ന്യൂഡൽഹി: അക്ഷരങ്ങളെയും അറിവിനെയും ഒരേപോലെ നെഞ്ചിലേറ്റിയ ആ അച്ഛനും മകനും ഒടുവിൽ ചരിത്രനേട്ടം സ്വന്തമാക്കി. പ്രായം വെറും അക്കമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച കവി ജെ.കെ.എസ്. വീട്ടൂരും (ഡോ. ജീമോൻ കെ. സാം) മകൻ ഡോ. പ്രിൻസ് കെ. സാമും ഒരുമിച്ചുയർത്തിയത് കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ ഇച്ഛാശക്തിയുടെയും വിജയഗാഥ. ഷഷ്ഠി പൂർത്തിക്ക് പിന്നാലെ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഡോ. ജീമോൻ ഫിസിയോളജിയിലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ നിന്ന് ഡോ. പ്രിൻസ് കമ്യൂണിറ്റി മെഡിസിനിലും എം.ഡി. ബിരുദങ്ങൾ പൂർത്തിയാക്കി. പഠനകാലത്ത് ഡോ. ജീമോന് സിലബസ്സിൽ പഠിക്കാനുണ്ടായിരുന്നത് എസൻസ് ഓഫ് ഹ്യൂമൺ ഫിസിയോളജി എന്ന തന്റെ തന്നെ പുസ്തകവും.

To advertise here,

വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി അക്ഷരങ്ങളുടെയും സ്റ്റെതസ്‌കോപ്പിന്റെയും ലോകത്തേക്ക് കണ്ണുതുറന്ന മകനും, 57-ാം വയസ്സിൽ പ്രവേശന പരീക്ഷയെഴുതി വീണ്ടും വിദ്യാർഥിയായ അച്ഛനും ഒരേ സമയം പഠിച്ചിറങ്ങിയത് മെഡിക്കൽ രംഗത്ത് അപൂർവം. എം.ബി.ബി.എസ്. പലരും ഇങ്ങനെ നേടിയിട്ടുണ്ടെങ്കിലും എം.ഡി. സ്വന്തമാക്കുന്നത് അപൂർവം. ഡോ. പ്രിൻസിന്റെ കാര്യത്തിലാകട്ടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിക്കുമ്പോൾ തന്റെ ഫിസിയോളജി അധ്യാപകൻ കൂടിയായിരുന്നു അച്ഛൻ.

പ്രവേശന പരീക്ഷയെഴുതാനുള്ള പ്രായപരിധി 2022-ൽ 45 വയസ്സിൽ നിന്ന് ഉയർത്തിയതാണ് ഡോ. ജീമോന് അനുഗ്രഹമായത്. പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങിയ കോലഞ്ചേരി മെഡിക്കൽ കോളേജിലെ അധ്യാപകൻ അങ്ങിനെ 2023-ൽ തിരുവനന്തപുരത്ത് എം.ഡി.ക്ക് ചേർന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ 1983-88 ബാച്ചിലെ എം.ബി.ബി.എസ്സുകാരൻ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും വിദ്യാർഥിയായി. അച്ഛന്റെ ശിഷ്യനായി കോലഞ്ചേരിയിൽ എം.ബി.ബി.എസ്സിന് പഠിച്ച മകൻ പുഷ്പഗിരിയിൽ എം.ഡി.ക്ക് ചേർന്നു.

മൂവാറ്റുപുഴയ്ക്കു സമീപം വീട്ടൂർ സ്വദേശിയായ ഡോ. ജീമോൻ, ജെ.കെ.എസ്. വീട്ടൂർ എന്ന പേരിൽ എട്ടു കവിതാസമാഹാരവും നാല് കഥാസമാഹാരവും ഒരു മഹാകാവ്യവും ഉൾപ്പെടെ 16 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങളും നേടി. മരം ഒരു വരം എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചില കവിതകൾ സ്‌കൂൾ വിദ്യാർഥികൾക്കുള്ള മലയാള പാഠാവലിയിലും ഉൾപ്പെട്ടു. ഇപ്പോൾ സ്പന്ദനങ്ങൾ എന്ന നോവലും ഗാന്ധിയെ ആസ്പദമാക്കി സത്യമേവ ജയതേ എന്ന മഹാകാവ്യവും പുറത്തിറക്കാനിരിക്കയാണ്.

തന്റെ നേട്ടത്തിൽ ഡോ. ജീമോൻ കെ. സാം പ്രതികരിച്ചത് വികാരാധീനനായാണ്: 'ഇപ്പോഴത്തെ ചോദ്യപ്പേപ്പർ പ്രായോഗികാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഓരോ രോഗിയെയും ചികിത്സിക്കുന്നതെങ്ങനെയെന്നത്. ഇത്ര വർഷത്തെ പരിചയമുള്ളതിനാൽ അതൊക്കെ എളുപ്പത്തിൽ എഴുതാൻ പറ്റി. പിന്നെ എന്റെ തന്നെ പുസ്തകം എന്നെ തന്നെ പഠിപ്പിക്കുമ്പോൾ അധ്യാപകർക്ക് അതൊരു കൗതുകവുമായിരുന്നു. സ്വന്തം മകൻ മറ്റൊരു മെഡിക്കൽ കോളജിൽ നിന്ന് എന്നോടൊപ്പം എം.ഡി നേടി എന്ന അറിവ് തരുന്ന ആനന്ദവും പറഞ്ഞറിയിക്കാൻ കഴിയില്ല.'

ഗുരുനാഥൻ കൂടിയായ അച്ഛനൊപ്പം നേട്ടം പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷം ഡോ. പ്രിൻസും പങ്കുവെച്ചു: 'അച്ഛൻ എം.ബി.ബി.എസ്. പഠിച്ചിറങ്ങിയപ്പോൾ സാമ്പത്തിക സാഹചര്യം കാരണം എം.ഡി.ക്ക് ചേരാൻ കഴിഞ്ഞിരുന്നില്ല. തോൽക്കാൻ മനസ്സില്ലാത്ത അച്ഛന്റെ ഇച്ഛാശക്തിയുടെ തണലിലാണ് ഞാൻ വളർന്നത്. അച്ഛന്റെ കൂടെ ഈ ബിരുദം ഏറ്റുവാങ്ങാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ വലിയ പുരസ്‌കാരം'. ലണ്ടനിൽ സൈക്യാട്രിസ്റ്റായ ഡോ. ജോജി കുര്യാക്കോസ് ഡോ. ജീമോന്റെ ഇളയ സഹോദരനാണ്. പഠനകാലത്തും സാഹിത്യ-പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കേരള യൂണിവേഴ്സിറ്റിയിലെ പഴയ ഓൾറൗണ്ടർ ജേതാവ് ഡോ. ജീമോൻ ഇനി രോഗീപരിചരണത്തോടൊപ്പം തന്റെ കാവ്യജീവിതത്തിലേക്കും തിരികെ നടക്കും.