രാവിലെ എയർപോട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കാറിൽ ഓൺ ചെയ്തുവെച്ച മഞ്ചേരി എം.എഫ് റേഡിയോ നിലയത്തിൽ നിന്നുള്ള പെൺകുട്ടി മധുരമായി മൊഴിയുന്നതു കേട്ടു. ഇന്ന് ലോക ഗർഭ നിരോധന ദിനം. അത് കേട്ടപ്പോൾ ഓർമയിൽ ഓടി വന്നത് അപ്പോൾ തന്നെ എഴുതണമെന്ന് തോന്നി. ഏതായാലും അരമണിക്കൂറോളം ദൂരം യാത്ര ചെയ്യാനുമുണ്ട്. 

To advertise here,

വർഷങ്ങൾക്കുമുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം. ഞാനും ഹോജയെന്നു വിളിക്കുന്ന നസറുദ്ദീനും ഗൈനക്കോളജി വാർഡ് പോസ്റ്റിംഗിലാണ്. ക്ലാസ്സിൽ കേസ് അവതരിപ്പിക്കാൻ വിശദമായ ക്ലിനിക്കൽ ഹിസ്റ്ററിയും പരിശോധനകളും നടത്തി എഴുതി റിപ്പോർട്ട് തയ്യാറാക്കണം. ഹോജയ്ക്കും എനിക്കും രോഗികളുടെ കഥകൾ കേൾക്കാനിഷ്ടമാണ്. ഞങ്ങൾ നോക്കിയപ്പോൾ വാർഡിൻ്റെ അങ്ങേയറ്റത്തെ ബെഡിൽ ഒരു സുന്ദരിയായ ചെറുപ്പക്കാരി കിടക്കുന്നു. അവളുടെ വിടർന്ന കണ്ണുകളിൽ നേരിയ ക്ഷീണം പടർന്നു കയറിയിരിക്കുന്നത് സൗന്ദര്യത്തിന് തെല്ലും മങ്ങലേല്പിച്ചിട്ടില്ല. റൗണ്ട്സിൻ്റെ സമയമായതുകൊണ്ട് ബൈസ്റ്റാൻഡേർസിനെയൊക്കെ പുറത്താക്കിയിരിക്കുകയാണ്. ഞങ്ങൾ ആ പതിനെട്ടുകാരിയുടെ അടുത്തു ചെന്നു ചോദ്യങ്ങളാരംഭിച്ചു. അവൾക്കും ഞങ്ങൾക്കും ഏതാണ്ട് ഒരേ പ്രായം. സമപ്രായക്കാരിയുടെ പ്രശ്നം  പഠിക്കാൻ ഞങ്ങൾ രണ്ടു പേർക്കും ഒരേ തരത്തിലുള്ള ജിജ്ഞാസ വളർന്നു. സാധാരണ ഇത്തരം പ്രായത്തിലുള്ള രോഗികളിൽ കാണുന്ന സങ്കോചമേതുമില്ലാതെ അവൾ പറഞ്ഞു തുടങ്ങി “ജീവിതത്തിൽ പലതും സംഭവിക്കുന്നത് അപ്രതീക്ഷിതമാണല്ലോ. അയലത്തെ വീട്ടിലെ ചേട്ടൻ  എനിക്ക് ഫിസിക്സും മാത് സും സംശയങ്ങളൊക്കെ മാറ്റി തരാറുണ്ട്. അങ്ങനെ വീട്ടിൽ വന്നപ്പോൾ പറ്റിപ്പോയതാണ്. ആകെ മൂന്നു മിനിറ്റേ ഉണ്ടായിരുന്നുള്ളൂ. ഇത്രവേഗം ഇതിങ്ങനെയാവുമെന്ന് വിചാരിച്ചില്ല. മാസക്കുളി തെറ്റിയപ്പോൾ അമ്മയാണ് നാട്ടിലെ നാണിത്തള്ളയുടെ അടുത്തു കൊണ്ടു പോയത്. അവരു തന്ന മരുന്നു പുരട്ടിയ കമ്പ് ഉള്ളിൽ വെച്ചതാണ്. കുറച്ചു ദിവസത്തിനു ശേഷം വയറു വേദനയും പനിയും  കൂടിയപ്പോൾ രമേശൻ ഡോക്ടറെ കാട്ടി. അദ്ദേഹം അപ്പോൾ തന്നെ ഇങ്ങോട്ട് റെഫർ ചെയ്തു വിട്ടതാണ് “ അവൾ നിഷ്ക്കളങ്കമായി പറഞ്ഞു. 

ഞാൻ ബെഡിൽ കിടന്ന കേസ് ഷീറ്റ് എടുത്തു മറിച്ചു നോക്കി.  മകളുടെ ഗർഭം അലസിപ്പിക്കാൻ ആരുമറിയാതെ അമ്മ കൊണ്ടു പോയത് നാട്ടിലെ വ്യാജ വൈദ്യൻ്റെയടുത്താണ്. ഇല്ലീഗൽ അബോർഷൻ നടത്താൻ ശ്രമിച്ച് അത് കോംപ്ലിക്കേറ്റഡ് ആയി ഗർഭപാത്രത്തിൻ്റെ ഉള്ളിൽ പഴുപ്പ് നിറഞ്ഞിരിക്കുന്നു. സത്യത്തിൽ ഈ പെൺകുട്ടിയ്ക്ക് ഇപ്പോഴും അസുഖത്തിൻ്റെ ഗൗരവം മനസ്സിലായിട്ടില്ല. ആൻ്റിബയോട്ടിക്ക് ഇഞ്ചക്ക്ഷനുകൾ കൊടുക്കുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ അടുത്തു ചെന്ന് കുശലം പറഞ്ഞിറങ്ങുക ഞങ്ങളുടെ പതിവായി. അവളും ഞങ്ങളോട് വർത്തമാനം പറയാൻ കാത്തിരിക്കുന്ന പോലെ തോന്നി. ഒരു പക്ഷേ വാർഡിലുള്ള മറ്റു സ്ത്രീകൾ അവളെ കുത്തുവാക്കുകൾ പറഞ്ഞ് കളിയാക്കുമ്പോൾ ഞങ്ങളുടെ സമീപനം അവൾക്ക് സമാധാനം നൽകി കാണുമായിരിക്കും. ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച്  അവളുടെ ക്ഷീണം കൂടി വരുന്നതായി  തോന്നി. കേസ് ഷീറ്റ് മറിച്ചു നോക്കിയപ്പോൾ ഇൻഫക്ഷൻ നിയന്ത്രണ വിധേയമാകുന്ന സൂചനകളും കാണുന്നില്ല . അവളുടെ കണ്ണുകളിലെ തിളക്കം മങ്ങിത്തുടങ്ങിയത് ഞങ്ങളിൽ ഉത്ക്കണ്ഠ പരത്തി.

ഞായറാഴ്ച അവധി കഴിഞ്ഞ് അടുത്ത ദിവസം വാർഡിൽ പോയപ്പോൾ നമ്മുടെ രോഗിയെ കാണാനില്ല. വാർഡ് ഹെഡ് നഴ്സ് ഏലിയാമ്മ സിസ്റ്റർ പറഞ്ഞറിഞ്ഞു ആ പെൺകുട്ടിയെ എമർജൻസി സർജറിയ്ക്ക് കൊണ്ടു പോയെന്ന്. തീയേറ്ററിൽ നിന്നിറങ്ങി വന്ന സീനിയർ പി. ജി. ഡോക്ടറോട് ഞങ്ങൾ വിവരങ്ങൾ തിരക്കി.”ഷീ ഈസ് ഇൻ എ ബാഡ് കണ്ടീഷൻ . സെപ്സിസ് കോംപ്ലിക്കേറ്റിങ്ങ് ആയി . യുട്ടറസ് പെർഫെറേട്ടഡ്. നൗ ഹെവി ബ്ലീഡിംഗ്. ടേക്കൺ ഫോർ എമർജൻസി ലാപ്പറോട്ടമി.”

എന്നു വെച്ചാൽ അണുബാധ മൂർച്ഛിച്ചു ഗർഭപാത്രത്തിൽ തുള വീണു. അമിതമായ രക്തസ്രാവം സംഭവിച്ച് അവർ മരണത്തിൻ്റെ വക്കിലിലെത്തിക്കഴിഞ്ഞു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ്.

ഗർഭം ധരിക്കാനും പ്രസവിക്കാനും സ്ത്രീകൾക്ക് മാത്രം സാധിക്കുന്നതാണ്. മാനസികമായും ശാരീരികമായും ഗർഭിണിയാകാൻ തയ്യാറെടുത്തില്ലെങ്കിൽ ഗർഭനിരോധന മാർ​ഗങ്ങൾ അവലംബിക്കാവുന്നതാണ്. ഗർഭനിരോധനന ഉറകളും ഡയഫ്രങ്ങളും കോൺട്രാസെപ്റ്റീവ് ഹോർമോൺ ഗുളികളും ഇഞ്ചക്ക്ഷനുകളും കോപ്പർ ടി തുടങ്ങിയ ഇൻട്രാ യൂട്ടറൈൻ ഡിവൈസുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കാവുന്നതാണ്. ഇതൊക്കെ താൽക്കാലികമായി ഗർഭം നിരോധിക്കാനുള്ള മാർ​ഗങ്ങളാണ്. കുട്ടികൾ  ഉള്ള ദമ്പതിമാരിൽ പുരുഷന്മാർക്കുള്ള വാസക്ടമി സ്ത്രീകൾക്കുള്ള ട്യൂബക്ടമി മുതലായ സ്ഥായിയായ ഗർഭനിരോധന മാർഗങ്ങളുമുണ്ട്. നാല്പത് നാല്പത്തഞ്ച് വയസ്സുകഴിഞ്ഞ ഗർഭനിരോധന മാർ​ഗങ്ങൾ അവലംബിക്കാത്ത സ്ത്രീകൾ വളരെ വൈകി മാത്രം ഗർഭിണികളാണെന്ന് തിരിച്ചറിഞ്ഞ് പരിഭ്രാന്തരായി ആശുപത്രിയിലെത്തുന്നത് ഇപ്പോൾ പല തവണ കാണാറുണ്ട്. ഇവർ സ്വാഭാവികമായി മാസമുറ നിന്നതാണെന്ന ധാരണയിൽ ഗർഭിണിയായത് അറിയാതെ പോകുകയാണ്. വന്ധ്യംകരണ മാർ​ഗങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ള ഗർഭം തടയാവുന്നതേയുള്ളൂ. ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളില്ലാത്ത ലൈംഗിക ബന്ധം സ്വയം നിഷേധിക്കുന്നവരാണ് ഇത്തരം ദമ്പതിമാർ എന്നാണെൻ്റെ അഭിപ്രായം. 

ചില പ്രത്യേക സന്ദർഭങ്ങളിൽ ഗർഭം അലസിപ്പിക്കാൻ നിയമപരമായ അനുവാദമുണ്ട്. പുതിയ എം.ടി.പി. ആക്ട് പ്രകാരം പരമാവധി 24 ആഴ്ചവരെയുള്ള  ഗർഭച്ഛിദ്രം നടത്താൻ ഗൈനക്കോളജിസ്റ്റിന് അധികാരമുണ്ട്. ബലാത്സംഗത്തെ തുടർന്നു ഗർഭിണിയായത്, ഗർഭാവസ്ഥ അമ്മയുടെ ജീവൻ  അപകടത്തിലാക്കുന്നത്, ഗർഭാവസ്ഥയിലുള്ള കുഞ്ഞ്  കടുത്ത ശാരീരിക വൈകല്യത്തോടെ പിറക്കാനുള്ള സാധ്യത  തുടങ്ങിയ ഘട്ടങ്ങളിൽ നിയമപരമായി ഗർഭച്ഛിദ്രം നടത്താവുന്നതാണ്.

ഇവിടെ ഞങ്ങൾ പരിചയപ്പെട്ട ഈ പെൺകുട്ടി വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയുടെ ഇരയാണ്. തീയേറ്ററിൽ നിന്ന് ഐ.സിയുവിലേക്ക് മാറ്റിയ അവരുടെ കേസ് ഷീറ്റിൽ പ്രൊഫസർ  എഴുതി വെച്ച നോട്ട് കണ്ടു രക്തസ്രാവം നിയന്ത്രണാതീതമായതോടെ  ജീവൻ രക്ഷിക്കാനായി  അവളുടെ തുളഞ്ഞു പോയ ഗർഭപാത്രം നീക്കം ചെയ്യുന്നു. ജീവിതം പൂത്തു തളിർക്കും മുമ്പേ കരിഞ്ഞു പോയ ആ നിഷ്കളങ്ക ജന്മത്തെ ഞാൻ ഇപ്പോഴും ഓർക്കുന്നു‌‌.