കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡി(കെ.എസ്.ഡി.പി.)നെ സംരക്ഷിക്കുന്നത് നഷ്ടത്തിലായ ഒരു സ്ഥാപനത്തിന് സാമ്പത്തികസഹായം നൽകുക മാത്രമല്ല. പൊതുജനങ്ങൾക്ക് കുറഞ്ഞവിലയിൽ അവശ്യമരുന്നുകൾ ലഭ്യമാക്കാനും കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്താനുമുള്ള ദീർഘകാലനിക്ഷേപം കൂടിയാണിത്.

പ്രതീകാത്മക ചിത്രം
കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തിൽ നിർണായകസ്ഥാനമുള്ള പൊതുമേഖലാസ്ഥാപനമാണ് 1974-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെ.എസ്.ഡി.പി.). സർക്കാർ ആശുപത്രികൾക്ക് ഗുണമേന്മയുള്ള അവശ്യമരുന്നുകൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയിൽ ഇപ്പോഴും മരുന്നുകൾ ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന അപൂർവം പൊതുമേഖലാ ഔഷധ നിർമാണ സ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.ഡി.പി. അതുകൊണ്ടുതന്നെ ഇതിന്റെ പ്രതിസന്ധി ഒരു കമ്പനി നേരിടുന്ന സാമ്പത്തികപ്രശ്നം മാത്രമല്ല; പൊതുജനാരോഗ്യത്തെയും കുറഞ്ഞചെലവിലുള്ള ചികിത്സയെയും ബാധിക്കുന്ന വിഷയമാണ്.
കുറഞ്ഞവിലയിൽ മരുന്നുകൾ: വലിയ സാമൂഹികപ്രസക്തി
സ്വകാര്യവിപണിയിലെ ബ്രാൻഡ് മരുന്നുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞവിലയ്ക്ക് അവശ്യമരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി കെ.എസ്.ഡി.പി.ക്കുണ്ട്. ഉദാഹരണത്തിന്, കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അറ്റോർവാസ്റ്റാറ്റിൻ 20 മില്ലിഗ്രാം ഗുളികയ്ക്ക് കെ.എസ്.ഡി.പി.യുടെ വിതരണവില ഏകദേശം 40 പൈസയാണ്. സാധാരണ ബ്രാൻഡഡ് മരുന്നുകളുടെ ചില്ലറവില 18-20 രൂപ വരെയാകാം. ആശുപത്രികളിൽ ഉപയോഗിക്കുന്ന ഗുരുതരമായ അണുബാധകൾക്കുള്ള മെറോപെനം എന്ന ആന്റിബയോട്ടിക്കിന്റെ പത്തുദിവസത്തെ ചികിത്സയ്ക്ക് കെ.എസ്.ഡി.പി.യുടെ വില നിരക്കിൽ ഏകദേശം 2400 രൂപ ചെലവാകുമ്പോൾ, ബ്രാൻഡഡ് ചില്ലറവിലയിൽ അത് 73,000-84,000 രൂപ വരെയാകാം.
ജീവൻരക്ഷാമരുന്നുകളുടെ വിലയിലുള്ള ഈ വ്യത്യാസം പൊതുമേഖലാ ഔഷധനിർമാണത്തിന്റെ സാമൂഹികപ്രസക്തി വ്യക്തമാക്കുന്നു. ചികിത്സാച്ചെലവ് വലിയതോതിൽ വർധിച്ചുവരുന്ന കേരളത്തിൽ കുറഞ്ഞ വിലയിലുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നത് രോഗികളുടെ ചികിത്സാച്ചെലവ് കുറച്ച് കുടുംബങ്ങളെ സാമ്പത്തികപ്രതിസന്ധിയിൽനിന്ന് സംരക്ഷിക്കുന്നതിനും സർക്കാർ ആരോഗ്യച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും.
പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങൾ
2023-'24 സാമ്പത്തികവർഷത്തിൽ കെ.എസ്.ഡി.പി. 15.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഈ നഷ്ടത്തിന്റെ പ്രധാന കാരണങ്ങൾ ഉൽപ്പാദനത്തിലെ കാര്യക്ഷമതക്കുറവല്ല; മറിച്ച് സ്ഥാപനത്തിന്റെ സാമ്പത്തികഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. സർക്കാർവായ്പകളുടെ ഉയർന്ന പലിശബാധ്യത, കുടിശ്ശികയായിക്കിടക്കുന്ന സർക്കാർപണം, ഉൽപ്പാദനശേഷിക്ക് ആനുപാതികമല്ലാത്ത മറ്റു ബാധ്യതകൾ തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങളാണ് സാമ്പത്തികപ്രതിസന്ധിക്ക് പ്രധാനമായും കാരണമാകുന്നത്.
സർക്കാർ നൽകിയ വികസനസഹായം ഓഹരിമൂലധനത്തിനുപകരം ഏകദേശം 9.5 ശതമാനം പലിശയുള്ള വായ്പകളായാണ് ലഭിച്ചത്. ഇതുമൂലം പലിശയും പിഴപ്പലിശയും കമ്പനിക്ക് വലിയ ബാധ്യതയായി. കൂടാതെ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്(കെ.എം.എസ്.സി.എൽ.) ഉൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങളിൽനിന്ന് ഏകദേശം 40 കോടി രൂപ ലഭിക്കാനുണ്ട്. സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുവങ്ങൽ കെ.എസ്.ഡി.പി.യുടെ ഉൽപ്പാദനശേഷിക്ക് ആനുപാതികമായി വർധിക്കാത്തതും അസംസ്കൃത ഔഷധ ഘടകങ്ങളുടെ ലഭ്യതക്കുറവും വിലവർധനയും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉൽപ്പാദന ആസൂത്രണം, സ്റ്റോക്ക് നിയന്ത്രണം, ചെലവുകണക്കെടുപ്പ് തുടങ്ങിയ മേഖലകളിലും മെച്ചപ്പെടുത്തലുകൾ ആവശ്യമാണ്.
പുനരുജ്ജീവനത്തിന് അടിയന്തര നടപടികൾ
ഏകദേശം 100 കോടി രൂപയുടെ നിലവിലുള്ള സർക്കാർവായ്പകൾ ബാധ്യതകൾ പരിശോധിച്ച് ഓഹരിമൂലധനമാക്കി മാറ്റുക, സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള കുടിശ്ശിക സമയബന്ധിതമായി തീർക്കുക, കെ.എസ്.ഡി.പി. ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള മരുന്നുകൾക്ക് കെ.എം.എസ്.സി.എൽ. വഴി സ്ഥിരമായ വാങ്ങൽ ഉറപ്പാക്കുക എന്നിവയാണ് അടിയന്തരമായി ചെയ്യേണ്ടത്. പുതിയ ഉൽപ്പാദനശാലകളുടെയും വികസനപദ്ധതികളുടെയും മൂലധനാവശ്യങ്ങൾ ഉയർന്നപലിശയുള്ള വായ്പകൾക്കുപകരം ഓഹരിമൂലധനമോ ഗ്രാന്റുകളോ വഴി നിറവേറ്റണം. അതോടൊപ്പം ഗുണനിലവാരനിയന്ത്രണം, അസംസ്കൃതവസ്തുക്കളുടെ ലഭ്യത, സാങ്കേതികവിദ്യ, വിദഗ്ധജീവനക്കാരുടെ ലഭ്യത എന്നിവയും ശക്തിപ്പെടുത്തണം.
കെ.എസ്.ഡി.പി.യെ സംരക്ഷിക്കുന്നത് നഷ്ടത്തിലായ ഒരു സ്ഥാപനത്തിന് സാമ്പത്തികസഹായം നൽകുക മാത്രമല്ല. പൊതുജനങ്ങൾക്ക് കുറഞ്ഞവിലയിൽ അവശ്യമരുന്നുകൾ ലഭ്യമാക്കാനും കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്താനുമുള്ള ദീർഘകാലനിക്ഷേപമാണ്. അഞ്ചുപതിറ്റാണ്ടിലേറെക്കാലത്തെ പൊതുനിക്ഷേപത്തിലൂടെ വളർന്ന ഈ സ്ഥാപനം തകർച്ചയിലേക്ക് നീങ്ങുന്നത് അനുവദിക്കരുത്.
കമ്പനിയെ പുനഃസംഘടിപ്പിച്ചും സർക്കാർ കുടിശ്ശിക തീർത്തും ഉറപ്പായ പൊതുമരുന്നുവങ്ങൽ ഏർപ്പെടുത്തിയും കെ.എസ്.ഡി.പി.യെ പുനരുജ്ജീവിപ്പിക്കാൻ കേരളസർക്കാർ അടിയന്തരവും സമയബന്ധിതവുമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
പൊതുജനാരോഗ്യവിദഗ്ധനും സാമൂഹികനിരീക്ഷകനുമാണ് ലേഖകൻ
Content Highlights: Kerala's KSDP faces financial challenges while providing affordable essential medicines, crucial for public health.
Published: 19 Oct 2026, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented