വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവർ നിരവധിയുണ്ട്. ചിലർ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടുമെങ്കിൽ മറ്റുചിലർ ഉള്ളിലടക്കി മാനസികനില ഗുരുതരമാവുന്നതുവരെ വിദഗ്ധ ചികിത്സ വൈകിക്കും. ഇപ്പോഴിതാ സിർക്കാഡിയൻ ഡിപ്രഷൻ എന്ന പുതിയ വിഭാഗം വിഷാദരോഗത്തേക്കുറിച്ചു പഠനം നടത്തിയിരിക്കുകയാണ് ഗവേഷകർ. ശരീരത്തിന്റെ ജൈവഘടികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണ് സിർക്കാഡിയൻ ഡിപ്രഷൻ എന്ന പേരുവിളിക്കുന്നത്.

To advertise here,

ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡ്നി സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 'ഓസ്‌ട്രേലിയൻ ജെനെറ്റിക്സ് ഓഫ് ഡിപ്രഷൻ സ്റ്റഡി'യിൽ നിന്നുള്ള വിഷാദരോഗമുള്ള 10,000-ത്തിലധികം ആളുകളുടെ വിവരം ശേഖരിച്ചാണ് പഠനം നടത്തിയത്.

ഗുരുതരമായ വിഷാദരോഗം ഉള്ളവരിൽ ചില പരമ്പരാഗത ആൻ്റിഡിപ്രസന്റ് മരുന്നുകൾ ഫലപ്രദമാകാറില്ല. ഇത് മുൻനിർത്തിയാണ് സിർക്കാഡിയൻ ഡിപ്രഷൻ എന്ന വിഭാഗത്തേക്കുറിച്ചും പഠനം നടത്തിയത്. ഉറക്കത്തിലെ തകരാറുകൾ, ക്രമരഹിതമായ ഉറക്കം തുടങ്ങിയ ജൈവഘടികാരത്തിലെ പ്രശ്നങ്ങളുമായാണ് ഈ വിഷാദം ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മറ്റ് വിഷാദരോഗങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

പഠനത്തിന്റെ ഭാഗമായ ഏകദേശം കാൽഭാഗം ആളുകളെയും സിർക്കാഡിയൻ ഡിപ്രഷൻ ബാധിച്ചിരുന്നതായി കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു. ഇക്കൂട്ടരിലെ ലക്ഷണങ്ങളേക്കുറിച്ചും പഠനം പറയുന്നുണ്ട്. രാവിലെകളിൽ അതിയായ ക്ഷീണം, വിഷാദാവസ്ഥകളിൽ സാധാരണത്തേക്കാൾ കൂടുതൽ സമയം ഉറങ്ങുക, രാത്രി വളരെ വൈകി ഉറങ്ങുക തുടങ്ങിയവ ലക്ഷണങ്ങളാണ്.

വിഷാദം എന്നത് എല്ലാവരിലും ഒരേപോലെയുള്ള ഒരു അസുഖമല്ല. വ്യത്യസ്ത ഉപവിഭാഗങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിലൂടെ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സകൾ നേരത്തേ നൽകാനാവുമെന്ന് ഗവേഷകർ പറയുന്നു.

സിർക്കാഡിയൻ ഡിപ്രഷനിലൂടെ കടന്നുപോകുന്നവർ ഏകദേശം പതിനെട്ടുവയസ്സുവരെയുള്ള പ്രായം കുറഞ്ഞവരാകുമെന്ന് പഠനം പറയുന്നു.

പ്രധാനമായും സ്ത്രീകളിലാണ് ഇത് കണ്ടുവരാറുള്ളത്. മൊത്തം കേസുകളുടെ ഏകദേശം 80%-വും സ്ത്രീകളിലാണ്. മറ്റ് വിഷാദാവസ്ഥകളെ അപേക്ഷിച്ച് രോഗലക്ഷണങ്ങൾ വളരെ നേരത്തെ പ്രകടമാകുമെന്നും ഗവേഷകർ പറയുന്നു. ഇക്കൂട്ടരിൽ ഹൈപ്പോമാനിക് അല്ലെങ്കിൽ ഉന്മാദാവസ്ഥയോട് സാമ്യമുള്ള പെരുമാറ്റങ്ങൾ, ആത്മഹത്യാ ചിന്തകൾ, ക്ഷീണം, ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയവ അനുഭവപ്പെടുന്നത് കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

സാധാരണ സെറോടോണിൻ അടിസ്ഥാനമാക്കിയുള്ള ആന്റിഡിപ്രസന്റുകൾ സിർക്കാഡിയൻ ഡിപ്രഷൻ ഉള്ളവരിൽ ഫലപ്രദമാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ വിലയിരുത്തുന്നു. ഇതേക്കാൾ മെലാടോണിൻ, മെലാടോണിൻ ലക്ഷ്യമിട്ടുള്ള ആന്റിഡിപ്രസന്റുകൾ, ലൈറ്റ് തെറാപ്പി തുടങ്ങിയ ജൈവഘടികാരത്തിന്റെ പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സാരീതികളാണ് കൂടുതൽ ഫലപ്രദമാവുക. ഇതുകൊണ്ടാണ് പരമ്പരാഗതമായി നൽകുന്ന ആന്റിഡിപ്രസന്റുകളിൽ പലതും ഇവരിൽ വിജയം കാണാത്തതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

വിഷാദരോഗം പലവിധം

പലരീതിയിൽ വിഷാദരോഗം പ്രകടമാകാം. രണ്ടുവ്യക്തികളുടെ വിഷാദ അനുഭവം ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. സ്ത്രീകളിൽ വിഷാദരോഗ സാധ്യത പുരുഷന്മാരെക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ അധികമാണ്. ശൂന്യത, നിസ്സംഗത, നിർവികാരത, ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അവയ്ക്കൊപ്പം താഴെപറയുന്ന ചില ലക്ഷണങ്ങൾ രണ്ടോ അതിലധികമോ ആഴ്ചകൾ നീണ്ടുനിൽക്കുന്നുവെങ്കിൽ വിഷാദരോഗസാധ്യത കൂടുതലാണ്.

  • ഏകാന്തതയും ഒറ്റപ്പെടലും.
  • നിരന്തരമായ സങ്കടം, നിരാശ, ക്ഷീണം, തളർച്ച, ഊർജക്കുറവ്.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഉറക്കം.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഭക്ഷണം.
  • ഏകാഗ്രത കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
  • ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലോ സാമൂഹികവത്കരണത്തിലോ ഉള്ള താത്പര്യം നഷ്ടമാകൽ.
  • കുറ്റബോധം, സ്വന്തം വില നഷ്ടപ്പെട്ടു എന്ന തോന്നൽ.
  • മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.

നീണ്ടുനിൽക്കുന്ന വിഷാദരോഗലക്ഷണങ്ങൾക്ക് വിദഗ്ധപരിശോധന തേടേണ്ടത് അനിവാര്യമാണ്. സൈക്കോതെറാപ്പി, ടോക്ക് തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകൾ തുടങ്ങിയവയിലൂടെ പരിഹാരംതേടാം. കൂടുതൽ ഗുരുതരമായ കേസുകളിൽ ഇലക്ട്രോകൺവസീവ് തെറാപ്പി (ഇ.സി.ടി.) അല്ലെങ്കിൽ ആവർത്തിച്ചുള്ള ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ (ആർ.ടി.എം.എസ്.) പോലുള്ള അധിക ചികിത്സാ സാധ്യതകളും പരീക്ഷിക്കാറുണ്ട്.