മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിനേക്കുറിച്ച് നിരന്തരം സംസാരിക്കാറുള്ളയാളാണ് ബോളിവുഡ‍് നടി നേഹ ധൂപിയ. ഇപ്പോഴിതാ മകളുടെ ജനനശേഷം പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ച് സംസാരിക്കുകയാണ് നേഹ. ഒരു യൂട്യൂബ് ചാനലിനോടു സംസാരിക്കവേയാണ് മകൾ മെഹർ ജനിച്ചതിനുശേഷം താൻ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയെന്നും പ്രസവശേഷം ഓരോ അമ്മമാരോടും അവരുടെ മാനസികാരോഗ്യത്തേക്കുറിച്ചു സംസാരിക്കണമെന്നും നേഹ പറഞ്ഞത്.

To advertise here,

‌തന്നെ ബാധിക്കുംവരെ ഇത് ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും നേഹ പറഞ്ഞു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നത് യഥാർഥ അവസ്ഥയാണ്, ഇതിത്രത്തോളം മോശമായി എന്നെ ബാധിക്കുമെന്നു കരുതിയില്ല. മാതൃത്വത്തിലേക്കു പൊരുത്തപ്പെട്ടുവരുംമുമ്പേ സ്ത്രീകളെ മുൻവിധിയോടെ കാണുന്ന അവസ്ഥയുണ്ടെന്നും നേഹ പറഞ്ഞു.

ഒരു കുഞ്ഞ് വരുന്നതോടെ സ്നേഹവും കരുതലുമൊക്കെ വരുമെന്നതു ശരിയാണ്, പക്ഷേ അതിനർഥം സ്ത്രീകൾ മറ്റ് വികാരങ്ങൾ അനുഭവിക്കുന്നില്ലെന്നല്ല. ആദ്യത്തെ ചോദ്യം എപ്പോഴും അമ്മയേക്കുറിച്ചായിരിക്കണം. ഇന്നത്തെ ദിവസം എങ്ങനെയുണ്ടെന്ന് ചോദിക്കണം. പ്രസവിച്ചതിന്റെ നാലാംദിവസം ആരെങ്കിലും തന്നോട് അക്കാര്യം ചോദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ചോദിച്ചിരുന്നെങ്കിൽ താൻ ഒട്ടും ഒ.കെ. അല്ലെന്ന് പറഞ്ഞേനെ എന്നും നേഹ പറഞ്ഞു.

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ?

പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തിൽ കാണുന്ന സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും.

വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കൗൺസിലിംഗ്‌, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.

ആവശ്യമായ മുൻകരുതലുകൾ

പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്.

തെറാപ്പി - വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം.

വ്യായാമം - പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും.

ആശയവിനിമയം - സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, ഒരു വ്യക്തി അയാളുമായിതന്നെ ആശയവിനിമയം നടത്തുക.

നല്ല ഭക്ഷണരീതി- നല്ല ഭക്ഷണരീതിയുണ്ടാക്കുക. സമീകൃതാഹാരം കഴിക്കുക. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.