ആശുപത്രികളുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന് പല കാരണങ്ങളുണ്ട്. ആധുനിക ഉപകരണങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വിദഗ്ധരുടെ സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം ചെലവുണ്ട്. എന്നാൽ, ഓരോ ചെലവുവർധനയും രോഗിയുടെ ബില്ലിൽ എത്രത്തോളം പ്രതിഫലിക്കണം? ആശുപത്രിയുടെ വരുമാനവും ലാഭവും വർധിപ്പിക്കുന്നതിന് എത്രത്തോളം നിയന്ത്രണങ്ങൾ വേണം? ഈ ചോദ്യങ്ങൾക്ക് പൊതുതാത്പര്യം മുൻനിർത്തിയുള്ള ഉത്തരങ്ങൾ ആവശ്യമാണ്.
ഒരു ആശുപത്രി വലിയ നിക്ഷേപത്തിന്റെ ഭാഗമായി മാറുമ്പോൾ അതിന്മേലുള്ള സാമ്പത്തിക പ്രതീക്ഷകളും വർധിച്ചേക്കാം. നിക്ഷേപത്തിന് നിശ്ചിത കാലയളവിനുള്ളിൽ ഉയർന്ന ആദായം നൽകണമെന്ന സമ്മർദം ചികിത്സാ പാക്കേജുകളുടെ വിലയിലും ആശുപത്രിയുടെ പ്രവർത്തനരീതികളിലും പ്രതിഫലിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആരോഗ്യരംഗത്ത് സാമ്പത്തികതാത്പര്യങ്ങൾക്കു മേൽനോട്ടവും സുതാര്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വ്യക്തമാകുന്നു.
ഗൗരവതരമായ പ്രശ്നങ്ങൾ
കേരളത്തെപ്പോലെ വയോജനങ്ങളുടെ എണ്ണം വർധിക്കുകയും ജീവിതശൈലീരോഗങ്ങളും കാൻസർപോലുള്ള ഗുരുതരരോഗങ്ങളും വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്ത് ഈ പ്രശ്നം കൂടുതൽ ഗൗരവമുള്ളതാണ്. ദീർഘകാല ചികിത്സയും തുടർച്ചയായ പരിശോധനകളും മരുന്നുകളുടെ ചെലവും കുടുംബങ്ങളുടെ ആകെയുള്ള സമ്പാദ്യം ചോർത്തിക്കളയാം. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കുപോലും പോളിസിയുടെ പരിധികൾക്കും പരിരക്ഷയിൽപ്പെടാത്ത ചെലവുകൾക്കും വിധേയമായി സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവഴിക്കേണ്ടിവരാം.
ആരോഗ്യ ഇൻഷുറൻസ് ചികിത്സാച്ചെലവ് നേരിട്ട് വഹിക്കുന്നതിൽ ഒരു പരിധിവരെ സഹായകമായേക്കാം. എന്നാൽ, ചികിത്സയുടെ വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷമാത്രം പ്രശ്നത്തിന് പരിഹാരമാകില്ല. ഉയർന്ന ചികിത്സാച്ചെലവ് ഒടുവിൽ ഉയർന്ന പ്രീമിയമായോ മറ്റ് സാമ്പത്തിക ബാധ്യതകളായോ ജനങ്ങളെ ബാധിക്കാം.
കേരളത്തിനു മുന്നിലുള്ള വഴി
ഈ പ്രതിസന്ധിയെ നേരിടാൻ സ്വകാര്യ ആശുപത്രികളെ തകർക്കുകയോ ആരോഗ്യരംഗത്തെ സ്വകാര്യ നിക്ഷേപം പൂർണമായി തടയുകയോ ചെയ്യേണ്ടതില്ല. പകരം, രോഗിയെയും പൊതുതാത്പര്യത്തെയും നിലനിർത്തുന്ന നയങ്ങളുണ്ടായാൽമതി.
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിലനിർത്താനുള്ള തൊഴിൽസാഹചര്യങ്ങൾ ഉറപ്പാക്കണം. പൊതുമേഖല ശക്തിപ്പെടുന്നത് സ്വകാര്യ മേഖലയ്ക്കെതിരായ നടപടിയല്ല, ജനങ്ങൾക്ക് അനിവാര്യമായ ഒരു ചികിത്സാ ബദൽ ഉറപ്പാക്കലാണ്.
രണ്ടാമതായി, ആശുപത്രികളിലെ ചികിത്സാച്ചെലവുകൾ സുതാര്യമാക്കണം. ചികിത്സാപാക്കേജുകൾ, പരിശോധനകളുടെ നിരക്കുകൾ, ആശുപത്രികളിലെ വിവിധ സേവനങ്ങളുടെ ചെലവ് എന്നിവയെക്കുറിച്ച് രോഗികൾക്ക് വ്യക്തമായ വിവരം ലഭിക്കണം. അനാവശ്യപരിശോധനകളും ചികിത്സകളും തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങൾ വേണം. മൂന്നാമതായി, ആശുപത്രി ഉടമസ്ഥതയിലെ മാറ്റങ്ങളും വൻകിട ഏറ്റെടുക്കലുകളും ആരോഗ്യസേവനങ്ങളുടെ വിലയിലും ലഭ്യതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കണം.
വിപണിയിലെ മത്സരം യഥാർഥമാണോ, ആശുപത്രി ശൃംഖലകൾക്ക് അമിതമായ സ്വാധീനമുണ്ടോ, നിക്ഷേപകരുടെ താത്പര്യങ്ങൾ പൊതുജനാരോഗ്യത്തെ ബാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ശ്രദ്ധചെലുത്തണം. അവസാനമായി, ആരോഗ്യത്തെ ഒരു വിപണിസേവനം മാത്രമായി കാണാനാവില്ലെന്ന് ഉറപ്പിക്കണം. ലാഭം നേടാനുള്ള അവകാശം ആരോഗ്യരംഗത്തും നിലനിൽക്കാം. പക്ഷേ, ആ ലാഭം ജനങ്ങളുടെ ചികിത്സാസാധ്യത ഇല്ലാതാക്കുന്ന വിലയ്ക്കായിരിക്കരുത്. ആശുപത്രികളുടെ എണ്ണം വർധിക്കുന്നതും ആധുനിക ചികിത്സ ലഭ്യമാകുന്നതുംമാത്രം ഒരു സംസ്ഥാനത്തിന്റെ ആരോഗ്യപുരോഗതിയുടെ അളവുകോലാകരുത്. രോഗം വന്നാൽ കടം വാങ്ങാതെ ചികിത്സ തേടാൻ കഴിയുന്നുണ്ടോ, ചികിത്സാച്ചെലവെടുക്കാനില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടോ, പൊതുജനാരോഗ്യ സംവിധാനം എല്ലാവർക്കും വിശ്വസിക്കാവുന്ന ഉപാധിയായി നിലനിൽക്കുന്നുണ്ടോ എന്നിവയാകണം യഥാർഥ അളവുകോലുകൾ.
‘The Silent Syndicate, Vaccine Nation, Heavy Metal’ എന്നീ പുസ്തകങ്ങളുടെ രചയിതാവായ ലേഖകൻ പരിസ്ഥിതി പ്രവർത്തകൻകൂടിയാണ്
(അവസാനിച്ചു)
Content Highlights: Hospital costs in Kerala are rising due to modern equipment, medications, and specialist services, impacting patient bills and healthcare transparency.
Published: 17 Oct 2026, 11:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented