതയും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ആറുലക്ഷത്തിലേറെപേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആഴ്ചയിൽ അമ്പത്തിയഞ്ചു മണിക്കൂറിലേറെ ജോലി ചെയ്യുന്നവരിൽ ഹൃദയാഘാതസാധ്യത പതിമൂന്നുശതമാനം കൂടുതലാണെന്നും പക്ഷാഘാതസാധ്യത മുപ്പത്തിമൂന്നു ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറഞ്ഞിരുന്നു. ആഴ്ചയിൽ മുപ്പത്തിയഞ്ചും നാൽപതും മണിക്കൂർ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്. കൂടുതൽ സമയം ജോലിചെയ്യുന്നവരിൽ സ്ട്രെസ്സ് ഹോർമോണുകളായ കോർട്ടിസോൾ, എപിനെഫ്രിൻ എന്നിവയുടെ തോത് കൂടുതലായിരിക്കുമെന്നും ഇതാകാം ഹൃദ്രോഗസാധ്യതകൾ വർധിപ്പിക്കുന്നതെന്നും ഗവേഷകർ വിലയിരുത്തി. മാത്രമല്ല കൂടുതൽ സമയം ജോലിചെയ്യുന്നവരിൽ അനാരോഗ്യകരമായ ജീവിതരീതി, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യപാനശീലം, പുകവലിശീലം തുടങ്ങിയവ കൂടുതലായി കാണാറുണ്ട്. ഇതും ആരോഗ്യം വഷളാക്കുന്ന ഘടകങ്ങളാണ്.
കൃത്യമായ ഇടവേളയോടെ ജോലി ചെയ്യുന്നതാണ് കൈയടിക്കപ്പെടേണ്ടത്

ഓവർ വർക്കിങ് ചെയ്യുന്നവരിൽ അണുബാധകൾ പെട്ടെന്ന് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കൺസൾട്ടന്റ് ഫിസിഷ്യനായ ഡോ. സൗമ്യ സത്യൻ പറയുന്നു. വർക്പ്ലേസ് ടോക്സിസിറ്റി വളരെ ഗൗരവമായി കാണേണ്ട ഒന്നാണ്. അമിതമായ ടെൻഷൻ മൂലം രക്തസമ്മർദ്ദം ഉയരാനിടയുണ്ട്. ഉറക്കമില്ലായ്മയും രക്തസമ്മർദ്ദം കൂടുന്നതും ഹൃദയത്തിലെയും തലച്ചോറിലെയുമൊക്കെ രക്തധമനികളെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതുമൂലം ഹൃദയാഘാതം , സ്ട്രോക്ക് എന്നീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരാമെന്നും ഡോ. സൗമ്യ പറയുന്നു.
ആരോഗ്യം നിലനിർത്താനും ഇമ്മ്യൂണിറ്റി പവർ കൂട്ടാനും ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് പല രോഗികളും ചോദിക്കാറുണ്ടെന്നും അതിൽ പ്രധാനം എട്ട് മണിക്കൂർ ഉറക്കം, എട്ട് ഗ്ലാസ് വെള്ളം, ആഴ്ചയിൽ അരമണിക്കൂർ നേരമെങ്കിലും വ്യായാമം, സമീകൃതാഹാരം, മാനസികസമ്മർദം കുറയ്ക്കുക തുടങ്ങിയവയാണെന്നും പറയുന്നു ഡോ. സുൾഫി നൂഹു. മാനസിക സമ്മർദമുണ്ടാകുന്നത് ഈ പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും. മാത്രമല്ല ഹൈപ്പർടെൻഷൻ, അമിതവണ്ണം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കും കാരണമാവുകയും ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയിലേക്ക് വരെ നയിക്കുകയും ചെയ്യാം. കുടുംബവുമായുള്ള ബന്ധത്തേയും ബാധിക്കാം.

നൂറുശസ്ത്രക്രിയ ചെയ്ത ഡോക്ടർ എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കുന്ന വാർത്തകൾ കാണാറുണ്ട്. സ്കിൽഡ് ജോലി ചെയ്യുന്നവരെല്ലാംനിശ്ചിതസമയം മാത്രമേ ജോലി ചെയ്യാവൂ എന്ന് വിദേശരാജ്യങ്ങളിലൊക്കെ നിബന്ധനകളുണ്ട്. ചില രാജ്യങ്ങളിലൊക്കെ ഡോക്ടർമാർ കൃത്യമായ സമയത്തിൽ കൂടുതൽ ജോലി ചെയ്താൽ ലൈസൻസ് വരെ കട്ട് ചെയ്യാറുണ്ട്. തൊഴിൽ ജീവിതം സന്തുലിതമായിരിക്കണം. ക്വാളിറ്റിയുള്ള ജോലി ആകണമെങ്കിൽ സമ്മർദമുണ്ടാകരുത്. കൃത്യമായ സമയത്ത്, കൃത്യമായ ഇടവേളയോടെ ജോലി ചെയ്യുന്നതാണ് കൈയടിക്കപ്പെടേണ്ടത്.- ഡോ. സുൾഫി നൂഹു.
ആത്മഹത്യാചിന്ത വരെയുണ്ടാകാം

അമിതമായ മാനസികസമ്മർദം ഏതുരീതിയിൽ വന്നാലും മാനസികമായും ശാരീരികമായും ബാധിക്കുമെന്ന് പറയുന്നു സൈക്യാട്രിസ്റ്റായ ഡോ. ടോം വർഗീസ്. സ്ട്രെസ് ഹോർമോൺ കൂടുതൽ റിലീസ് ചെയ്യപ്പെടുന്നതുകൊണ്ട് കൊളസ്ട്രോൾ, പ്രഷർ, ഷുഗർ തുടങ്ങിയവയിലൊക്കെ മാറ്റമുണ്ടാകാം. ഫ്ലൈറ്റ് ഓർ ഫൈറ്റ് റിയാക്ഷൻ എന്ന അവസ്ഥ സമ്മർദമുണ്ടാകുമ്പോൾ വരാം. അഡ്രിനാലിൻ കൂടുന്നതിന്റെ ഭാഗമായി നെഞ്ചിടിപ്പ് കൂടുക, ഉറക്കക്കുറവ്, ശ്വാസംമുട്ടൽ, തൊണ്ട വരളുന്നതുപോലെ തോന്നുക തുടങ്ങിയവയൊക്കെ ഉണ്ടാകാം. കൂടാതെ വയറിൽ അൾസർ, മുടികൊഴിച്ചിൽ, ആർത്തവക്രമക്കേടുകൾ, ലൈംഗികപരമായ പ്രശ്നങ്ങൾ തുടങ്ങിയവയുമുണ്ടാകും. മാത്രമല്ല സമ്മർദം കൂടുന്നത് സന്തോഷം ഇല്ലാതെ, എപ്പോഴുമുള്ള വിഷാദാവസ്ഥയ്ക്ക് കാരണമാകും. ഇതിന്റെ ഭാഗമായി ആത്മഹത്യാചിന്ത വരെയുണ്ടാകാം. സമ്മർദം കൂടുന്ന സമയത്ത് മനസ്സ് കൃത്യമായി പ്രവർത്തിക്കാത്തതുകൊണ്ട് കാര്യക്ഷമതയോടെ പ്രവർത്തിക്കാനും കഴിയില്ല.
മാത്രമല്ല, ഓഫീസ് ജോലിക്കാരിൽ വെയിൽ കൊള്ളാത്തതുമൂലം വിറ്റാമിൻ ഡിയുടെ അഭാവം, അനങ്ങാതെ ഒരിടത്തിരിക്കുന്നതിന്റെ ഭാഗമായി മെറ്റബോളിക് പ്രശ്നങ്ങൾ, ഇരിക്കുന്ന പോസ്ചർ ശരിയാകാതിരിക്കുമ്പോൾ നട്ടെല്ലിന് തേയ്മാനം തുടങ്ങിയവയും ഉണ്ടാകാം. ശാരീരിക-മാനസിക ആരോഗ്യം അവനവന്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയലാണ് ഏറ്റവും പ്രധാനം.
അമിതജോലിക്കാരിൽ ഉറക്കം പ്രശ്നം

സ്ട്രെസ്സ്, ആങ്സൈറ്റി, ഡിപ്രഷൻ എന്നിവ ഓവർ വർക് ചെയ്യുന്നവരിൽ കൂടുതലാണെന്ന് പറയുന്നു കരൾ രോഗവിദഗ്ധനായ ഡോ. അബി ഫിലിപ്സ്. ഉറക്കം ശരിക്കും വേണ്ടവിധത്തിൽ പലരും പ്രാധാന്യം നൽകാത്ത കാര്യമാണ്. ഉറക്കം കുറയുന്നവരിൽ പലതരം അസുഖങ്ങൾ കണ്ടുവരാറുമുണ്ട്. സുഖകരമായ ഉറക്കം ലഭിച്ചുവെന്ന തോന്നൽ കിട്ടാത്തവർ നിരവധിയാണ്. അവരിൽ ഹൃദ്രോഗം, മസ്തിഷ്കത്തെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ജീവിതശൈലീരോഗങ്ങൾ കൂടുക, സ്റ്റാമിന കുറയുക, പ്രതിരോധശേഷി കുറഞ്ഞ് അണുബാധകൾ ഇടയ്ക്കിടെ വരിക തുടങ്ങിയവയൊക്കെ അനന്തരഫലങ്ങളാണ്. കൂടുതൽ ജോലിചെയ്താൽ തൊഴിലിടത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന തോന്നലിലാണ് പലരും ആരോഗ്യം മറന്ന് ജോലിചെയ്യുന്നത്. എന്നാൽ മരണത്തെ നേരത്തേ വിളിച്ചുവരുത്തുന്ന അവസ്ഥയാണുണ്ടാകുന്നത്. നമുക്ക് പകരക്കാരൻ അവിടെ വരികയും ചെയ്യും.
ഇന്ത്യയിലെ പല സ്ഥാപനങ്ങളിലും അമ്പതുമുതൽ എഴുപതുശതമാനം വരെ വർക്പ്ലേസ് ടോക്സിസിറ്റി ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. കൂടെ തൊഴിൽ ചെയ്യുന്നവരെയും സ്ഥാപനത്തെയുമൊക്കെ ബാധിക്കുന്ന കാര്യമാണിത്. ഉത്പാദനക്ഷമതയും ക്വാളിറ്റിയുമൊക്കെ കുറയുകയാണ് യഥാർഥത്തിൽ സംഭവിക്കുക. ചിലയാളുകൾ ജോലി ചെയ്യിപ്പിക്കാൻ മിടുക്കരാണ് എന്ന് പറയാറുണ്ട്. പക്ഷേ ജോലി ചെയ്യുന്നവരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
ആരോഗ്യ സംബന്ധമായ വാര്ത്തകളും ആര്ട്ടിക്കിളുകളും വായിക്കാന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ഡോക്ടേഴ്സ് കമ്മ്യൂണിറ്റിയിൽ ഏറ്റവുമധികം നിലനിൽക്കുന്ന രീതിയാണ് വർക്പ്ലേസ് ടോക്സിസിറ്റിയെന്നും ഡോ.അബി പറയുന്നു. ഒരു ഡോക്ടർ കൂടുതൽ രോഗികളെ കണ്ടാൽ മികച്ച ഡോക്ടറാണെന്നും മറിച്ചാണെങ്കിൽ നല്ല ഡോക്ടറല്ലെന്നും ധാരണകളുള്ളവരുണ്ട്. പക്ഷേ വെറും പത്തുപേരെയാണെങ്കിലും നല്ലരീതിയിൽ ചികിത്സിക്കുന്നയാളാണ് നല്ല ഡോക്ടർ. കുടുംബവും മറ്റും മറന്ന് ജോലി ചെയ്യുന്ന ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. പക്ഷേ അത് അവരുടെ ജീവിതം കൂടി തകർക്കുകയാണെന്ന് തിരിച്ചറിയുന്നില്ല. വർക്പ്ലേസ് ടോക്സിസിറ്റിയെ നേരിടാൻ സർക്കാർ തലത്തിൽ നിന്നുതന്നെ അടിയന്തര ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മരണംവേണ്ടിവന്നു ഇതിനേക്കുറിച്ചൊക്കെ സംസാരിക്കാൻ എന്നതാണ് ഏറ്റവും സങ്കടകരം.
ഓവർ വർക്കിംഗ് ആണെന്ന് എങ്ങനെ മനസ്സിലാക്കാം?
- ഉറക്കമില്ലായ്മ
- മനസ്സിന് വിഷാദം
- ഒന്നിനോടും ഇഷ്ടമില്ലാത്ത അവസ്ഥ
- കലശലായ ക്ഷീണം
- പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥ
- ഭക്ഷണത്തിനോട് ഇഷ്ടമില്ലായ്മ
- അമിതഭാരം
- തൂക്കകുറവ്
- സ്ത്രീകളിൽ ആർത്തവപ്രശ്നങ്ങൾ
- അവനവന് കരുതൽ നൽകാതിരിക്കുക.
- മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാതിരിക്കുക.
- തൊഴിൽജീവിതം അർഥശൂന്യമാണെന്ന് അനുഭവപ്പെടുക
- പ്രൊഫഷൻ മെച്ചപ്പെടുത്തുന്നതിനേക്കുറിച്ച് നിരന്തരം ആശങ്കപ്പെടുക.
- തൊഴിലിടത്തിനും വീടിനുമിടയിലുള്ള അതിർവരമ്പ് നിശ്ചയിക്കാൻ കഴിയാതാവുക.
- ഏകാന്തത അനുഭവപ്പെടുക.
ശരീരത്തിന് വേണ്ടത്ര വിശ്രമമില്ലാതെ ജോലിക്കുമാത്രം പ്രാധാന്യം നൽകുന്നതിന്റെ പ്രശ്നങ്ങൾ
- സുഖകരമായി ഉറങ്ങാനാവുന്നില്ലെന്ന് പരാതിപ്പെടുന്നവരിലേറെയും ഓവർ വർക്കിങ് അഥവാ ജോലിയിൽ മാത്രം മുഴുകി ജീവിതം നയിക്കുന്നവരാണ്. സുഖകരമായ ഉറക്കം ലഭിക്കാത്തത് ശാരീരിക-മാനസികാരോഗ്യം തകരാറിലാക്കുകയും ചെയ്യും.
- ഇക്കൂട്ടർ പലപ്പോഴും ഭക്ഷണത്തോട് വിട്ടുവീഴ്ച ചെയ്യുന്നവരാകും. ജോലികൾ ചെയ്തുതീർക്കാൻ ഭക്ഷണം പിന്നത്തേക്ക് മാറ്റിവെക്കുകയോ, പാടേ ഒഴിവാക്കുകയോ ഒക്കെ ചെയ്യുന്നത് ബ്ലഡ് ഷുഗർ നില തകരാറിലാക്കുകയും ഊർജം കുറയാനിടയാക്കുകയും ചെയ്യും. മാത്രമല്ല വിശപ്പോടെയിരിക്കുന്നത് പിന്നീട് കഴിക്കുന്ന സമയത്ത് അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് ആകൃഷ്ടമാക്കുകയും ചെയ്യും.
- ജോലിഭാരം കൂടുതലാണെന്ന് പരാതിപ്പെടുന്ന പലരും വ്യായാമം ചെയ്യാൻ സമയമില്ലെന്നും പറയുന്നവരാണ്. ഒരു ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാത്തവരിൽ പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. വ്യായാമം ചെയ്യുന്നതിലൂടെ വിഷാദത്തെ പ്രതിരോധിക്കാനും രക്തസമ്മർദം, ബ്ലഡ് ഷുഗർ എന്നിവയുടെ തോത്, കൊളസ്ട്രോൾ നില തുടങ്ങിയവ നിയന്ത്രിക്കാനാകും. ഹൃദ്രോഗസാധ്യതയും കുറയ്ക്കാനാവും.
- വ്യക്തിബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള സാധ്യതയും കുറയും. സാമൂഹിക ബന്ധങ്ങൾ കുറയുന്നത് ഏകാന്തതയ്ക്ക് കാരണമാവുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. തൊഴിലിടത്തിൽ സന്തോഷം നിറയ്ക്കുന്ന ബന്ധങ്ങൾ ഉള്ളവരിൽ ഓർമ, ചിന്താശേഷി തുടങ്ങിയവ മെച്ചപ്പെട്ട നിലയിലാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
- തൊഴിലിടത്തിൽ സമ്മർദം കൂടുന്ന സാഹചര്യങ്ങളിൽ ലഹരി പദാർഥങ്ങളിലേക്ക് വ്യതിചലിക്കാനും സാധ്യത കൂടുതലാണ്. ഇത് ഉത്പാദനക്ഷമതയെ മാത്രമല്ല ശ്രദ്ധകേന്ദ്രീകരിച്ച് ജോലികൾ തീർക്കുന്നതിനെയും ബാധിക്കും. മാത്രമല്ല ലഹരിയോട് അടിമപ്പെടുന്നത് മൂലം ഒട്ടനേകം ആരോഗ്യപ്രശ്നങ്ങളും പിന്നാലെയുണ്ടാകും.
Content Highlights: overwork anna death ey india toxic work culture
Published: 20 Sept 2024, 11:15 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented