ണ്ട് വയോധികരെ ബാധിച്ചിരുന്ന ഹൃദ്രോ​ഗം ഇന്ന് ചെറുപ്പക്കാരിലേക്കും എത്തിയിരിക്കുന്നു. അതിനുള്ള കാരണങ്ങൾ തേടുന്ന ​ഗവേഷകർ പ്രധാനമായി ചെന്നെത്തി നിൽക്കുന്ന ആപത്ഘടകമുണ്ട്; കൊളസ്ട്രോൾ. തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ഹാർട്ട് അറ്റാക്കുമായി പ്രവേശിപ്പിക്കപ്പെട്ട മുപ്പതുവയസ്സിന് താഴെയുള്ള ചെറുപ്പക്കാരെ ആസ്പദമാക്കി നടത്തിയ പഠനഫലം കൊളസ്ട്രോളിന്റെ അപകടം വ്യക്തമാക്കുന്നുണ്ട്. ഹാർട്ട് അറ്റാക്കുമായി തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിക്കപ്പെട്ടവരിൽഏറ്റവും പ്രധാനഘടകമായി കണ്ടെത്തിയ ആപത്ഘടകം(88.3 ശതമാനം) വർധിച്ച കൊളസ്ട്രോളായിരുന്നു. 

കൊഴുപ്പ് മൂന്നുതരം

കൊഴുപ്പിനെ മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകൾ, പൂരിതകൊഴുപ്പുകൾ, ട്രാൻസ്ഫാറ്റുകൾ. ഇതിൽ ബഹു, ഏക അപൂരിത കൊഴുപ്പുകൾ അപകടകാരികളല്ല. എന്നാൽ പൂരിത കൊഴുപ്പുകൾ അപകടകാരികളാകുന്നു. ഇതിൽ ഏറ്റവും അപകടകാരി ട്രാൻസ്ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും അധികമാണ്. 

ശരീരത്തിൽ ഫാറ്റി അമ്ലങ്ങൾ, ഫോസ്ഫോലിപ്പുകൾ തുടങ്ങി നിരവധി കൊഴുപ്പുകണികകളുണ്ട്. അതിൽ പ്രമുഖനാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിന് തനിയെ രക്തത്തിലൂടെ സഞ്ചരിക്കാൻ സാധിക്കാത്തതുകൊണ്ട് സവിശേഷതരം പ്രോട്ടീൻ ഘടകങ്ങളെ കൂട്ടുപിടിക്കും. അവയാണ് ലിപ്പോ പ്രോട്ടീനുകൾ. സാന്ദ്രത കുറഞ്ഞതും കൂടിയതുമായ ലിപ്പോ പ്രോട്ടീനുകളുണ്ട്. 

സാന്ദ്രത കൂടിയ എച്ച്.ഡി.എൽ. കൊളസ്ട്രോൾ നല്ലതാണ്. കാരണം ധമനികളിലും കോശങ്ങളിലും അധികമായുള്ള കൊഴുപ്പുകണങ്ങളെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെനിന്ന് അവ ഉൻമൂലനം ചെയ്യപ്പെടുകയും ചെയ്യുന്നു. എച്ച്.ഡി.എൽ. കൊളസ്ട്രോൾ അധികമുണ്ടെങ്കിൽ അത് ഹൃദയാരോ​ഗ്യത്തെ അനുകൂലമായി ബാധിക്കും. ഹൃദയ ധമനികളിലുണ്ടാകുന്ന ജരിതാവസ്ഥയെ തടയുകയാണത് ചെയ്യുന്നത്. 

സാന്ദ്രത കുറഞ്ഞ എൽ.ഡി.എൽ. കൊളസ്ട്രോളാണ് വില്ലൻ. ധമനികളിൽ പൊതുവായും ഹൃദയത്തിലെ കൊറോണറി ധമനികളിൽ പ്രത്യേകിച്ചും ബ്ലോക്കുകളുണ്ടാകുന്നതിന്റെ മുഖ്യകാരണമായി ഇവ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നു. 

കൊളസ്ട്രോൾ ആവശ്യമാണ്, പക്ഷേ

വില്ലനായി മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ഏറെ ഉപകാരപ്രദമായ ഘടകമാണെന്നുകൂടി ഓർമ്മിക്കണം. ജീവപ്രധാനമായ ഹോർമോണുകളുടെ ഉത്പാദനം, കോശനിർമ്മിതി, മസ്തിഷ്കത്തിലെ കോശങ്ങളുടെ പ്രവർത്തനം, കോശങ്ങളിലെ ജലാംശത്തിന്റെ സംരക്ഷകൻ ഇങ്ങനെ നിരവധി സദ്കർമ്മങ്ങൾക്ക് അത് അവിഭാജ്യ ഘടകം തന്നെ. എന്നാൽ അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ അളവ് ക്രമാതീതമാകുമ്പോഴാണ് പ്രശ്നം ​ഗുരുതരമാകുന്നത്. 

മെഴുകുപോലുള്ള ഈ പദാർഥത്തെ അവലംബിച്ചുകൊണ്ടുള്ള ​ഗവേഷണങ്ങൾ നേടിയെടുത്തത് പതിനെട്ടിൽ പരം ​നോബൽ സമ്മാനങ്ങളാണ്. എന്നിട്ടും തീർന്നില്ല ദുരൂഹതകളും അവ്യക്തതകളും. ഇത്രമാത്രം ​ഗവേഷണ വിധേയമായ മറ്റൊരു സമസ്യ വെെദ്യശാസ്ത്രത്തിലുണ്ടോയെന്നറിയില്ല. 

​ഗവേഷണങ്ങൾ പറയുന്നത്

നിരവധി വെെദ്യശാസ്ത്ര സംഘടനകൾ ​ഗവേഷണനിരീക്ഷണങ്ങൾ നടത്തി, ഹൃദയത്തിന്റെ വില്ലനായ കൊളസ്ട്രോളിനെ തളയ്ക്കുന്നതിന് നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവായ കൊളസ്ട്രോളും എൽ.ഡി.എൽ. കൊളസ്ട്രോളും ട്രെെ​ഗ്ലിസറെെഡുകളും കുറച്ച് നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ. കൂടിയുമിരുന്നാൽ ഹൃദയസുരക്ഷ ഉറപ്പുവരുത്താം. മറിച്ചായാൽ അപകടനില വർധിക്കുന്നു. പ്രധാനമായി എല്ലാ മാർ​ഗനിർദേശങ്ങളും എൽ.ഡി.എൽ. കുറയ്ക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്. എൽ.ഡി.എൽ. ഒരുശതമാനം കൂടുമ്പോൾ ഹൃദ്രോ​ഗസാധ്യത മൂന്ന് ശതമാനം വർധിക്കുകയാണ്. എൽ.ഡി.എൽ. എത്രമാത്രം കുറയ്ക്കണം എന്നതിനെക്കുറിച്ച് പല അവ്യക്തതകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

എന്നാൽ അമേരിക്കൽ കോളേജ് ഓഫ് കാർഡിയോളജി, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, യൂറോപ്യൻ സൊസെെറ്റി ഓഫ് കാർഡിയോളജി, കാർഡിയോളജിക്കൽ സൊസെെറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ പ്രാഥമിക പ്രതിരോധത്തിനും എൽ.ഡി.എൽ. കുറയ്ക്കേണ്ട അളവുകോലുകൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാവരിലും തീർച്ചയായും കർശനമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങൾ തന്നെ ആദ്യപടി. അമിതവണ്ണം കുറച്ചും കൃത്യമായി വ്യായാമം ചെയ്തും കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കുറച്ചും നല്ലൊരു പരിധി വരെ കൊളസ്ട്രോൾ കുറയ്ക്കാം. അതോടൊപ്പം കൊളസ്ട്രോൾ ഉപഘടകങ്ങളുടെ തീവ്രത അനുസരിച്ചാണ് മരുന്നുകൾ തിരഞ്ഞെടുക്കേണ്ടത്. 

എൽ.ഡി.എൽ. എത്ര കുറയ്ക്കണം?

പൊതുവേ പറയുകയാണെങ്കിൽ, ഹാർട്ടറ്റാക്കുണ്ടായവർ, ആൻജിയോപ്ലാസ്റ്റിയോ, ബെെപ്പാസ് സർജറിയോ ചെയ്തവർ, അച്ഛനോ അമ്മയ്ക്കോ 55 വയസ്സിൽ താഴെ ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുള്ളവർ എൽ.ഡി.എൽ. കൊളസ്ട്രോൾ 55 mg/dL ൽ കുറയ്ക്കണം. 

ഹാർട്ടറ്റാക്കുണ്ടാകാതെ നെഞ്ചുവേദനയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, പ്രമേഹരോ​ഗികൾ, വൃക്കരോ​ഗികൾ എൽ.ഡി.എൽ. 70 mg/dL ൽ താഴെ കൊണ്ടുവരണം. 

മൂന്നാമത്തെ ​ഗ്രൂപ്പിൽപ്പെട്ടവർ ഒന്നോ അതിൽ കൂടുതലോ അപകടഘടകങ്ങളുള്ളവരാണ്. അവരുടെ എൽ.ഡി.എൽ. 100 mg/dL ൽ താഴെയാവണം. 

എൽ.ഡി.എൽ. എത്രമാത്രം കുറഞ്ഞിരിക്കുന്നുവോ അത്രമാത്രം ഹൃദ്രോ​ഗസാധ്യത കുറയുമെന്നതാണ് പല നൂതന പഠനങ്ങളും വെളിപ്പെടുത്തുന്ന വസ്തുത. എൽ.ഡി.എൽ. 130 mg/dL ൽ നിന്ന് 38 mg/dL ആയാൽ ഹൃദ്രോ​ഗ സാധ്യത 22 ശതമാനം കുറയ്ക്കാമെന്ന് കൊളസ്ട്രോൾ ട്രീറ്റ്മെന്റ് ട്രയലിസ്റ്റ് കൊളാബറേഷൻ പറയുന്നു. എൽ.ഡി.എൽ. 100 mg/dL ഉള്ള ഒരാൾ അത് 60 mg/dL ആക്കിയാൽ ഹൃദ്രോ​ഗസാധ്യത 31 ശതമാനം കുറയ്ക്കാം. ഇനി 70 mg/dL ൽ നിന്ന് 42 mg/dL ആക്കിയാൽ ഹാർട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത 23 ശതമാനം വീണ്ടും കുറയും. 

'ലോവർ ദി ബെറ്റർ' എന്ന തത്ത്വമാണ് പല ​ഗവേഷകരും ഇപ്പോൾ ഊന്നിപ്പറയുന്നത്. ഇങ്ങനെ കുറയ്ക്കുന്നതുകൊണ്ട് ശാരീരിക, ബൗദ്ധിക-ഓർമശക്തികളിൽ തകരാറുകളുണ്ടാവുകയില്ലെന്ന് ​ഗവേഷകർ വാദിക്കുന്നു. 

കൊളസ്ട്രോൾ അളവുകൾ സമുചിതമായി കുറയ്ക്കാൻ ഭക്ഷണക്രമീകരണങ്ങൾക്കൊപ്പം സ്റ്റാറ്റിൻ മരുന്നുകൾ അ​ദ്ഭുതം സൃഷ്ടിക്കുകയാണ്. പോരെങ്കിൽ അതോടൊപ്പം എസറ്റമെെബ് എന്ന മരുന്നും കൂട്ടാം. ഇനി അതും പോലെങ്കിൽ ‍ഇപ്പോൾ പി.സി.എസ്.കെ. ഒമ്പത്- ഇൻഹിബിറ്റർ മരുന്നും വിപണിയിലെത്തിയിരിക്കുന്നു. അവ ആവശ്യാനുസരണം ഉപയോ​ഗിക്കുന്നതും ​ഗുണകരമാണ്. 

സുരക്ഷിത നിലകൾ

  • ആകെ കൊളസ്ട്രോൾ 200 ൽ താഴെയാണെങ്കിൽ 
  • എൽ.ഡി.എൽ.കൊളസ്ട്രോൾ 100 ൽ താഴെയാണെങ്കിൽ
  • എച്ച്.ഡി.എൽ. കൊളസ്ട്രോൾ 60 ൽ കൂടുതൽ ആണെങ്കിൽ
  • ട്രെെ​ഗ്ലിസറെെഡ് അളവ് 150 ൽ താഴെയാണെങ്കിൽ

(എറണാകുളം ലൂർദ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റാണ് ലേഖകൻ)

മാതൃഭൂമി ആരോ​ഗ്യമാസിക വാങ്ങാം

Content Highlights: Cholesterol: Good or Bad, Health, Heart Health