പെട്ടെന്ന് ഹൃദയാഘാതമായും പക്ഷാഘാതമായും വരാം; നിശ്ശബ്​ദ ഘാതകനാണ് ഹൈപ്പർടെൻഷൻ


ഡോ. ബി. പദ്മകുമാർ 

രക്താതിമർദം 'നിശ്ശബ്ദഘാതക'നായാണറിയപ്പെടുന്നത്. സൂചനയൊന്നും നൽകാതെ, പെട്ടെന്ന് ഹൃദയാഘാതമായും പക്ഷാഘാതമായും വൃക്കത്തകരാറായുമൊക്കെയാണ് രക്താതിമർദം പ്രത്യക്ഷപ്പെടുക.

Representative Image | Photo: Gettyimages.in

ർവസാധാരണമായി കണ്ടുവരുന്ന ജീവിതശൈലീരോഗമാണ് ഹൈപ്പർടെൻഷൻ അഥവാ രക്താതിമർദം. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ പ്രായപൂർത്തിയായ മൂന്നിലൊരാൾക്ക് രക്താതിമർദമുണ്ട്. തികച്ചും ആശങ്കാജനകമായ അവസ്ഥ.

രക്താതിമർദം 'നിശ്ശബ്ദഘാതക'നായാണറിയപ്പെടുന്നത്. സൂചനയൊന്നും നൽകാതെ, പെട്ടെന്ന് ഹൃദയാഘാതമായും പക്ഷാഘാതമായും വൃക്കത്തകരാറായുമൊക്കെയാണ് രക്താതിമർദം പ്രത്യക്ഷപ്പെടുക. അതുവരെ പലരും രക്താതിമർദം ഉണ്ടെന്ന് അറിയാറില്ല. അറിയുന്നവർ പലരും ചികിത്സിക്കുന്നുമില്ല. ഈ അവസ്ഥയാണ് പകുതിയുടെ നിയമം (റൂൾ ഓഫ് ഹാഫ്‌സ്) എന്നറിയപ്പെടുന്നത്. ഹൈപ്പർ ടെൻഷനുള്ള പകുതി പേർക്കും അതറിയില്ല. അറിയുന്നതിൽ പകുതിയോളം പേർ ചികിത്സിക്കുന്നില്ല. ചികിത്സിക്കുന്നവരിൽ പകുതിയോളമാളുകളിലും ബി.പി. നിയന്ത്രണത്തിലുമല്ല. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. രോഗത്തെക്കുറിച്ച് ശരിയായ അറിവ് നേടി, ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി, രക്തസമ്മർദത്തെ പരിധിക്കുള്ളിൽ നിർത്തി, അപകടസാധ്യതകൾ ഒഴിവാക്കണം.

രക്തസമ്മർദമല്ല രക്താതിമർദം

രക്തക്കുഴലുകളിൽക്കൂടി പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം. രക്തസമ്മർദം പരിധിവിടുമ്പോഴാണ് അത് രോഗാവസ്ഥയായ ഹൈപ്പർടെൻഷനായി (രക്താതിമർദം) മാറുന്നത്. ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന മർദത്തെ (100140 മി.മീ. മെർക്കുറി) സിസ്റ്റോളിക് മർദമെന്നും വികസിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന മർദത്തെ (6090 മി.മീ. മെർക്കുറി) ഡയസ്റ്റോളിക് മർദമെന്നും പറയുന്നു. ഈ രണ്ട് അളവുകളുടെയും ശരാശരി എടുത്തുകൊണ്ട് ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തസമ്മർദം രേഖപ്പെടുത്തുന്നത് 120/80 മി.മീ. മെർക്കുറി എന്നായിരിക്കും.

ലക്ഷണങ്ങളില്ലാത്ത രോഗം

രക്താതിമർദത്തിന് സവിശേഷ ലക്ഷണങ്ങളൊന്നുമില്ലെന്നതാണ് പ്രശ്‌നം. രോഗലക്ഷണങ്ങളാണല്ലോ രോഗിയെ ഡോക്ടറുടെ അടുത്തെത്തിക്കുന്നതും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതും. പലരും വിചാരിക്കുന്നതുപോലെ തലവേദനയും തലകറക്കവുമൊന്നും ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തലയുടെ പുറകിലായനുഭവപ്പെടുന്ന തലവേദനയും ഹൈപ്പർടെൻഷനുള്ളവരിൽ കാണാറുണ്ട്. കൂടാതെ നെഞ്ചിടിപ്പ്, തലയ്ക്ക് പെരുപ്പ്, ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഹൈപ്പർടെൻഷനുള്ളവർ പറയാറുണ്ട്.

Also Read

ഷി​ഗെല്ല ബാക്ടീരിയ എങ്ങനെയാണ് മരണത്തിന് ...

ആസ്ത്മ ഒരു മാറാരോ​ഗമാണോ? ഇൻഹേലർ തെറാപ്പിയുടെ ...

അടിവയറ്റിൽ  വേദനയും അസ്വസ്ഥതയും; ദഹനക്കേട് ...

ഇന്ന് ലോക രക്തസമ്മർദ ദിനം, രാജ്യത്ത് കേരളം ...

പനിയോടൊപ്പം കുമിളകളും; കുട്ടികളിൽ പടരുന്ന ...

ഹൈപ്പർടെൻഷൻ മാനദണ്ഡങ്ങൾ

എപ്പോഴാണ് ഒരാൾ ഹൈപ്പർടെൻഷന്റെ പരിധിയിൽ വരുന്നതെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികൾ വിശകലനം ചെയ്ത് പുനർനിർണയിക്കാറുണ്ട്. സിസ്റ്റോളിക് മർദം 140ൽ കൂടുമ്പോഴും ഡയസ്റ്റോളിക് മർദം 90ൽ കൂടുമ്പോഴാണ് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഇന്ത്യൻ ഹൈപ്പർടെൻഷൻ ഗൈഡ് ലൈൻസ്, ജോയിന്റ് നാഷണൽ കമ്മിറ്റി 7, 8 ശുപാർശകൾ തുടങ്ങിയവയെല്ലാം 140/90ന് മുകളിൽ ബി.പി. എത്തുമ്പോൾ ഹൈപ്പർ ടെൻഷനുണ്ടെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി/അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശാനുസരണം 130/80 ന് മുകളിലെത്തുമ്പോൾ തന്നെ സ്റ്റേജ് 1 ഹൈപ്പർടെൻഷനുണ്ടെന്ന് പറയാം.

പരിശോധിക്കാൻ തയ്യാറെടുപ്പുകൾ

ശാരീരികാവസ്ഥയും മാനസികനിലയുമൊക്കെ രക്തസമ്മർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾക്കുശേഷമേ ബി.പി. പരിശോധിക്കാവൂ.

പ്രധാനമായും മൂന്ന് രീതിയിലാണ് രക്തസമ്മർദ പരിശോധന നടത്താറുള്ളത്:

 • ഡോക്ടറുടെ കൺസൾട്ടേഷൻ റൂമിലോ ആശുപത്രിയിലോവെച്ച് നടത്തുന്ന പരിശോധന.
 • ഇലക്‌ട്രോണിക് മെഷീൻ ഉപയോഗിച്ച് സ്വന്തമായി വീട്ടിൽവെച്ച് നടത്തുന്ന പരിശോധന.
 • രോഗിയുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന മെഷീൻ ഉപയോഗിച്ച് 24 മണിക്കൂറോ അതിലേറെയോ സമയം തുടർച്ചയായി ബി.പി. പരിശോധിക്കുന്ന രീതി.
ഏത് രീതിയിലാണെങ്കിലും ബി.പി. പരിശോധനയെ ഗൗരവത്തോടെ കാണണം.

 • ബി.പി. പരിശോധിക്കുന്നതിന് 30 മിനിറ്റ് മുൻപായി പുകവലിക്കുകയോ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ കുടിക്കുകയോ വ്യായാമത്തിലേർപ്പെടുകയോ ചെയ്യരുത്.
 • പരിശോധനയ്ക്ക് മുൻപായി അഞ്ചുമിനിറ്റ് പൂർണവിശ്രമമെടുക്കണം.
 • മൂത്രശങ്ക ഉണ്ടെങ്കിൽ ടോയ്‌ലറ്റിൽ പോയതിനുശേഷമായിരിക്കണം പരിശോധന.
 • നടുനിവർത്തി പുറകുവശം കസേരയിൽ ചാരി ശാന്തമായി ഇരിക്കണം. സംസാരം വേണ്ട.
 • പാദങ്ങൾ രണ്ടും തറയിൽ ചവിട്ടണം.
 • ബി.പി. പരിശോധിക്കുന്ന കൈ മേശമേൽ വയ്ക്കുക. കൈമുട്ട് ഹൃദയത്തോട് സമനിലയിലായിരിക്കണം.
 • ബി.പി. അപ്പാരറ്റസിന്റെ കഫ് (കൈയിൽ കെട്ടുന്ന ഭാഗം) കൈമുട്ടിന് തൊട്ടുമുകളിലായിരിക്കണം.
 • വീട്ടിൽവെച്ചുതന്നെ പരിശോധിക്കുമ്പോൾ ഒരുമിനിറ്റ് ഇടവേളയിൽ മൂന്ന് പ്രാവശ്യമാണ് ബി.പി. രേഖപ്പെടുത്തേണ്ടത്. അവസാനത്തെ രണ്ട് റിസൾട്ടുകളുടെ ശരാശരിയായിരിക്കും രക്തസമ്മർദമായി സ്ഥിരീകരിക്കുന്നത്.
വീട്ടിൽ പരിശോധന

സ്വന്തമായി ബി.പി. പരിശോധിക്കുന്ന ഹോം ബ്ലഡ് പ്രഷർ മെഷർമെന്റിന് (HBPM) വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ബി.പി. നോക്കാമെന്ന സൗകര്യം, ഇലക്‌ട്രോണിക് ബി.പി. ഉപകരണങ്ങളുടെ ലഭ്യത, ലളിതമായ പരിശോധനാരീതി എന്നിവ ഗൃഹപരിശോധനയുടെ പ്രത്യേകതകളാണ്. വയോജനങ്ങൾക്കാണ് ഈ പരിശോധനാരീതി കൂടുതൽ പ്രയോജനപ്പെടുക. കൂടാതെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കാമെന്ന സൗകര്യവുമുണ്ട്.

വൈറ്റ്‌കോട്ട് ഹൈപ്പർടെൻഷൻ (ഡോക്ടർമാർ ബി.പി. പരിശോധിക്കുമ്പോൾ മാത്രം പ്രഷർ കൂടുന്ന അവസ്ഥ) തിരിച്ചറിയാം എന്ന ഗുണവുമുണ്ട്.ഓട്ടോമാറ്റിക് ഡിജിറ്റൽ ബി.പി. മെഷിനുകൾ വിപണിയിൽ ലഭ്യമാണ്. പഴയ പരിശോധനാ റിസൾട്ടുകൾ ശേഖരിച്ചുവെയ്ക്കാൻ സൗകര്യമുള്ള മെമ്മറി സൗകര്യമുള്ള ഉപകരണങ്ങളായിരിക്കും നല്ലത്. പിന്നീട് ഡോക്ടറെ കാണാൻ പോകുമ്പോൾ ഈ റിസൾട്ടുകൾ ഉപരിക്കും. ഗൃഹപരിശോധനയ്ക്ക് തയ്യാറെടുക്കുമ്പോഴും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരിക്കണം.

തുടർച്ചയായ പരിശോധന

24 മണിക്കൂറിലോ അതിലേറെയോ തുടർച്ചയായി രക്തസമ്മർദം പരിശോധിക്കുന്ന സംവിധാനമാണ് അംബുലേറ്ററി ബ്ലഡ് പ്രഷർ മോണിറ്ററിങ് (ABPM). കയ്യിൽ കെട്ടുന്ന കഫും അരയിൽ ബെൽറ്റിന്റെ സഹായത്തോടെ പിടിപ്പിക്കുന്ന മോണിറ്ററുമാണ് ഇതിനാവശ്യമായ ഉപകരണത്തിന്റെ ഭാഗങ്ങൾ. ഇതിന്റെ പ്രയോജനങ്ങൾ ഇവയൊക്കെയാണ്:

 • രക്തസമ്മർദ വ്യതിയാനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
 • രാത്രിയിൽ ബി.പി. ഉയരുന്നത് കണ്ടെത്തുന്നു. (നോൺ ഡിപ്പേഴ്‌സ്)
 • അതിരാവിലെയുള്ള ബി.പി. വർധന കണ്ടെത്തുന്നു. (മോർണിങ് സർജ്)
 • ചിലനേരങ്ങളിൽ മാത്രം ഇടവിട്ട് ബി.പി. ഉയരുന്നത് കണ്ടെത്തുന്നു.
 • വൈറ്റ്‌കോട്ട് ഹൈപ്പർടെൻഷൻ, മാസ്‌ക്ക്ഡ് ഹൈപ്പർടെൻഷൻ കണ്ടെത്തുന്നു.
 • ഗർഭിണികൾ, പ്രായമേറിയവർ എന്നിവർക്ക് ഏറെ പ്രയോജനകരം.
സിസ്റ്റോളിക് ബി.പി. മാത്രം കൂടുമ്പോൾ

ഹൃദയം സങ്കോചിക്കുമ്പോൾ രക്തധമനികളിൽ അനുഭവപ്പെടുന്ന മർദമായ സിസ്റ്റോളിക് ബ്ലഡ് പ്രഷർ 140ൽ കൂടുകയും അതേസമയംതന്നെ ഹൃദയം വികസിക്കുമ്പോഴുള്ള ഡയസ്‌മോളിക് മർദം 90ൽ താഴെയായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഐസൊലേറ്റഡ് സിസ്റ്റോമിക് ഹൈപ്പർ ടെൻഷൻ. പ്രായമേറിയവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. 60 കഴിഞ്ഞവരിൽ 50 ശതമാനം പേർക്കും ഈ പ്രശ്‌നമുണ്ട്. ഉയർന്ന പ്രായംകൂടാതെ പുകവലി, അമിതവണ്ണം, ഹൈപ്പർ തൈറോയ്ഡിസം, വൃക്കയുടെ പ്രവർത്തനത്തകരാറുകൾ, വേദനസംഹാരികളുടെ അമിത ഉപയോഗം തുടങ്ങിയവയും സിസ്റ്റോളിക് ബി.പി. മാത്രം ഉയരാൻ ഇടയാക്കാം.

സിസ്റ്റോളിക് ബി.പി. മാത്രം കൂടിനിൽക്കുന്നവരിൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവരിലും പുകവലിക്കുന്നവരിലും ഇത്തരം സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത രണ്ടുമടങ്ങുവരെ കൂടുതലാണ്.
ഏറ്റവും കൂടുതലായി കണ്ടുവരുന്നതരം ഹൈപ്പർ ടെൻഷനാണെങ്കിലും ചികിത്സിക്കാൻ പ്രായേണ ബുദ്ധിമുട്ടുള്ളതാണ് സിസ്റ്റോളിക് ഹൈപ്പർടെൻഷൻ. ശരീരഭാരം കുറയ്ക്കുന്നതും ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നതും പ്രധാനമാണ്.

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെട്ട ഡാഷ് ഡയറ്റ് ബി.പി. കുറയാൻ സഹായിക്കും. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുന്നതും പ്രധാനമാണ്. പ്രായമേറിയവരിൽ അതിസൂക്ഷ്മതയോടെയാകണം മരുന്നുകൾ ആരംഭിക്കാൻ. സിസ്റ്റോളിക് മർദം 140ൽനിന്ന് കുറയ്ക്കുന്നതോടൊപ്പംതന്നെ ഡയസ്റ്റോളിക് മർദം 55ൽ താഴെയാകാതിരിക്കാനും ശ്രദ്ധിക്കണം.

ജീവിതശൈലി നന്നായാൽ

ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ ജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പ്രീഹൈപ്പർടെൻഷനിൽ (രക്താതിസമ്മർദ പൂർവാവസ്ഥ) ബി.പി. നിയന്ത്രിക്കാൻ ഇതുമാത്രം മതിയാകും.

 • പ്രതിദിനം 30-45 മിനിറ്റ് വ്യായാമം ചെയ്യണം. നടപ്പ്, ജോഗിങ്, സൈക്ലിങ് തുടങ്ങിയവ ഗുണകരമാണ്.
 • ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മുഴുധാന്യങ്ങൾ തുടങ്ങിയവ ധാരാളമടങ്ങിയ ഡാഷ്ഡയറ്റ് ബി.പി. കുറയ്ക്കാൻ നല്ലതാണ്. അമിതമായി ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ അടങ്ങിയ ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കണം.
 • പ്രതിദിന ഉപ്പ് ഉപയോഗം 5 ഗ്രാമിൽ താഴെ.
 • പൊട്ടാസ്യം അടങ്ങിയ ഏത്തപ്പഴം, ഓറഞ്ച്, മുന്തിരി, ഉരുളക്കിഴങ്ങ്, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
 • പുകവലി പൂർണമായി ഒഴിവാക്കണം.
 • മദ്യപാനം പരമാവധി ഒഴിവാക്കുക.
 • ശരീരഭാരം നിയന്ത്രിക്കണം.
 • മാനസിക സമ്മർദം കുറയ്ക്കാൻ യോഗ. മെഡിറ്റേഷൻ എന്നിവ ശീലിക്കാം.
മരുന്ന് എപ്പോൾ?

ജോയിന്റ് നാഷണൽ കമ്മിറ്റി (ജെ.എൻ.സി. 8) യുടെ ശുപാർശ പ്രകാരം 60നു മേൽ പ്രായമുള്ളവർക്ക് രക്തസമ്മർദം 150/90 അല്ലെങ്കിൽ അതിന് മുകളിൽ കൂടിയാലും 60നു താഴെ പ്രായമുള്ളവരിൽ 140/90ൽ അല്ലെങ്കിൽ അതിന് മുകളിൽ കൂടിയാലും മരുന്നുചികിത്സ തുടങ്ങണം. പ്രമേഹമുള്ളവർക്ക് ബി.പി. 140/90നു മുകളിൽ എത്തുകയാണെങ്കിൽ പ്രായഭേദമെന്യേ മരുന്നുകൾ തുടങ്ങണം.
മരുന്നുകൾ തുടങ്ങി ഒരു മാസത്തിനുശേഷവും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കിൽ മരുന്നിന്റെ ഡോസ് കൂട്ടുകയോ മറ്റൊരു മരുന്നുകൂടി ചേർക്കുകയോ ചെയ്യാനും ശുപാർശ ചെയ്യുന്നു.

മരുന്നുകളെ അറിയാം

ഡൈയൂററ്റിക്കുകൾ:മൂത്രം കൂടുതലായി പോകാൻ സഹായിക്കുന്ന മരുന്നുകളാണിവ. മൂത്രത്തിലൂടെ സോഡിയം നഷ്ടപ്പെടുന്നത് ബി.പി. കുറയ്ക്കുന്നു. രക്തസമ്മർദം കുറയാൻ ഉപയോഗിക്കുന്ന മറ്റ് മരുന്നുകൾക്കൊപ്പവും ഇവ നൽകാവുന്നതാണ്. തയാസൈഡുകൾ, അമിലൊറൈഡ്, ക്ലോർത്താലിഡോൺ, ഫുറോസമൈഡ് തുടങ്ങിയവയാണ് പ്രധാന ഡൈയൂററ്റിക്കുകൾ.

എ.സി.ഇ. ഇൻഹിബിറ്ററുകൾ: രക്തധമനികളെ ചുരുക്കി ബി.പി. ഉയർത്തുന്ന ഘടകങ്ങളാണ് ആൻജിയോടെൻസിൻ II. ഈ ഘടകങ്ങളുടെ ഉത്പാദനത്തെ തടയുന്ന മരുന്നുകളാണിവ. പ്രമേഹമുള്ളവരിലും നിയന്ത്രിത വൃക്കരോഗങ്ങൾ ഉള്ളവരിലും ബി.പി. നിയന്ത്രിക്കാൻ ഇവ ഉപയോഗിക്കുന്നു. 15 ശതമാനത്തോളമാളുകളിൽ മരുന്നുപയോഗത്തെ തുടർന്ന് വരണ്ട ചുമ ഉണ്ടാകാറുണ്ട്. കാപ്‌റ്റോപ്രിൽ, എനലാപ്രിൽ, ലിസിനോപ്രിൽ തുടങ്ങിയവ ഈ വിഭാഗത്തിൽപെടുന്ന മരുന്നുകളാണ്.

ആൻജിയോടെൻസിൻ റിസെപ്റ്റർ ബ്ലോക്കറുകൾ (എ.ആർ.ബി.): രക്തധമനികളിലും ഹൃദയവും വൃക്കകളുമുൾപ്പെടെ ശരീരത്തിലെ വിവിധ ആന്തരാവയവങ്ങളിലുമുള്ള ആൻജിയോടെൻസിൻ സ്വീകാരികളുടെ (റിസെപ്റ്ററുകൾ) പ്രവർത്തനത്തെ തടഞ്ഞുകൊണ്ടാണ് എ.ആർ.ബി. പ്രവർത്തിക്കുന്നത്. ലൊസാർട്ടൻ, ടെൽമിസാർട്ടൻ, ഒൽമിസാർട്ടൻ തുടങ്ങിയവയാണ് പ്രധാന മരുന്നുകൾ. എ.സി.ഇ. ഇൻഹിബിറ്ററുകളെപ്പോലെ ചുമ ഉണ്ടാക്കുന്നില്ല.

കാത്സ്യം ചാനൽ ബ്ലോക്കറുകൾ: കോശങ്ങളിലേക്കുള്ള കാത്സ്യത്തിന്റെ പ്രവേശനത്തെ തടഞ്ഞുകൊണ്ട് രക്തക്കുഴലുകളെ വികസിപ്പിക്കുന്ന മരുന്നുകളാണിവ. അംലോഡിപിൻ, സിൽനിഡിപ്പിൻ, നിഫഡിപ്പിൻ, വെരപാമിൽ തുടങ്ങിയവയാണ് പ്രധാന മരുന്നുകൾ. അംലോഡിമിൻ കാലിൽ നീരുണ്ടാക്കും. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരിൽ ബി.പി. നിയന്ത്രണത്തിൽ ഇവ ഉപയോഗിക്കുന്നു.

ബീറ്റ ബ്ലോക്കറുകൾ: ഹൃദയസ്പന്ദന നിരക്ക് കുറച്ചും ഹൃദയസങ്കോചശേഷി കുറച്ചുകൊണ്ടുമാണ് ഇവ പ്രവർത്തിക്കുന്നത്. അറ്റനലളോൾ, മെറ്റപ്രൊലോൾ, പ്രൊപ്രനലോൾ തുടങ്ങിയവയാണ് പ്രധാന മരുന്നുകൾ. ആസ്ത്മ, ദീർഘകാല ശ്വാസകോശരോഗങ്ങളുള്ളവർ
(സി.ഒ.പി.ഡി.) തുടങ്ങിയവർക്ക് ശ്വാസംമുട്ടൽ കൂടുമെന്നതിനാൽ നൽകാറില്ല.

ആൽഫ ബ്ലോക്കറുകൾ: ആൽഫ റിസപ്റ്ററുകളുടെ പ്രവർത്തനത്തെ തടഞ്ഞുകൊണ്ട് രക്തക്കുഴലുകളെ വികസിപ്പിക്കുന്ന മരുന്നുകളാണിവ. പ്രമേഹം, അമിതകൊഴുപ്പിന്റെ പ്രശ്‌നങ്ങൾ പ്രോസ്റ്റേറ്റ് വീക്കം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്ക് നല്ലതാണ്. പ്രസോസിൻ, ഡോക്‌സാസോസിൻ തുടങ്ങിയവയാണ് പ്രധാന മരുന്നുകൾ.

മസ്തിഷ്‌കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവ: ക്ലോനിഡിൻ, മീഥേൽ ഡോപ തുടങ്ങിയ മരുന്നുകൾ മസ്തിഷ്‌ക കേന്ദ്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് ഹൃദയസ്പന്ദന നിരക്ക് കുറച്ചും രക്തക്കുഴലുകളെ വികസിപ്പിച്ചും ബി.പി. കുറയ്ക്കും.

മരുന്ന് കഴിച്ചിട്ടും പ്രഷർ കുറയുന്നില്ല

സാധാരണ കേൾക്കാറുള്ള ഒരു പരാതിയാണിത്. പ്രഷർ കുറയാനുള്ള മൂന്നുമരുന്നുകൾ കൃത്യമായ അളവിൽ ഒരുമിച്ച് കഴിച്ചിട്ടും പ്രഷർ കുറയുന്നില്ലെങ്കിൽ അതിനെ മരുന്നിനെ പ്രതിരോധിക്കുന്ന ഹൈപ്പർ ടെൻഷൻ (റെസിസ്റ്റന്റ് ഹൈപ്പർടെൻഷൻ) എന്നാണ് വിളിക്കുന്നത്. 12 ശതമാനത്തോളം ഹൈപ്പർ ടെൻഷൻ രോഗികൾ ഈ വിഭാഗത്തിൽ പെടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മരുന്ന് പരാജയപ്പെടാനുള്ള പ്രധാനകാരണങ്ങൾ

 • അമിത വണ്ണം
 • പ്രമേഹം, ദീർഘകാല വൃക്കരോഗങ്ങൾ പോലെയുള്ള അനുബന്ധ പ്രശ്‌നങ്ങൾ.
 • വ്യായാമക്കുറവ്
 • അമിതമായ ഉപ്പിന്റെ ഉപയോഗം (10 ഗ്രാമിൽ കൂടുതൽ)
 • അമിത മദ്യപാനം
 • വേദനാസംഹാരികളുടെ ഉപയോഗം, ഗർഭനിരോധ മരുന്നുകൾ, സ്റ്റിറോയ്ഡുകൾ
 • ഉറക്കത്തിലെ ശ്വാസതടസ്സം (ഒ.എസ്.എ.)
 • തൈറോയ്ഡ് തകരാറുകൾ
 • വൃക്കധമനീരോഗങ്ങൾ
 • ഇവ കൂടാതെ മരുന്നുകൾ കൃത്യമായി കഴിക്കാതെയിരിക്കുക, രക്തസമ്മർദം ആവശ്യമായ തയ്യാറെടുപ്പുകളില്ലാതെ പരിശോധിക്കുക, വൈറ്റ് കോട്ട് ഹൈപ്പർ ടെൻഷൻ തുടങ്ങിയവയും മരുന്ന് കഴിച്ചിട്ടും ബി.പി. കുറയാതിരക്കാൻ കാരണമാകാം.

ഹൈപ്പർടെൻഷൻ: കാരണങ്ങൾ

തൊണ്ണൂറ് ശതമാനത്തിലേറെ രോഗികളിലും ഹൈപ്പർ ടെൻഷന്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിയാറില്ല. ഈ വിഭാഗത്തെ പ്രൈമറി ഹൈപ്പർ ടെൻഷൻ അഥവാ എസൻഷ്യൽ ഹൈപ്പർ ടെൻഷൻ എന്നാണ് വിളിക്കുന്നത്. നിരവധി ബാഹ്യഘടകങ്ങളുടെയും ജനിതക ഘടകങ്ങളുടെയും ഇടപെടലുകൾ മൂലമാണ് രക്തസമ്മർദം ഉയരുന്നതെന്നാണ് നിഗമനം. മറ്റ് രോഗങ്ങൾ ഉൾപ്പെടെ കൃത്യമായ കാരണങ്ങൾ മൂലം രക്ത സമ്മർദം ഉയരുന്നതിനെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നുപറയുന്നു.

പ്രൈമറി ഹൈപ്പർടെൻഷൻ 90%

അപകട സാധ്യതകൾ: ജനിതക ഘടകങ്ങൾ, അമിത വണ്ണം,
ഉയർന്ന സോഡിയം ഉപയോഗം, കുറഞ്ഞ പൊട്ടാസ്യം,
കാൽസ്യം, മഗ്‌നീഷ്യം ഉപയോഗം, കുറഞ്ഞ നാരുകളുടെ ഉപയോഗം,
വ്യായാമക്കുറവ്, ഉയർന്ന മദ്യ ഉപയോഗം.

സെക്കൻഡറി ഹൈപ്പർടെൻഷൻ 5-10 %

കാരണങ്ങൾ:
ദീർഘകാല വൃക്കരോഗങ്ങൾ,
വൃക്കധമനീ രോഗങ്ങൾ, വൃക്കയിലെ സിസ്റ്റുകൾ, മുഴകൾ
അഡ്രിനൽ ഗ്രന്ഥിയുടെ അമിത പ്രവർത്തനം,
മഹാധമനിയിലെ തടസ്സങ്ങൾ,
ഉറക്കത്തിലെ ശ്വാസതടസ്സം (ഒ.എസ്.എ.)
ഹോർമോൺ തകരാറുകൾ (തൈറോയ്ഡ് പ്രശ്‌നങ്ങൾ, പിറ്റിയൂട്ടറി,
അഡ്രിനൽ പ്രവർത്തന തകരാറുകൾ)
ചില മരുന്നുകളുടെ ഉപയോഗം (സ്റ്റിറോയ്ഡുകൾ, ഗർഭനിരോധന
മരുന്നുകൾ, വേദനസംഹാരികൾ, ആന്റി ഡിപ്രസന്റുകൾ)

സങ്കീർണതകൾ

ഹൃദയം: ഹൃദയപേശികൾക്ക് കനംവയ്ക്കുക (ഹൈപ്പർട്രോഫി), ഹൃദയപരാജയം (ഹാർട്ട് ഫെയിലർ), അൻജൈന, ഹൃദയാഘാതം, ഹൃദയസ്പന്ദന വ്യതിയാനങ്ങൾ, ക്ഷിപ്രമരണം (സഡൻഡെത്ത്).

മസ്തിഷ്‌കം: മസ്തിഷ്‌ക്കാഘാതം (സ്‌ട്രോക്ക്), മസ്തിഷ്‌ക ധമനികളിൽ രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ് 85%) രക്തസ്രാവവും (15%) ഉണ്ടാകും.
എൻസിഫലോപ്പതി: തലവേദന, ഛർദി, അസാധാരണ പെരുമാറ്റം, കൈകാൽ തളർച്ച

വൃക്കകൾ: വൃക്കപരാജയം, വൃക്കധമനീരോഗങ്ങൾ, ദീർഘകാല വൃക്കരോഗം

രക്തധമനികൾ: രക്തധമനികളുടെ ജരാവസ്ഥ (അതിറോസ്‌ക്‌ളീറോസിസ്)

വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ

'ഈ കുന്ത്രാണ്ടം കാണുമ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടും ഡോക്ടറേ'ബി.പി. അപ്പാരറ്റസ് കൈയിൽ കെട്ടി പ്രഷർ നോക്കുമ്പോൾ പലരും പറയാറുള്ളതാണിത്. നെഞ്ചിടിപ്പ് കൂടുമ്പോൾ ബ്ലഡ് പ്രഷറും ഉയരുമല്ലോ. ഡോക്ടറുടെയടുത്ത് പരിശോധിക്കുമ്പോൾ മാത്രം ബി.പി. ഉയരുകയും വീട്ടിലോ മറ്റും പരിശോധിക്കുമ്പോൾ ബി.പി. നോർമലാവുകയും ചെയ്യുന്ന അവസ്ഥയാണ് വൈറ്റ്‌കോട്ട് ഹൈപ്പർ ടെൻഷൻ. ഡോക്ടർമാരുടെ വെള്ളക്കോട്ട് കാണുമ്പോൾ മാത്രം ബി.പി. കൂടുന്നതുകൊണ്ടാണ് ഈ പേര് വന്നത്.

ഹൈപ്പർ ടെൻഷനുള്ളവരിൽ 15- 30 ശതമാനം ആളുകൾക്ക് വൈറ്റ്‌കോട്ട് ഹൈപ്പർടെൻഷനുണ്ട്. സ്ത്രീകൾ, പ്രായമേറിയവർ, പുകവലിക്കാർ, ഗർഭിണികൾ തുടങ്ങിയവരിലാണ് കൂടുതലായി കണ്ടുവരുന്നത്. വൈറ്റ്‌കോട്ട് ഹൈപ്പർടെൻഷനെ നിസ്സാരമായി കാണേണ്ട. ഇങ്ങനെയുള്ളവർക്ക് ഭാവിയിൽ സ്ഥിരമായി ബി.പി. ഉയർന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്.

ജീവിതശൈലി ക്രമീകരണം- കുറയുന്ന ബി.പി.

1. ശരീരഭാരം കുറയ്ക്കുക- 5. മി.മീ. മെർക്കുറി
2. ഡാഷ് ഡയറ്റ്- 11. മി.മീ
3. ഉപ്പ് കുറയ്ക്കുക- 56 മി.മീ.
4. കൃത്യമായ വ്യായാമം- 58 മി.മീ.
5. ഉയർന്ന പൊട്ടാസ്യം ഉപയോഗം- 46 മി.മീ.
6. മദ്യപാനം പരിധിക്കുള്ളിൽ- 9 മി.മീ.
7. വിശ്രാന്തിയുടെ മാർഗങ്ങൾ (യോഗ, ധ്യാനം)- 3 4 മി.മീ.

രക്താതിമർദം കുറച്ചാലുള്ള ഗുണങ്ങൾ

രോഗങ്ങൾ- രോഗസാധ്യതയിലെ കുറവ്
പക്ഷാഘാതം- 14%
ഹൃദ്രോഗം- 9%
പൊതുവേയുള്ള മരണനിരക്ക്- 7%

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറാണ് ലേഖകൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: world hypertension day, hypertension symptoms, hypertension treatment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented