വർക്കൗട്ട് ചെയ്യുന്നതിനിടെയും ക്രിക്കറ്റ് കളിക്കിടെയും മാരത്തൺ ഓട്ടത്തിനിടെയുമൊക്കെ ആളുകൾ ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ് മരിക്കുന്ന വാർത്തകൾ നിരവധി പുറത്തുവരാറുണ്ട്. ശരീരത്തിന് താങ്ങാവുന്നതിനും അപ്പുറം സമ്മർദമെടുക്കുന്നതാണ് പലപ്പോഴും മരണകാരണമാകാറുള്ളത്. മൂന്നുവർഷം മുമ്പ് ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങൾ അരങ്ങേറിയ വേദി വൈകാതെ ദുരന്തഭൂമിക്ക് സമാനമായി മാറിയ വാർത്ത പുറത്തുവന്നിരുന്നു. ദുർഗാദേവിയെ പ്രീതിപ്പെടുത്താൻ മതിമറന്ന് ഗർബ നൃത്തം ചെയ്യുന്നതിനിടെ ചെറുപ്പക്കാരും മധ്യവയസ്കരുമുൾപ്പെടെ നിരവധിപേർ ഹൃദയാഘാതത്താൽ മരിക്കുകയായിരുന്നു. മറ്റൊരു നവരാത്രിക്കാലം കൂടി വന്നിരിക്കേ ആരോഗ്യം കാത്ത് ഗർഭ നൃത്തം ചെയ്യേണ്ടതിനേക്കുറിച്ചും ചർച്ചയാവേണ്ടതുണ്ട്. ഗർബ നൃത്തത്തിനിടെയുള്ള ഹൃദയാഘാതമരണങ്ങൾക്കു കാരണമാകുന്നത് ഓവർ ട്രെയിനിങ് സിൻഡ്രോം എന്ന അവസ്ഥയാകാമെന്നു പറയുകയാണ് എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോർജ് തയ്യിൽ.
പ്രായഭേദമന്യേ മണിക്കൂറുകളോളം വിശ്രമമില്ലാതെ അടഞ്ഞ പ്രദേശങ്ങളിൽ ചെയ്യുന്ന രീതിയാണ് ഗർബ നൃത്തത്തിന്റേത്. ഓവർ എക്സേർഷൻ അഥവാ മാനസികവും ശാരീരികവുമായുള്ള കഠിനമായ അധ്വാനമാണ് ഇവിടെ നടക്കുന്നത്, അതിനാൽതന്നെ ശരീരം തളരുന്നു. ഓവർ എക്സേർഷൻ മൂലം മരണപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടൻ പുനീത് രാജ്കുമാറിന്റേത്. യാതൊരു അസുഖങ്ങളുമില്ലായിരുന്നുവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള, പുനീത് ജിമ്മിൽ അമിതമായി വ്യായാമം ചെയ്യുന്നതിനിടെ കാർഡിയാക് അറസ്റ്റ് സംഭവിച്ച് മരണപ്പെടുകയായിരുന്നു. ഓവർ ട്രെയിനിങ് സിൻഡ്രോം എന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു കാരണം. ആരോഗ്യമുള്ള മറ്റ് അസുഖങ്ങളൊന്നുമില്ലാത്തവർ ആണെങ്കിലും ശരീരത്തിന്റെ ത്രാണിക്കപ്പുറം അതിനെ സമ്മർദത്തിലാക്കുന്നത് വിപരീതഫലമുണ്ടാക്കും.
ഇന്ത്യയിൽ പകുതിയിലേറെയും ബി.പി., പ്രമേഹം തുടങ്ങിയവ ഉള്ളവരാണെങ്കിലും അതു സംബന്ധിച്ച പരിശോധനകളൊന്നും നടത്താതെ ഇത്തരം കഠിനമായ ശാരീരിക പ്രവർത്തനങ്ങളിലേക്ക് പോകുന്നതും ദോഷംചെയ്യുമെന്ന് ഡോക്ടർ പറയുന്നു. ജീവിതശൈലീരോഗങ്ങൾക്കു പുറമെ പലർക്കും അമിതവണ്ണവമുണ്ട്. ഇത്തരക്കാർ യാതൊരു ചെക്കപ്പും ചെയ്യാതെ ശരീരത്തിന് കഴിയാവുന്നതിലപ്പുറം വിശ്രമമില്ലാതെ വലിച്ചിഴയ്ക്കുകയാണ്. അതിനിടയിലാണ് മോഹാലസ്യപ്പെട്ടു വീഴുകയും മറ്റും ചെയ്യുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗ സാധ്യതയുള്ളവരാണെങ്കിൽ സ്ഥിതി വഷളാവുകയാണ് ചെയ്യുക. അമിതമായി ബി.പി. കൂടിയും സ്ട്രോക്ക് വന്നുമൊക്കെ മരണം സംഭവിക്കാം.
ഹൃദയാഘാതം പ്രതിരോധിക്കാൻ ഏതുപ്രായത്തിൽ പരിശോധന തുടങ്ങണം?, സമ്മർദം കരുതുന്നതിനേക്കാൾ അപകടകാരി
വിശ്രമം അനിവാര്യം
എന്തുതരം വ്യായാമമായാലും വിശ്രമം അനിവാര്യമാണെന്നും അല്ലാത്തപക്ഷം ശരീരം കൈവിട്ടുപോകുമെന്നും അദ്ദേഹം പറയുന്നു. റിക്കവറി പീരിയഡ് ഇല്ലാതെ വ്യായാമം നീണ്ടുപോകുന്നത് വലിയ ദോഷം ചെയ്യും. വ്യായാമത്തിന് മുമ്പ് വാംഅപ്പും ശേഷം റിക്കവറി പീരിയഡും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നൃത്തമോ ഓട്ടമോ മാരത്തണോ ആയിക്കൊള്ളട്ടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. അതില്ലാതെ നീണ്ടുപോകുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഓവർ ട്രെയിനിങ് സിൻഡ്രോം ഉള്ളവരിൽ സ്ട്രെസ്സ് ഹോർമോൺ കുമിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. അഡ്രിനാലിൻ, എപിനെഫ്രിൻ, കോർട്ടിസോൾ തുടങ്ങിയവ കുമിഞ്ഞുകൂടി രക്തക്കുഴലുകളെ ചുരുക്കി, രക്തസഞ്ചാരം കുറയ്ക്കുന്നു, കൂടാതെ ബി.പി. കൂടുകയും നെഞ്ചിടിപ്പ് കൂടുകയുമൊക്കെ ചെയ്യുന്നു. അരോഗ്യദൃഢഗാത്രർക്ക് പോലും പെട്ടെന്ന് ഹൃദയസ്തംഭനം വരാൻ ഇവ കാരണമാകാം.
സ്ട്രെസ്സ് ഹോർമോൺ കുമിഞ്ഞുകൂടുന്നത്, അമിതമായ വ്യായാമം, നിർജലീകരണം തുടങ്ങിയവയാണ് ഇത്തരം സാഹചര്യങ്ങളിൽ ഹൃദയാഘാതങ്ങൾ കൂടുന്നതിനു പിന്നിലെന്നും ഡോ. ജോർജ് തയ്യിൽ പറയുന്നു. മാത്രമവുമല്ല, പ്രായംകൂടിയവരിൽ പലരിലും തിരിച്ചറിയപ്പെടാതെ കിടക്കുന്ന പല രോഗങ്ങളുമുണ്ടാകാം. അത്തരക്കാർ പെട്ടെന്ന് അമിതമായ കഠിനമായ ശാരീരികപ്രവർത്തനത്തിൽ ഏർപ്പെടുന്നതും പ്രശ്നമാകും. ഇതിനിടയിൽ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ ശരീരത്തിന് നിർജലീകരണം സംഭവിച്ചാൽ രക്തക്കുഴലുകൾ ചുരുങ്ങി രക്തം കട്ടിയായി രക്തം കട്ട പിടിക്കുകയാണു ചെയ്യുന്നത്. രാത്രികളിൽ ഹൃദയാഘാതം കൂടുന്നതിനു പിന്നിലും ഇതാണ്. രാത്രി വെള്ളം കുടിക്കുന്നതു കുറയുന്നതുകൊണ്ട് രക്തം കട്ടയാവുന്നു. അതുകൊണ്ടാണ് ധാരാളം വെള്ളം കുടിക്കണം എന്നുപറയുന്നത്.
സി.പി.ആർ. പ്രധാനം
ആളുകൾ കൂടുന്ന സാഹചര്യങ്ങളിൽ സി.പി.ആർ. ചെയ്യാൻ പരിശീലനമുള്ളവരും ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതും പ്രധാനമാണ്. വിദേശരാജ്യങ്ങളിലെല്ലാം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി ആളുകൾ കൂടുന്നയിടങ്ങളിൽ എ.ഇ.ഡി.(Automated External Defibrillator) സ്ഥാപിച്ചിട്ടുണ്ട്. ഹൃദയസ്തംഭനം പോലുള്ള അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കാനാണിത്. എന്നാൽ, ഇതുപയോഗിക്കാൻ അറിവുള്ളവർ മാത്രമേ ഉപയോഗിക്കാവൂ.
ഡിഫിബ്രിലേറ്റർ കൃത്യമായി ഉപയോഗിക്കാൻ ധാരണയുള്ളവർ മാത്രമേ ഉപയോഗിക്കാവൂ. അതുപോലെതന്നെ ആളുകൾ കൂടുന്നയിടങ്ങളിൽ അത്യാഹിതം ഉണ്ടാകാമെന്നും അത്തരം ഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യം ലഭ്യമാകുമെന്നും ഉറപ്പാക്കണം. ഒപ്പം ഇ.സി.ജി. എടുക്കാനും ഡോക്ടർക്ക് ടെലിമെട്രിയിലൂടെ കൈമാറാനുമൊക്കെയുള്ള അഭ്യസ്തവിദ്യരായവരും ഉണ്ടായിരിക്കണം. ഇതുകൂടാതെ ബേസിക് ലൈഫ് സപ്പോർട്ട് അഥവാ കൃത്രിമശ്വാസോച്ഛ്വാസവും സി.പി.ആറും നൽകാൻ ധാരണയുണ്ടായിരിക്കുക എന്നതും പ്രധാനമാണ്. ഇത്തരം അടിയന്തിരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാർഗങ്ങളേക്കുറിച്ച് നേരത്തേ തിരിച്ചറിയാൻ ശ്രമിക്കാതെ എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണരുന്ന ജനതയായി രാജ്യം മാറുകയാണെന്നും അദ്ദേഹം പറയുന്നു.
സി.പി.ആർ. ചെയ്യുംവിധം
ഹൃദയാഘാതം വന്ന് മിടിപ്പ് താണുപോകുന്നവർക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദം ഏല്പിക്കുന്ന പ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷയാണ് ‘ഹൃദയശ്വസന പുനരുജ്ജീവനം’ അഥവാ ‘കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ’ (സി.പി.ആർ.). ഹൃദയസ്തംഭനത്താൽ ഒരാൾ ബോധംകെട്ടു വീഴുന്നസമയത്ത് രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്നു പരിശോധിക്കണം. പത്ത് സെക്കൻഡിനുള്ളിൽ വയറും നെഞ്ചും ചലിക്കുന്നില്ലെങ്കിൽ ഹൃദയസ്തംഭനം സംഭവിച്ചതായി കരുതി ഉടൻ സി.പി.ആർ. നൽകാൻ തുടങ്ങണം.മർദം നൽകാൻ പോകുന്നയാൾ മുട്ടുകുത്തിയിരിക്കുക.
നെഞ്ചിൽ മുലക്കണ്ണുകൾ മുട്ടുന്ന തരത്തിൽ ഒരു വരയും മൂക്കിന്റെ താഴേക്ക് മറ്റൊരു നേർരേഖയും വരച്ചാൽ വരച്ചാൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് സി.പി.ആർ നൽകേണ്ടത്.
നെഞ്ചിൽ കൈപ്പത്തിയുടെ അടിഭാഗം അമർത്തിയ ശേഷം മറ്റേ കൈ അതിന് മേലെ വിരലുകൾകൊണ്ട് പിണച്ചുവെക്കുക. കൈമുട്ട് മടങ്ങാത്ത രീതിയിൽ ശക്തിയായി അമർത്തിക്കൊണ്ടിരിക്കണം. അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിലായിരിക്കണം മർദം നൽകേണ്ടത്. ഒരു മിനിറ്റിൽ 100 തവണയെങ്കിലും ഇങ്ങനെ മർദം നൽകണം. ബോധം നഷ്ടപ്പെട്ടയാൾ കണ്ണു തുറന്ന് സംസാരിക്കുന്നത് വരെയോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നത് വരെയോ ഇത് തുടരുകയും എത്രയുംവേഗം അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുക.
Content Highlights: Exploring the link between heart attack incidents during garba dance and overtraining syndrome, highlighting the importance of rest and health checks.
Published: 17 Oct 2026, 01:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented