തിരക്കുപിടിച്ച ഒരു ദിവസത്തിനൊടുവിൽ ലാപ്‌ടോപ്പ് തുറന്ന് പ്രിയപ്പെട്ട ഏതെങ്കിലും ഒരു റൊമാന്റിക് കോമഡി ചിത്രം കണ്ടിരുന്നിട്ടുണ്ടോ? തുടക്കത്തിൽ അടിയോടു അടി, ഇടയ്ക്കുവെച്ച് ചില തെറ്റിദ്ധാരണകൾ, ഒടുവിൽ മഴയത്തു വെച്ചോ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയോ ഉള്ള വൈകാരികമായ ഒത്തുചേരലും ശുഭപര്യവസാനവും... കഥ എന്താണെന്നും ക്ലൈമാക്‌സ് എന്തായിരിക്കുമെന്നും കൃത്യമായി അറിയാമെങ്കിൽ പോലും, ആ സിനിമകളിലേക്ക് വീണ്ടും വീണ്ടും ആകർഷിക്കപ്പെടുന്നുണ്ടോ? കേവലം വൈകാരികമായ ഒരു ഇഷ്ടത്തിനപ്പുറം, റൊമാന്റിക് കോമഡി സിനിമകളോടുള്ള ഈ ആസക്തിക്ക് പിന്നിൽ തലച്ചോറിലെ ചില നാഡീവ്യൂഹ പ്രവർത്തനങ്ങളും മനഃശാസ്ത്രപരമായ വസ്തുതകളുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ന്യൂറോളജിസ്റ്റുകളും മനഃശാസ്ത്ര വിദഗ്ദ്ധരും.

To advertise here,

തലച്ചോറും പ്രവചന ശക്തിയും

റൊമാന്റിക് സിനിമകളുടെ വിജയത്തിന് കാരണം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവചന ശേഷിയാണെന്ന് പറയുകയാണ് മുംബൈയിലെ ഡോ. എൽ. എച്ച് ഹീരാനന്ദാനി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. സച്ചിൻ അഡുകി. 'നമ്മുടെ തലച്ചോറിന്റെ അടിസ്ഥാനപരമായ ജോലിയാണ് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുക എന്നത്. ഒരു പ്രണയകഥ കാണുമ്പോൾ, കഥാപാത്രങ്ങൾ തമ്മിൽ എപ്പോൾ ഇഷ്ടം തുറന്നുപറയും, അവർ എപ്പോൾ പിണങ്ങും, ഒടുവിൽ എങ്ങനെ ഒന്നിക്കും എന്നൊക്കെ പ്രേക്ഷകന്റെ തലച്ചോർ നിരന്തരം കണക്കുകൂട്ടുന്നു. സിനിമയുടെ ഒടുവിൽ നമ്മൾ പ്രവചിച്ചതുപോലെ കാര്യങ്ങൾ സംഭവിക്കുകയും നായകനും നായികയും ഒന്നിക്കുകയും ചെയ്യുമ്പോൾ, അത് തലച്ചോറിൽ വലിയൊരു ആശ്വാസവും സംതൃപ്തിയും സൃഷ്ടിക്കുന്നു. ദൈനംദിന ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ കൃത്യതയാണ് സിനിമകളിൽ തിരയുന്നത്,' ഡോ. സച്ചിൻ പറയുന്നു. ലളിതമായി പറഞ്ഞാൽ, അനിശ്ചിതത്വങ്ങൾ നിറഞ്ഞ ജീവിതത്തിൽ, എല്ലാം ഭംഗിയായി അവസാനിക്കും എന്ന ഉറപ്പ് തലച്ചോറിന് ആശ്വാസം നൽകുന്നു.

റൊമാന്റിക് കോമഡികൾ കാണുമ്പോൾ സന്തോഷം തരുന്ന രാസവസ്തുവായ ഡോപ്പോമിൻ തലച്ചോറിൽ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇതിന് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ന്യൂറോളജിസ്റ്റുകൾ പറയുന്നു.ഡോപ്പോമിൻ എന്നത് കേവലം സന്തോഷം നൽകുന്ന ഒന്ന് മാത്രമല്ല, മറിച്ച് ഒരു കാര്യം പ്രതീക്ഷിക്കാനും, അതിനായി കാത്തിരിക്കാനുമുള്ള പ്രേരണ നൽകുന്ന രാസവസ്തുവാണ്. റൊമാന്റിക് സിനിമകളിലെ സുന്ദരമായ നിമിഷങ്ങളും തമാശകളും ക്ലൈമാക്‌സിലെ സന്തോഷവും തലച്ചോറിലെ ന്യൂക്ലിയസ് അക്യുബൻസ് എന്ന റിവാർഡ് കേന്ദ്രത്തെ സജീവമാക്കുന്നു. റൊമാന്റിക് കോമഡികൾ പ്രേക്ഷകർക്ക് യാതൊരുവിധ ഭയവുമില്ലാതെ പ്രണയത്തിന്റെയും വൈകാരികതയുടെയും ലോകത്തേക്ക് ഇറങ്ങിച്ചെല്ലാൻ അവസരമൊരുക്കുന്നു. സിനിമയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും അവയെല്ലാം ഒടുവിൽ പരിഹരിക്കപ്പെടും എന്ന വിശ്വാസം പ്രേക്ഷകന് മാനസികമായ സുരക്ഷിതത്വം നൽകുന്നു. എന്നാൽ, ഒരു സിനിമ കാണുന്നത് യഥാർത്ഥ ജീവിതത്തിൽ പ്രണയത്തിൽ വീഴുമ്പോഴുണ്ടാകുന്ന അതേ ന്യൂറോ കെമിക്കൽ മാറ്റങ്ങൾ ഉണ്ടാക്കില്ല.

എന്തുകൊണ്ടാണ് ചില ആളുകൾ ഇത്തരം സിനിമകൾ ആവർത്തിച്ചു കാണുന്നത്? അവർ അനുഭവിക്കുന്ന ഒറ്റപ്പെടലോ അല്ലെങ്കിൽ സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹമോ ഇതിന് കാരണമാണോ?എന്നുചോദിച്ചാൽ അതിനുള്ള ഉത്തരവും ലളിതമാണ്. ഒറ്റപ്പെടൽ അനുഭവിച്ചവർക്കോ, ബ്രേക്ക്അപ്പിലൂടെ കടന്നുപോയവർക്കോ, ജീവിതത്തിൽ അനിശ്ചിതത്വം നേരിടുന്നവർക്കോ ഇത്തരം കഥകൾ വലിയൊരു പ്രതീക്ഷ നൽകുന്നു. ലോകത്ത് എവിടെയോ തനിക്കായി സ്‌നേഹവും പരിചരണവും കാത്തിരിക്കുന്നുണ്ടെന്ന ഉറപ്പാണ് ഈ സിനിമകൾ അവർക്ക് സമ്മാനിക്കുന്നത്.

യഥാർത്ഥ ജീവിതവും സിനിമാറ്റിക് സങ്കൽപ്പങ്ങളും

എന്നാൽ,തുടർച്ചയായി റൊമാന്റിക് സിനിമകൾ കാണുന്നത് ആളുകളുടെ യഥാർത്ഥ ജീവിതത്തിലെ പ്രണയസങ്കൽപ്പങ്ങളെ ബാധിക്കും. ലോകത്ത് എനിക്കായി മാത്രം ജനിച്ച ഒരാളുണ്ട്, ആദ്യ കാഴ്ചയിലെ പ്രണയം തന്നെയാണ് സത്യം തുടങ്ങിയ സങ്കൽപ്പങ്ങൾ ഉറയ്ക്കുന്നു.സിനിമകളിലെപ്പോലെ വലിയൊരു വൈകാരിക പ്രകടനത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും ഒറ്റനിമിഷം കൊണ്ട് പരിഹരിക്കാം എന്ന ചിന്ത ഉടലെടുക്കും. എന്റെ പങ്കാളി ഞാൻ പറയാതെ തന്നെ എന്നെ മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് സിനിമകൾ സൃഷ്ടിച്ച തെറ്റായ പ്രതീക്ഷയാണ്, യഥാർത്ഥ ജീവിതത്തിൽ ബന്ധങ്ങൾ നിലനിൽക്കാൻ പരസ്പരമുള്ള വിട്ടുവീഴ്ചകളും, കൃത്യമായ ആശയവിനിമയവും, സമയവും ആവശ്യമാണ്. എന്നാൽ സിനിമയെ മാതൃകയാക്കുമ്പോൾ യഥാർത്ഥ ബന്ധങ്ങൾ മടുപ്പുള്ളതായി തോന്നാം.